സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കരടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല; കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് വീണ്ടും തിരിച്ചടി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് വീണ്ടും തിരിച്ചടി. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കരടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അന്തിമ വിജ്ഞാപനത്തിന് മുമ്പ് സംസ്ഥാനങ്ങളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും അവര്‍ അറിയിച്ചു. കേരളത്തില്‍ 13,108 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയെന്നാണ് കസ്തൂരിരംഗന്‍ സമിതി തിട്ടപ്പെടുത്തിയത്.

എന്നാല്‍, ഉമ്മന്‍ വി.ഉമ്മന്‍ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത് 9993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ എന്നാണ്. ഇതു തത്വത്തില്‍ അംഗീകരിച്ചാണ് കേന്ദ്രം കരട് വിജ്ഞാപനമിറക്കിയത്.

ഇതിനുശേഷം പരിസ്ഥിതിലോല മേഖല വിസ്തൃതി 9107 ചതുരശ്ര കിലോമീറ്ററാക്കി കുറയ്ക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നു മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ 26ന് അവസാനിച്ചിരുന്നു. കരട് വിജ്ഞാപനം വീണ്ടും പുതുക്കിയിറക്കാമെങ്കിലും അന്തിമവിജ്ഞാപനം ആറു മാസത്തിനകം പുറപ്പെടുവിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശമുണ്ട്.

കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കരടില്‍ മാറ്റം വരുത്തുന്നതു ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ട്രൈബ്യൂണലിന്റെ നിര്‍ദേശം.

You must be logged in to post a comment Login