സംഭവിക്കാൻ പാടില്ലാത്തത് പൊലീസ് സേനയിൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംഭവിക്കാൻ പാടില്ലാത്തത് പൊലീസ് സേനയിൽ ഉണ്ടാകരുതെന്നും പൊലീസിൽ സാരമായ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ പൊലീസ് മുഖം മാറ്റുക എന്നതിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്നും പൊലീസിന് കൂടുതൽ മാനുഷിക മുഖം നൽകാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ പൊലീസ് അക്കാദമിയിൽ കോസ്റ്റൽ വാർഡൻമാരുടെ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ചില സംഭവങ്ങൾ വേദനിപ്പിക്കുന്നതാണ്. സംഭവിക്കാൻ പാടില്ലാത്തത് ഒരിക്കലും സേനയിൽ ഉണ്ടാകരുത്. നിയന്ത്രങ്ങൾക്ക് വിധേയമായി മാത്രമേ ഏതൊരു പൊലീസുകാരനും പ്രവർത്തിക്കാൻ പാടുകയുള്ളൂ. ഒറ്റപ്പെട്ട സംഭവങ്ങൾ കേവലം ഒറ്റപ്പെട്ടത് എന്ന് പറഞ്ഞു മാറി നിൽക്കാനാവില്ലെന്നും ഇത്തരം വിഷയങ്ങളിൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You must be logged in to post a comment Login