ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ ഷുഹൈബ് വധത്തെ ഉള്‍പെടുത്താനാകില്ല.

അതിനാല്‍ യുഎപിഎ വകുപ്പും കേസില്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഒരു വര്‍ഷം മുന്‍പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. കേസിലെ അന്വേഷണം പൂര്‍ത്തിയായി. ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണ്. അതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ വിജയ് ഹന്‍സാരികയാണ് ഹാജരായത്.

ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത എടയന്നൂരില്‍ ഷുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേയായിരുന്നു അക്രമം. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോരവാര്‍ന്നായിരുന്നു മരണം. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരം പ്രഖ്യാപിച്ചതോടെ ഷുഹൈബ് വധം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി. സുധാകരന്റെ സമരം തുടങ്ങുന്നതിനുമുമ്പ് ഏതാനും പ്രതികളെ പിടികൂടി.

You must be logged in to post a comment Login