ഷുഹൈബ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; വെട്ടിയത് രാഷ്ട്രീയ വൈരാഗ്യത്താല്‍

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ എവി ജോണ്‍ ആണ് മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 385 പേജുള്ള കുറ്റപത്രവും 8000ത്തോളം പേജുകളുള്ള അനുബന്ധ രേഖകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. സിപിഐഎം പ്രവര്‍ത്തകരായ 11 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കൊലയ്ക്ക് കാരണം സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷമെന്ന് കുറ്റപത്രത്തില്‍ പൊലീസ് വിശദീകരിക്കുന്നു.ഗൂഢാലോചനക്കേസില്‍ അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി. ഗൂഢാലോചനക്കേസില്‍ വിശദമായ അന്വേഷണം നടത്തി പിന്നീട് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

എന്നാല്‍ സിപിഎമ്മിന്റെ സമര്‍ദ്ദത്തെത്തുടര്‍ന്ന് കൃത്യമായ അന്വേഷണം നടത്താതെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചിരുന്നു.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ ആവശ്യമില്ലെന്നും കേരള പൊലീസിന് അന്വേഷണം തുടരാമെന്നും സുപ്രീംകോടതി കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണത്തിനുളള ഹൈക്കോടതി സ്റ്റേ നീക്കണമെന്ന പിതാവിന്റെ ആവശ്യം കോടതി അന്ന് തളളുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

എടയന്നൂരിലുണ്ടായ സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. നിലവില്‍ പതിനൊന്ന് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും ആയുധങ്ങളും കണ്ടെടുത്തിരുന്നു. പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെച്ചതിനാല്‍ ജില്ലാ കലക്ടറുടെ അനുമതിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

You must be logged in to post a comment Login