സംശയങ്ങൾക്ക് ആക്കം കൂട്ടി മുംബൈയിൽ ശിവസേന– മമത ചർച്ച

മുംബൈ∙ കേന്ദ്ര സർക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസും മുന്നണിക്കുള്ളിലെ ‘പ്രതിപക്ഷമായ’ ശിവസേനയും ഒരുമിക്കുന്നുവോ? സംശയങ്ങൾക്ക് ആക്കം കൂട്ടി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച നടത്തി. ബംഗാൾ ആഗോള വ്യവസായ സമ്മേളനത്തിന്റെ ഭാഗമായുള്ള ക്ഷണിക്കലുകൾക്കാണ് മമത മുംബൈയിൽ എത്തിയത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മോഹങ്ങളിലേക്കുള്ള ക്ഷണം കൂടിയാണ് മുംബൈയിൽ നടന്നതെന്നാണ് സൂചന.
സമ്മേളനത്തിലേക്ക് പ്രമുഖ വ്യവസായികളെയും കമ്പനികളെയും നേരിൽ ക്ഷണിക്കാനാണ് മമത എത്തിയതെങ്കിലും ശിവസേനയുമായുള്ള കൂടിക്കാഴ്ചയായിരുന്നു മുഖ്യം. എൻഡിഎ സഖ്യകക്ഷിയായിട്ടും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന പാർട്ടിയാണ് ശിവസേന. കേന്ദ്രത്തിന്റെ അഭിമാന പദ്ധതികളായ നോട്ടു നിരോധനം, ജിഎസ്ടി എന്നിവയ്ക്കെതിരെയും വളർച്ചാ നിരക്ക് കുറഞ്ഞപ്പോഴും അച്ഛേ ദിൻ എവിടെയന്നു ചോദിച്ചു ശിവസേന രംഗത്തെത്തി.
ആധാർ ഉൾപ്പെടെ കേന്ദ്ര സർക്കാരിനെതിരെ നിരന്തരം പട പൊരുതുന്ന നേതാവാണ് മമത. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പല കാര്യത്തിലും അവർ വെല്ലുവിളിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടു നിരോധനം എന്നു പറഞ്ഞ മമത, നവംബർ എട്ടിന് കരിദിനമായി ആചരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മമത–ഉദ്ധവ് കൂടിക്കാഴ്ച പ്രധാന്യമേറിയതാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മകൻ ആദിത്യ താക്കറെയുടെ കൂടെയാണ് ഉദ്ധവ് മമതയെ കണ്ടത്. കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഇരുനേതാക്കളും പുറത്തുവിട്ടില്ല.

You must be logged in to post a comment Login