ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം

 

ബോളിവുഡ് താരം അമിതാഭ് ബച്ചന് ജോധ്പൂരില്‍ ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. മുംബൈയില്‍ നിന്ന് ഡോക്ടര്‍മാരുടെ പ്രത്യേകസംഘം ജോധ്പൂരിലേക്ക് പുറപ്പെട്ടു. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അസ്വസ്ഥത അനുഭവപ്പെട്ടത്. ആശങ്കപ്പെടേണ്ടതില്ലെന്നും ഉടന്‍ ഷൂട്ടിങ്ങ് പുനഃരാരംഭിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

എന്നാല്‍, താന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് എഴുപത്തിയഞ്ചുകാരനായ ബച്ചന്‍ അറിയിച്ചു. എന്റെ ശരീരം വീണ്ടും സജ്ജമാക്കാനായി ഡോക്ടര്‍മാര്‍ എത്തുന്നുണ്ട്. അതുവരെ ഞാന്‍ വിശ്രമം എടുക്കുകയാണ്. എല്ലാ കാര്യങ്ങളും ഞാന്‍ അറിയിച്ചുകൊണ്ടിരിക്കാം-ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.

വെളുക്കും വരെ നീണ്ട ചിത്രീകരണം കാരണമാണ് താന്‍ അവശനായതെന്നും ബച്ചന്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ചിത്രീകരണം പുലര്‍ച്ചെ അഞ്ചു മണിക്കാണ് അവസാനിച്ചതെന്നും ബച്ചന്‍ സൂചിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂലിയുടെ ചിത്രീകരണസമയത്ത് ഉണ്ടായ പരിക്ക് കാരണം ഇപ്പോഴും കഴുത്തിനും തോളിനും വേദനയുണ്ടെന്നും ബച്ചന്‍ കുറിച്ചു.

You must be logged in to post a comment Login