സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം ഇന്നു മുതല്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തിലേക്ക്. സമരത്തിന്റെ ഭാഗമായി ചികിത്സകള്‍ മുടങ്ങില്ലെങ്കിലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.

അതേസമയം, സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ കുറവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ക്കു മെഡിക്കല്‍ കോളജുകളില്‍ താത്കാലിക നിയമനം നല്‍കുന്നതു പ്രതിഷേധാര്‍ഹമാണെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഇതു വകുപ്പിന്റെ നിലനില്‍പ്പിനെയും ചികില്‍സയ്‌ക്കെത്തുന്ന ജനങ്ങളെയും ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.ആശുപത്രികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു പകരം ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കി ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ ഈ നടപടി സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

ഇതിനുപുറമേ ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഗണിച്ചു പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക, മരുന്നുകളുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കുക, ഡോക്ടര്‍മാരുടെ സ്ഥലംമാറ്റ പ്രക്രിയയിലും പ്രമോഷന്‍ നടപടികളിലുമുണ്ടാകുന്ന അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നു. ഇതേ ആവശ്യങ്ങളുന്നയിച്ചു കഴിഞ്ഞ 11 നു ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിച്ചിരുന്നു.നിസഹകരണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടിംഗ്, വിഐപി, വിവിഐപി ഡ്യൂട്ടികളും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജില്ലാതല അവലോകനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവയും ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ ബഹിഷ്കരിക്കും.
അതേസമയം, ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

You must be logged in to post a comment Login