ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി പ്രതികളുടെ മൊഴി; കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല; കാല്‍ വെട്ടാനായിരുന്നു ലക്ഷ്യം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി അറസ്റ്റിലായ പ്രതികളുടെ മൊഴി. പ്രതികളില്‍ നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചു.കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാല്‍ വെട്ടാനായിരുന്നു ലക്ഷ്യമെന്നും  പ്രതികള്‍ മൊഴി നല്‍കി. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചുപേരാണുള്ളതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റു പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

കൊലയാളി സംഘത്തില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരാണുള്ളത്. ഇവരെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു.പിടിയിലാകാനുള്ള രണ്ടു പേർ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളാണെന്നും പ്രതികള്‍ വെളിപ്പെടുത്തി.

കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കൊലപാതകികളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.

തില്ലങ്കേരി സ്വദേശികളായ എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് ഇന്നലെ സിപിഐഎം പ്രാദേശിക നേതാക്കൾക്കൊപ്പമെത്തി കീഴടങ്ങിയത്. ഇവരുടെ സുഹൃത്തു കൂടിയായ ശ്രീജിത്തും പൊലീസ് കസ്റ്റഡിയിലുണ്ട്. മൂവരും ആർഎസ്എസ് പ്രവർത്തകനായിരുന്ന വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. സിപിഐഎമ്മിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്ന സൈബർ ഗ്രൂപ്പിലെ അംഗം കൂടിയാണ് ആകാശ്. ഇവരുടെ അറസ്റ്റ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നു.

അതേസമയം യഥാര്‍ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് കെ. സുധാകരൻ ഇന്നുമുതൽ നിരാഹാരസമരം ആരംഭിക്കും. യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റിനു മുന്നിലെ അനിശ്ചിതകാല ഉപവാസസമരത്തിനും ഇന്നു തുടക്കമാകും. സെക്രട്ടേറിയറ്റിലേക്കു മാര്‍‌ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

You must be logged in to post a comment Login