ഷെവര്‍ലെ ടവേര ഉല്‍പ്പാദനം പുനരാരംഭിച്ചു

മാസങ്ങള്‍ക്കു ശേഷം ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വിവിധോദ്ദേശ്യ വാഹന(എംപിവി)മായ ഷെവര്‍ലെ ടവേരയുടെ നിര്‍മാണം പുനഃരാരംഭിച്ചു. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ജൂലൈയില്‍ ജിഎം 1.14 ലക്ഷത്തോളം ഷെവര്‍ലെ ടവേര എംപിവികള്‍ തിരിച്ചുവിളിച്ചിരുന്നു.

പരിശോധനയ്ക്ക് ശേഷം മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് മൂന്ന്, ഭാരത് സ്‌റ്റേജ് നാല് നിലവാരം പുലര്‍ത്തുന്ന ടവേരകളുടെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്താനും കമ്പനി തീരുമാനിച്ചു. ഇതില്‍ ഭാരത് സ്‌റ്റേജ് മൂന്ന് നിലവാരം പുലര്‍ത്തുന്ന എന്‍ജിനുള്ളതും ഏഴ്, എട്ട്, ഒന്‍പത്, 10 സീറ്റ് ഉള്ളതുമായ ടവേരകളുടെ ഉല്‍പ്പാദനത്തിനാണു വീണ്ടും തുടക്കമായതെന്നു ജിഎം ഇന്ത്യ വൈസ് പ്രസിഡന്റ് പി. ബാലേന്ദ്രന്‍ അറിയിച്ചു.
Chevrolet_Tavera_India
ഭാരത് സ്‌റ്റേജ് നാല് നിലവാരമുള്ള എന്‍ജിന്റെ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും ആവശ്യമായ അംഗീകാരം നേടി വൈകാതെ ഈ എന്‍ജിനുള്ള ടവേരയുടെ നിര്‍മാണവും പുനഃരാരംഭിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് അപാകതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ടവേരയുടെ ബിഎസ് ത്രീ വകഭേദത്തിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും കഴിഞ്ഞ ജൂണ്‍ നാലു മുതലാണു ജിഎം താല്‍ക്കാലികമായി നിര്‍ത്തിയത്. ഇതേ കാരണങ്ങളാല്‍ ബി എസ് ഫോര്‍ എന്‍ജിനുള്ള ടവേരയുടെ നിര്‍മാണവും വില്‍പ്പനയും ജൂലൈ രണ്ടു മുതലും കമ്പനി നിര്‍ത്തിവച്ചിരുന്നു.

 

You must be logged in to post a comment Login