സംക്രമണത്തിന്റെ സൗകുമാര്യം

സൂര്യന്‍ വടക്കു നിന്നും തെക്കോട്ടു മാറുന്ന സമയമാണ് ദക്ഷിണായനം. ഇത് മിഥുനം 31. ന് സംക്രമണം മനസ്സിലാക്കി ഋതുചര്യകള്‍ക്ക് രൂപം നല്കിയ പഴയ തലമുറ. ആണ്ടറുതികള്‍ അവര്‍ക്ക് രോഗപ്രതിരോധ കാലം. ( ഇമ്മ്യൂണൈസേഷന്‍ പിരീഡ്) ദിനചര്യയും ഭക്ഷണക്രമവും ആരോഗ്യ പരിപാലനവും ചിട്ടപ്പെടുത്താന്‍ ആചാരസംബന്ധമായ വസ്തുതകള്‍ ശാരീരികവും  മാസികവുമായ സ്വാസ്ഥ്യ പരിരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയത് വൈവിധ്യങ്ങളായ ദിനസരി. പ്രപഞ്ചത്തിന്റെ ഗതിവിഗതികള്‍ വീക്ഷിച്ച് തദനുസൃതമായി ജീവിതം നയിക്കാന്‍ അവര്‍ യത്‌നിച്ചു.
വീടും പരിസരവും ശുചിയായി സൂക്ഷിക്കണമെന്ന സാധനപാഠം നല്‍കിയിരുന്നത്, ചേട്ടയെ (മൂശേട്ട, ജേഷ്ഠ) പുറത്താക്കല്‍ എന്ന ചടങ്ങിലൂടെ ചപ്പുചവറുകള്‍ നീക്കം ചെയ്ത് ‘ചേട്ടേം മക്കളും പുറത്തുപോ, ശ്രീഭഗവതീം (ശീവോ തീ) മക്കളും അകത്തുവാ എന്ന വിളി മിഥുനം 31 ന്. ചടങ്ങിനു ശേഷം  പ്രതീകാത്മകമായി മാലിന്യം നീക്കം ചെയ്തിരുന്ന സ്ഥലങ്ങളാകാം പൊട്ടക്കിണറും പൊട്ടക്കുളവും. കര്‍ക്കിടകം ഒന്നുമുതല്‍ എഴ് വരെയോ മാസം മുഴുവനായോ രാവിലെ ദശപുഷ്പം ഒരുക്കിവെക്കാറുണ്ട്. രാവിലെയും വൈകിട്ടും ദശാംഗം സാമ്പ്രാണി പുകയ്ക്കുന്ന ഏര്‍പ്പാടുമുണ്ടായിരുന്നു. (ഓര്‍ക്കുക ഈഡിസ് കൊതുതുകളുടെ ആക്രമണം രാവിലെയാണ്) മുപ്പട്ടു (ആദ്യ) വെള്ളിയാഴ്ച കാലത്ത് മൈലാഞ്ചി അരച്ച് കയ്യിലിടുന്നത് മംഗല്യത്തിനും മംഗല്യ ഭാഗ്യത്തിനും. പത്തില കഴിക്കേണ്ടത് നന്ന്. കര്‍ക്കിടകത്തിലെ വെളുപ്പാന്‍ കാലത്ത് പാണരുടെ തുയുലുണര്‍ത്ത്. ദോഷനിവാരണത്തിന് പുള്ളുവര്‍ വന്ന് പാടുന്നത് ഇക്കാലത്ത്. മുടിയില്‍ മുക്കുറ്റി ചൂടണം. കറുത്ത ചാന്തുണ്ടാക്കി കുറി. പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ഔഷധക്കഞ്ഞിയും പ്രായമായവര്‍ക്ക് മരുന്നു കഞ്ഞിയും. നവരക്കഞ്ഞിയും നവരക്കിഴിയും പ്രധാനം. ഗോത്ര സ്മൃതിയുണര്‍ത്തി രാമായണമാസം രാ (രാത്രി-അജഞത) മായണം (മാറണം), ഇരുട്ടകന്ന് ദിവ്യജ്ഞാനം (അറിവ് പ്രകാശം) വ്യാപിക്കണമെന്ന അര്‍ത്ഥന.

solareclipse copyമിഥുനം കഴിഞ്ഞാല്‍ വ്യസനം തീര്‍ന്നെന്നും കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം മാറിയെന്നും വിശ്വാസം. കര്‍ക്കിട വാവില്‍ കാട്ടുപോത്തിന്റെ തുടവിറയ്ക്കുന്ന തണുപ്പ് ഇന്നില്ല. എങ്കിലും പ്രായമായവരേറെ കാലയവനികയ്ക്കുള്ളില്‍ മറയുന്നത് ഇക്കാലത്ത.് തലേന്നുള്ള ഒരിക്കലും (അരിയാഹാരം ഒരുനേരം മാത്രം) വാവു ബലിയും അന്നത്തേക്കുള്ള പൊരുത്തിലടയും ( ശര്‍ക്കരയും നാളികേരവും ചേര്‍ത്തുള്ള അരിയട) സവിശേഷതകള്‍. ശ്രീ ഭഗവതിയുടെ താലിയായതിനാല്‍ കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കാറില്ല. വെയില്‍ കുറഞ്ഞ സമയമായതിനാലും മുരിങ്ങയില ദഹിക്കാനുള്ള കാലതാമസവും ഇതിന് കാരണം. പൊതുവെ സൂര്യപ്രകാശം കുറവായതിനാല്‍ ഇലകളില്‍ കാത്തുവച്ച സൗരോര്‍ജ്ജം ലഭിക്കാനാണ് ഇലകള്‍ ചൂടുന്നതും ഇലക്കറികളും ഔഷധങ്ങളും കഴിക്കുന്നതും. മഴയുടെ ആധിക്യത്തിലും കര്‍ക്കിടക വറുതി പഴയ തലമുറക്കാര്‍ കണ്ടത്തി. കൂര്‍ക്കത്തലയിടുന്നത് ഈ മാസം. കര്‍ക്കിടകത്തില്‍ ചേന കട്ടും കഴിക്കണമെന്നാണ്.
കാട്ടുക്കോഴിക്കെന്ത് കര്‍ക്കിടക സംക്രാന്തി എന്ന് ആധുനികന്റെ ചോദ്യം. കര്‍ക്കിടകവും കച്ചവടക്കാല മാവുകയാണ്. ഇക്കാലത്തുള്ള ആയുര്‍വേദ/പഞ്ചകര്‍മ്മ/ ഉഴിച്ചില്‍ / സുഖചികിത്സ ഭാരിച്ച ചിലവു മൂലം വിദേശികള്‍ക്കും ധനികര്‍ക്കും മാത്രമുള്ളതായി. പ്രകൃതിദത്ത സാധനങ്ങള്‍ക്ക് പകരം റെഡിമെയ്ഡ് ഔഷധ കഞ്ഞിക്കൂട്ടുകള്‍, പൊട്ടുതൊട്ട് നെയില്‍ പോളീഷ്, പാക്കറ്റു ഫുഡ്ഡുകള്‍ ജൈവവൈവിധ്യവും അതിന്റെ മൂല്യവുമറിയാവുന്നവര്‍ തുലോം കുറവ്. സ്വന്തം ചുറ്റുപാടുകള്‍ സംരക്ഷിക്കുകയും നിരീക്ഷിക്കുകയും ഋതുഭേദമനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്നവരുടെ ദീര്‍ഘ ദര്‍ശനം നമുക്കില്ലാതെ പോയി. പഴമയിലെ ഗുണവശങ്ങള്‍ നാം ഉള്‍ക്കൊള്ളുക.

 

You must be logged in to post a comment Login