സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു; മരണം പുതിയ ചിത്രം വേട്ടയുടെ വിജയം കാണാതെ

രാവിലെതന്നെ ജീവിതത്തിലേക്കുളള തിരിച്ചുവരവ് സാധ്യമാകില്ലെന്ന് ഡോക്റ്റര്‍മാര്‍ ബന്ധുക്കളെയും, ഒപ്പമുളളവരെയും അറിയിച്ചിരുന്നു. ഇതനുസരിച്ച് രാജേഷിന്റെ മരണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

rajesh pillai
കൊച്ചി: പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള(41) അന്തരിച്ചു. എറണാകുളം പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷ് 11.45നാണ് അന്തരിച്ചത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി രാജേഷ് ചികിത്സയിലായിരുന്നു.

രാജേഷ് പിള്ളയുടെ ഏറ്റവും പുതിയ ചിത്രമായ വേട്ട ഇന്നലെ റിലീസ് ചെയ്തിരുന്നു. തിയേറ്ററുകളില്‍നിന്ന് സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് രാജേഷിന്റെ മരണം സംഭവിച്ചത്. സിനിമയുടെ ഷൂട്ടിംഗിനിടെയില്‍ വെച്ചു തന്നെ പലപ്പോഴും രാജേഷിന് അസ്വസ്ഥകള്‍ അനുഭവപ്പെട്ടിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായതിന് ശേഷമാണ് രോഗം മൂര്‍ച്ഛിച്ചതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. വേട്ടയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലും മറ്റും രാജേഷിന്റെ സാന്നിദ്ധ്യം അപൂര്‍വമായി മാത്രമെ ഉണ്ടായിരുന്നുള്ളു.

രാവിലെതന്നെ ജീവിതത്തിലേക്കുളള തിരിച്ചുവരവ് സാധ്യമാകില്ലെന്ന് ഡോക്റ്റര്‍മാര്‍ ബന്ധുക്കളെയും, ഒപ്പമുളളവരെയും അറിയിച്ചിരുന്നു. ഇതനുസരിച്ച് രാജേഷിന്റെ മരണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മരണം ഔദ്യോഗികമായി ബന്ധുക്കള്‍ സ്ഥിരീകരിക്കാഞ്ഞതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചു. 11.45നാണ് മരണം സ്ഥിരീകരിച്ചത്. എറണാകുളത്തെ പിവിഎസ് ആശുപത്രിയില്‍ അദ്ദേഹത്തിന്റെ മരണം സംഭവിക്കുമ്പോള്‍ അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

vettah-movie

ട്രാഫിക് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാള സിനിമയില്‍ മാറ്റത്തിന് തുടക്കം കുറിച്ച അതുല്യ പ്രതിഭയായിരുന്നു രാജേഷ് പിള്ള. നോണ്‍ ലീനിയര്‍ സിനിമയുടെ സാധ്യതകള്‍ മലയാളത്തില്‍ അപാകതയില്ലാതെ പരിചയപ്പെടുത്തിയ രാജേഷ് മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന സംവിധായകരില്‍ ഒരാളാണ്. പിന്നീട് ട്രാഫിക് ഇതരഭാഷകളിലേക്കും മൊഴി മാറ്റപ്പെട്ടു. ട്രാഫികിന് ശേഷം മിലി, വേട്ട എന്നീ സിനിമകള്‍ മാത്രമാണ് രാജേഷ് ചെയ്തത്. ട്രാഫികിന് മുന്‍പ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നൊരു സിനിമ ചെയ്തിരുന്നുവെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

You must be logged in to post a comment Login