ഷെറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ; വെസ്‌ലിയുടെ മൊഴിയില്‍ വീണ്ടും സംശയം

ടെക്‌സസ്: യുഎസിലെ വടക്കന്‍ ടെക്‌സസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ ബബിതാ കുമാരി. ഇതോടെ പിതാവ് വെസ്‌ലി മാത്യൂസിന്റെ മൊഴിയില്‍ പൊലീസിന് വീണ്ടും സംശയം ഉടലെടുത്തു. കുട്ടിക്ക് പോഷകക്കുറവുള്ളതിനാല്‍ ഇടയ്ക്കിടെ പാല്‍ നല്‍കാറുണ്ടെന്നാണ് പിതാവ് വെസ്‌ലി മാത്യൂസ് പൊലീസില്‍ മൊഴി നല്‍കിയിത്. സംഭവദിവസം പുലര്‍ച്ചെ മൂന്നിനു പാലു കുടിക്കാതിരുന്നതിനാല്‍ പുറത്തിറക്കി നിര്‍ത്തുകയും പിന്നീട് കാണാതാകുകയും ചെയ്തുവെന്നും വെസ്‌ലിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കുട്ടിക്ക് ഇത്തരത്തിലുള്ള യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന് അനാഥാലയ ഉടമ ബബിതാ കുമാരി പറഞ്ഞു. ദത്തെടുക്കാനെത്തിയപ്പോള്‍ ഇരുവര്‍ക്കും കുഞ്ഞിനോടു വലിയ സ്‌നേഹമായിരുന്നു. ഇവിടെ ആയിരുന്നപ്പോള്‍ പാലു കുടിക്കാനോ കഴിക്കാനോ അവള്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സ്ഥാപനം ഒന്നരമാസം മുന്‍പ് അടച്ചുപൂട്ടിയിരുന്നു.

ബിഹാറിലെ നളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍ നിന്നു രണ്ടുവര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയും ചെയ്തു.

ഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍ നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മൊഴി മാറ്റിയ വെസ്‌ലി, കുഞ്ഞിനെ ദേഹോപദ്രവം ഏല്‍പിച്ചതായി പൊലീസിനോടു സമ്മതിച്ചു. നിര്‍ബന്ധിച്ചു പാലു നല്‍കിയപ്പോള്‍ ശ്വാസതടസ്സമുണ്ടായ ഷെറിന്‍ മരിച്ചെന്നു കരുതി സ്ഥലത്തുനിന്നു മാറ്റിയെന്നും പിന്നീട് കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നുമായിരുന്നു മൊഴി. എന്നാല്‍ കുഞ്ഞിനു ശ്വാസതടസ്സമുണ്ടായപ്പോള്‍ നഴ്‌സായ സിനിയുടെ സഹായം തേടാത്തത് സംശയമുയര്‍ത്തുന്നുണ്ട്.

മൊഴികളിലെ വൈരുധ്യവും കുഞ്ഞിനെ ഉപദ്രവിച്ചു എന്ന കുറ്റസമ്മതവും മൂലം വെസ്‌ലിയെ വീണ്ടും അറസ്റ്റു ചെയ്ത് റിച്ചര്‍ഡ്‌സണ്‍ സിറ്റി ജയിലിലടച്ചിരിക്കുകയാണ്. സിനിയെ ചോദ്യംചെയ്യാന്‍ പൊലീസ് അനുമതി തേടിയെങ്കിലും അവര്‍ സഹകരിക്കുന്നില്ല. അതേസമയം, വെസ്‌ലിയുടെയും സിനിയുടെയും നാലു വയസ്സുള്ള സ്വന്തം മകള്‍ യുഎസ് നിയമപ്രകാരം ഇപ്പോള്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.

You must be logged in to post a comment Login