ഷുഹൈബ് വധം: കെ സുധാകരന്റെ നിരാഹാര സമരം പിന്‍വലിക്കാന്‍ യുഡിഎഫ് നിര്‍ദേശം; മാര്‍ച്ച് 3ന് യുഡിഎഫ് രാപ്പകല്‍ സമരം നടത്തും

 

തിരുവനന്തപുരം: മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ഷുഹൈബിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ യുഡിഎഫ് നിർദേശം. ഇന്ന് ചേർന്ന അടിയന്തര യുഡിഎഫ് യോഗത്തിലാണ് നിർദേശം. നാളെ വൈകിട്ട് മൂന്ന് മണിക്ക് നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ഉമ്മൻചാണ്ടി, വയലാർ രവി തുടങ്ങിയ നേതാക്കൾ നാളെ സമരപന്തലിലെത്തും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് തീരുമാനിച്ചു.

കോടതിയിയിൽ പോകാതെ നീതി ലഭിക്കുമെന്ന്​ കരുതുന്നില്ല. നിരാഹാരം കിടക്കുന്നത്​ നീതി കിട്ടു​മെന്നോ സിബിഐ അന്വേഷണം പ്രഖ്യാപിക്കു​മെന്നോ കരുതിയല്ല. എൽഡിഎഫ്​ സർക്കാരിന്റെ യഥാർത്ഥ മുഖം തുറന്നു കാട്ടുന്നതിനാണ്​. സിപിഐഎം ജില്ലാ നേതൃത്വത്തിന്​ പങ്കുള്ളതുകൊണ്ടാണ്​ സിബിഐ അന്വേഷണത്തെ സർക്കാർ മടിക്കുന്നത്​. മടിയിലുള്ളവനല്ലേ കുനിയാൻ മടിക്കൂയെന്ന്​ പിണറായി പറയാറുണ്ട്​. ഇൗ  ചൊല്ല്​ ഇപ്പോൾ പിണറായിക്കാണ്​ ബാധകമാവുകയെന്നും സുധാകരന്‍ ചോദിച്ചു.

കേസിൽ ഗൂഢാലോചനക്ക്​ കേസ്​ ഇതുവരെ രജിസ്​റ്റർ ചെയ്​തിട്ടില്ല. പി.ജയരാജ​ന്റെ വീട്ടിൽ വളർന്ന ആകാശ്​ ഇങ്ങനൊരു കൃത്യം ചെയ്യു​മ്പോള്‍ അത്​ ജയരാജൻ അറിയാതെന്ന്​ പറയുന്നത്​ വിശ്വസനീയമല്ല. പൊലീസ്​ അന്വേഷണത്തിലും സ്വാധീനമുണ്ടായിട്ടുണ്ട്​ എന്നുവേണം കരുതാം. കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം ഇതുവരെ ലഭിച്ചിട്ടില്ല. തൊണ്ടി മുതൽ ഇല്ലാതെ കേസ്​ കോടതിയിൽ പോയാൽ അത്​ എങ്ങനെയാകുമെന്ന്​ സാധാരണകാർക്കുവരെ അറിയാം. പ്രതികൾ സഞ്ചരിച്ച വാഹനം പിടികൂടിയതും ജയരാജ​ന്റെ വീടിന്​ സമീപത്തുനിന്നാണ്​. ഇതെല്ലാം കേസിലെ ഗൗരവം വർധിപ്പിക്കുന്നു. ഷുഹൈബിനെ കൊല്ലിച്ചവനെ പുറത്തുകൊണ്ടുവരും. കൊന്നവരെയല്ല, കൊല്ലിച്ചവനെയാണ്​ ഷുഹൈബി​​ന്റെ കുടുംബത്തിനും വേണ്ടതെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.

സിബിഐ അന്വേഷണത്തിന് തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെനിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് യുഡിഎഫ് യോഗം ചേർന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് മൂന്നിന് സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്താനും യുഡിഎഫ് തീരുമാനിച്ചു.

നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്,​ സി.ആർ.മഹേഷ് എന്നിവർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചിരുന്നു.

You must be logged in to post a comment Login