സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു; തൃശൂരില്‍ നാളെ ഹര്‍ത്താല്‍

bjp
തൃശൂര്‍: കയ്പമംഗലത്തുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കയ്പമംഗലം എടവലങ്ങാട് സ്വദേശി പ്രമോദ് (33) ആണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ആഹ്‌ളാദ പ്രകടനത്തിനിടെ ടിപ്പര്‍ ലോറിയില്‍ എത്തിയ ചിലര്‍ പ്രമോദ് ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ഇഷ്ടിക കൊണ്ട് തലയ്ക്ക് ഗുരുതരമായി അടിയേറ്റ പ്രമോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അതിനിടെ, കോഴിക്കോട് കുറ്റ്യാടി നെട്ടൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്. വീട്ടില്‍ കയറിയാണ് ആക്രമണം. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ അക്രമസംഭവങ്ങള്‍ നടന്നിരുന്നു.

You must be logged in to post a comment Login