സംഗീതലോകത്തെ എഴുത്തച്ഛന്‍ വിട വാങ്ങി

സംഗീത സംവിധാന ലോകത്തെ എഴുത്തച്ഛന്‍ വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു.94 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച്ച നടക്കും.കര്‍ണാടക സംഗീതത്തിന് മലയാണ്‍മയുടെ അലക്കുകള്‍  ഇഴ ചേര്‍ത്ത് പുതിയൊരു സംഗീത വിസ്മയത്തിന് തുടക്കം കുറിച്ച  പ്രതിഭയായിരുന്നു ദക്ഷിണാമൂര്‍ത്തി.അമ്പതാണ്ട് നീണ്ട വിസ്മയകരമായ സംഗീതസപര്യയ്ക്കാണ് ഇതോടെ അവസാനമായത്.

കര്‍ണ്ണാടക സംഗീതത്തില്‍ അപാര ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം സ്വാമിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.സ്വാമിയുടെ വരവോടെ മലയാളം അതുവരെ കാണാത്തൊരു പുതിയ സംഗീതാവിഷ്‌കരണ രീതിയാണ് കണ്ടത്.മലയാള ഗാനങ്ങളില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ മാന്ത്രികത വരുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വിരുത്.ഹൃദയസരസിലെ പ്രണയ പുഷ്പമേ എന്ന ഗാനവും പിന്നീട് എണ്‍പതുകളില്‍ പുറത്തിറങ്ങിയ നനഞ്ഞു നേരിയ പട്ടുറുമാല്‍ എന്ന ഗാനത്തിലുമൊക്കെ മലയാളി കണ്ടത് ഈ വിസ്മയമാണ്. മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 125ഓളം ചലച്ചിത്രങ്ങളില്‍ ഇദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

dekshi copyപാര്‍വ്വതി അമ്മാളുടേയും വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22നാണ് ജനനം. ബാല്യകാലം മുതല്‍ സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്ന ദക്ഷിണാമൂര്‍ത്തിയുടെ ആദ്യഗുരു അമ്മയായിരുന്നു. ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങളും മറ്റും ചെറുപ്പത്തില്‍ തന്നെ ഹൃദിസ്ഥമാക്കി.മലയാളത്തിലെ ചലച്ചിത്രഗാനങ്ങളില്‍ സ്വാമിയുടെ ശില്പങ്ങള്‍ അനന്യമായിരുന്നു.ദേവരാജന്‍മാസ്റ്റര്‍, ബാബുരാജ്, കെ. രാഘവന്‍മാസ്റ്റര്‍, ചിദംബരനാഥ് എന്നീ മഹാശില്പികളുടെ ഇടയില്‍ സ്വാമി രാഗങ്ങളുടെ ആത്മശരീരവുമായി ഉയര്‍ന്നുനിന്നു.സംഗീതമെന്നാല്‍ ഈശ്വരനാണെന്ന് സ്വാമി വിശ്വസിച്ചു. ഈശ്വരന്‍ സംഗീതമയവും. അതുകൊണ്ട് ഗാനങ്ങളുടെ വിശുദ്ധിയില്‍, സാന്ദ്രതയില്‍, ഭാവത്തില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധപതിപ്പിച്ചു. സംഗീതത്തിന്റെ ലോകത്തില്‍ നാം കണ്ട ഈശ്വരനായിരുന്നു ദക്ഷിണാമൂര്‍ത്തിസ്വാമി. ശരീരം നിറയെ ഭസ്മക്കുറി, കഴുത്തില്‍ രുദ്രാക്ഷമാലകള്‍, പാതിയടഞ്ഞ കണ്ണുകള്‍, സംഗീതം അമര്‍ത്തിയെടുത്ത ശരീരം ഇതൊക്കെയായിരുന്നു ഒറ്റനോട്ടത്തില്‍ സ്വാമി.

കെ കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, കുഞ്ചാക്കോ നിര്‍മ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂര്‍ത്തി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. കെ ജെ യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ദക്ഷിണാമൂര്‍ത്തി പ്രശസ്തരായ പല ഗായകരുടേയും സംഗീത സംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി ലീല, പി സുശീല, കല്ല്യാണി മേനോന്‍, ഇളയരാജ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.

1971ല്‍ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1998ല്‍ ജെ സി ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു. 2013ല്‍ സ്വാതിതിരുനാള്‍ പുരസ്‌കാരം നേടി.

സംഗീത സംവിധാന മേഖലയില്‍ അവസാന കാലത്ത് അത്ര സജീവമായിരുന്നില്ലെങ്കിലും ശാസ്ത്രീയ സംഗീത രംഗത്ത് സജീവമായിരുന്നു. മിഴികള്‍ സാക്ഷിയാണ് അവസാന ചിത്രം.ഇനിയും മടങ്ങി വരാനാകാവാത്ത വിസ്മയ ലോകത്ത് ലയിച്ച ആ സംഗീത സപര്യയ്ക്ക് മുന്‍പില്‍ ഒരു പിടി ചെമ്പനീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നു.

 

 

You must be logged in to post a comment Login