സംഗീതം തന്നെ ജീവിതം

ഷാഹുല്‍ഹമീദ് ടി. കോഡൂര്‍

പഴയകാല ഗാനകാസറ്റുകളുടെ അപൂര്‍വ്വശേഖരവുമായി
അബ്ദുള്‍ ഖാദര്‍

ഒരു കാലഘട്ടത്തില്‍ മധുരതമായ സംഗീതം കാതോര്‍ത്ത് അപൂര്‍വ്വമായ റേഡിയോയ്ക്ക് ചുറ്റും അങ്ങാടിയിലും തെരുവോരങ്ങളിലും കൂട്ടം കൂടിയിരുന്നു. പല കുട്ടികള്‍ക്കും അക്കാലത്ത് ഇന്നത്തെ പോലെ വീട്ടില്‍ നിന്നും സ്വതന്ത്രരായി വെളിയിലിറങ്ങാന്‍ അനുവാദമില്ലാത്ത കാലം. സംഗീതാസ്വാദനം പലര്‍ക്കും അന്യമായിരുന്ന അക്കാലത്താണ് പാട്ടിന്റെ ഹരം നെഞ്ചിലേറ്റി മലപ്പുറം ജില്ലയിലെ കോഡൂര്‍ വടക്കേമണ്ണ സ്വദേശിയായ കൊഴിഞ്ഞിപ്പറമ്പില്‍ അബ്ദുല്‍ ഖാദര്‍ എന്ന ബാലന്‍ തന്റെ സംഗീത സപര്യക്ക് തുടക്കം കുറിക്കുന്നത്. വളരെ ദൂരെ നിന്നു തന്നെ ഉച്ചഭാഷിണിയിലൂടെ അവ്യക്തമായി ഒഴുകിയെത്തുന്ന ഗാനങ്ങള്‍ ഖാദറിന് ആവേശമായിരുന്നു. പിന്നീട് മുതിര്‍ന്നപ്പോള്‍ റേഡിയോ ഒരു ആഡംബര വസ്തുവായി ഉന്നതന്മാരുടെ സ്വീകരണ മുറികളില്‍ അലങ്കരിച്ചിരുന്നപ്പോള്‍ അവരറിയാതെ പാട്ട് കേള്‍ക്കാന്‍ അവരുടെ കനിവ് കാത്ത് നില്‍ക്കുകയും സ്വന്തമായി വീട്ടിലിരുന്ന് സംഗീതം ആസ്വദിക്കുന്നതിനെക്കുറിച്ച് മനതാരില്‍ ആശയമുദിക്കുകയും ചെയ്തു.
കാലം മാറിയതോടെ ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ അത്യപൂര്‍വ്വ നേട്ടങ്ങളുടെ ഭാഗമായി സംഗീത രംഗത്തും നൂതന സാങ്കേതിക ഉപകരണങ്ങള്‍ കൈവന്നതോടെ ഓഡിയോ റിക്കാര്‍ഡ് പ്ലയറും, ഓഡിയോ കാസറ്റും പിറവിയെടുത്തതോടുകൂടി ഖാദറിന്റെ സംഗീത സ്വപ്‌നങ്ങള്‍ക്ക് ഒരു പുതിയ വഴിത്തിരിവായി. ഖാദര്‍ പഴയ കാല അപൂര്‍വ മലയാള സിനിമ, നാടകം, മാപ്പിള ഗാനങ്ങളുടെയും മറ്റ് ഇതര ഭാഷ ഗാനങ്ങളുടെയും വൈവിധ്യമാര്‍ന്ന ഓഡിയോ കാസറ്റുകള്‍ ശേഖരിക്കാന്‍ തുടങ്ങി.
1940 മുതല്‍ കാലം തൊട്ടുള്ള പാട്ടുകളുടെ കാസറ്റ് തൊട്ടുള്ള ശേഖരത്തില്‍ അത്യപൂര്‍വ്വങ്ങളായ വ്യത്യസ്ത മാസ്റ്റര്‍ കോപ്പികള്‍ മാത്രമുള്ള ആറായിരത്തില്‍ പരം ഓഡിയോ കാസറ്റുകള്‍ കേടുപാടുകള്‍ കൂടാതെ ഖാദറിന്റെ ശേഖരത്തിലുണ്ട്. ഓരോ കോപ്പിയും മാസ്റ്റര്‍ കോപ്പിയാണെന്നതാണ് ഏറെ പ്രത്യേകത. വളരെ ചെറുപ്പകാലത്ത് തന്നെ അനുകരിച്ച സംഗീതാവേശം 1970നു ശേഷമാണ് ഓഡിയോ കാസറ്റ് ശേഖരത്തിലേക്ക് വഴിയൊരുക്കിയത്. എല്ലാവരും ഇക്കാലത്ത് അവഗണിച്ച് കൊണ്ടിരിക്കുന്ന ഓഡിയോ കാസറ്റുകള്‍ ശേഖരിച്ച് വേറിട്ട പാതയിലൂടെ ഖാദര്‍ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തനാവുന്നു.
ആദ്യകാലങ്ങളില്‍ മുഹമ്മദ് റാഫിയുടെ തുടക്കം മുതലുള്ള ഗാനങ്ങള്‍, മുഹമ്മദ് റാഫിയുടെ കാലഘട്ടത്തിലുണ്ടായിരുന്ന അരുണ്‍ കുമാര്‍, അദ്ദേഹത്തിന്റെ ഗാനങ്ങള്‍ റാഫി ഗാനങ്ങള്‍ പ്രചാരം നേടിയതോടെ അപ്രസക്ത ഗാനങ്ങളായി, എങ്കിലും അരുണ്‍ കുമാറിന്റെ പല പാട്ടുകളടങ്ങിയ കാസറ്റുകളും ഖാദറിന്റെ ശേഖരത്തിലുണ്ട്.
നൂര്‍ജഹാന്‍, ഷംസാദ് ബീഗം, സൊഹ്‌റാബായ് അമ്പാല, അമീര്‍ബായ് കര്‍ണാട്ട്കി- അരുണ്‍ കുമര്‍, മുഹമ്മദ് റാഫി, മുകേഷ് എന്നവര്‍ പാടിയിരുന്ന പല പാട്ടുകളും സ്വന്തമായി ശേഖരിക്കാന്‍ കഴിയുമെന്ന് തകച്ചും സാധാരണക്കാരനായ ( കൂലിപ്പണിക്കാരന്‍) അബ്ദുല്‍ ഖാദര്‍ സ്വപ്‌നേപി നിനച്ചിരുന്നില്ല.
കാലക്രമത്തില്‍ ഓഡിയോ പ്ലയര്‍ പ്രചുര പ്രചാരത്തില്‍ വന്നപ്പോള്‍ പഴയ കാല പാട്ടുകളുടെ ഓഡിയോ കാസറ്റുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതില്‍ ഖാദറിന് സംതൃപ്തിയുണ്ട്. മൂന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ഗാനം പാകപ്പെടുത്തിയെടുക്കാന്‍ ആഗാനത്തിന്റെ അണിയറ ശില്‍പികള്‍ക്ക് മാസങ്ങളുടെ കഠിന പ്രയത്‌നം വേണ്ടിവന്നിരിക്കാം എന്നാണ് ഖാദറിന്റെ അഭിപ്രായം. അങ്ങനെ നോക്കുമ്പോള്‍ പാടിയവരെക്കാളേറെ ആഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.
ആദ്യകാലങ്ങളിലെ മലയാള സിനിമാ ഗാനങ്ങള്‍ മാത്രമല്ല മാപ്പിളപ്പാട്ടുകള്‍ പോലും പാടിയിറങ്ങിയിരുന്നത് ഹിന്ദി ട്യൂണിനെ അനുകരിച്ചായിരുന്നു. അനുകരിക്കുക, അനുസരിക്കുക, സ്വയം ചരിക്കുക അതാണല്ലോ പതിവ്. മാപ്പിളപ്പാട്ടിന്റെ പ്രിയ ഗായകന്‍ കെ. ജി സത്താര്‍ പോലും ആദ്യ ഗാനം പാടിയത് ഹിന്ദി ട്യൂണിലാണ്. പരദേശി എന്ന സിനിമയില്‍ അമീര്‍ഭായ് കര്‍ണാട്ടകി പാടിയ
ഹാലേഹേ….. മുഹോബത്ത്ക്കാ-
നാ പ്യാര് കിയാഹോത്താ…….
ഈ ഗാനം സത്താര്‍ തന്റെ ഇളം പ്രായത്തില്‍ പാടിയത്-
അഹദേ നബി മഹ്മൂദരില്‍
നാം ആര്‍ത്തികൊണ്ടേ നാനേ…..
ഇപ്രകാരം നോക്കുമ്പോള്‍ മാപ്പിളപ്പാട്ടിനെയും ഹിന്ദി ട്യൂണ്‍് സാരമായി ബാധിച്ചത് കാണാം.
പൂര്‍വ്വകാല മലയാള സിനിമാ ഗാനങ്ങളും മിക്കവയും ഇതുപോലെ ഹിന്ദി ട്യൂണ്‍ അനുകരിച്ച് വന്ന പാട്ടുകളായിരുന്നു വെന്ന് ഖാദര്‍ സാക്ഷ്യപ്പെടുത്തുന്നു.
1950 ല്‍ ഇറങ്ങിയ അമ്മ, പൊന്‍കതിര്‍, ആശാദീപം, തിരമാല, ശരിയോ തെറ്റോ എന്നിവയിലെ ഗാങ്ങളും അറുപതികളില്‍ ഇറങ്ങിയ നീലക്കുയില്‍, ഉമ്മ, നാടോടികള്‍, മൂലധനം എന്നിവയിലടക്കമുള്ള ഗാനങ്ങളടങ്ങിയ കാസറ്റുകളുടെ മാസ്റ്റര്‍ കോപ്പികള്‍ അദ്ദേഹം നിധിപോലെ സൂക്ഷിക്കുന്നു. മിക്കദിവസങ്ങളിലും കാസറ്റ് ഗാനങ്ങള്‍ കേള്‍ക്കുകയും ഓരോ ഗാനത്തിന്റെയും രചന, ഈണം നല്‍കിയവര്‍, സിനിമ തുടങ്ങിയവ രേഖപ്പെടുത്തി വെയ്ക്കാനും പ്രത്യേകം ശ്രധിക്കുന്നു.
1953 ല്‍ ഇറങ്ങിയ മലയാള ചിത്രമായ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലെ- ‘ഏഴ് സുന്ദര സത്യം തുറന്ന സത്യ ധര്‍മ്മ രധയ്ക്കു പൂക്കുവാന്‍’ എന്ന് തുടങ്ങുന്ന ഗാനവും 1950 ല്‍ ഇറങ്ങിയ മലയാള ചിത്രമായ ശശിധരനിലെ ‘നീ എന്‍ ചന്ദ്രനേ ഞാന്‍ നിന്ന് ചന്ദ്രിക’ – എന്ന ഗാനവും, ഗുല്‍ മുഹമ്മദും സുഹ്‌റാബായിയും ഒന്നിച്ച് പാടിയ ‘കുരുത്തക്കേടു കൊണ്ടടുത്ത വീട്ടില്‍ ചെന്നിരിക്കും വായാടിപ്പെണ്ണേ’ എന്ന പാടും, സി.എ അബൂബക്കര്‍, കെ. ആര്‍ ബാല കൃഷ്ണന്റെ രചനയില്‍ പാടിയ ‘തങ്കത്തരിവള ഗാനമുയര്‍ത്തും മങ്കേ നീ ചില പാട്ടുകള്‍ പാടൂ’ പ്രശസ്തനായ ബാബുരാജ് സുബൈദ എന്ന സിനിമയില്‍ പാടിയ ‘പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ’, എന്ന അനുഭവ തീവ്രമായ ഗാനമടക്കം ഒട്ടുമിക്ക പഴയകാല ഗാനങ്ങളടങ്ങിയ ഓഡിയോകളും അബ്ദുല്‍ ഖാദറിന്റെ അപൂര്‍വ്വ ശേഖരത്തിലുണ്ട്.
ബാബുരാജ് സംഗീതം നല്‍കിയ ഗാനങ്ങളും വി. എം. കുട്ടി നിലമ്പൂര്‍ ആയിഷ, ജാനകി, സുശീല, ചിത്ര, യേശുദാസ് തുടങ്ങീ പ്രമുഖ ഗായകരുടെയും ഗാനങ്ങളടങ്ങിയ വൈവിധ്യമാര്‍ന്ന ശേഖരങ്ങളാണ് ഖാദറിന്റെ വീട്ടില്‍ മറ്റെന്തിനേക്കാളുമേറെ അലങ്കരിക്കുന്നത്.
ശാസ്ത്രസാങ്കേതിക രംഗത്ത് വന്‍ വിപ്ലവങ്ങള്‍ നടന്ന് കൊണ്ടിരിക്കെ നമുക്ക് എന്തും കണ്‍വെട്ടത്ത് എത്തിപ്പിടിക്കാന്‍ കഴിയുന്ന തരത്തില്‍ വളര്‍ച്ച പ്രാപിച്ച ആധുനിക കാലത്ത് സംഗീത രംഗത്തും പഴയകാല കാസറ്റുകള്‍ വഴിമാറി ഡിജിറ്റല്‍ സി.ഡി. കളും കമ്പ്യൂട്ടര്‍, ഇന്റെര്‍നെറ്റ് തുടങ്ങി പുതിയ സാങ്കേതിക രംഗങ്ങള്‍ കടന്നുവന്നതോടെ ഓഡിയോ കാസറ്റുകള്‍ അന്യം നിന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഈമാറ്റങ്ങള്‍ക്കിടയിലും പഴയ ഓഡിയോ പ്ലയറും കാസറ്റുകളും ശേഖരിച്ച് രണ്ട് പെണ്‍മക്കളും ഒരു മകനും ഭാര്യയുമടങ്ങുന്ന കുടുംബത്തിനൊപ്പം സാധാരണ ജീവിതം നയിക്കുന്ന ഖാദര്‍ ജീവിത ബുദ്ധിമുട്ടുകള്‍ക്കിടയിലും മറ്റാര്‍ക്കും ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത അമൂല്യങ്ങളായി ഒട്ടനവധി ഗാനശേഖരങ്ങളുമായി സംഗീതാസ്വാദനത്തിന്റെ പുതിയ പ്രത്യാശയുമായി വേറിട്ട മേച്ചില്‍ പുറങ്ങള്‍ തേടുകയാണ്.

You must be logged in to post a comment Login