സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ വര്‍ധന

കൊച്ചി: കേരളത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്‍വര്‍ധന. മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ് എന്നിവിടങ്ങളില്‍ മാത്രം 263 ടണ്‍ സ്വര്‍ണ്ണത്തിന്റെ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആകെ സ്വര്‍ണ്ണത്തിന്റെ നിക്ഷേപത്തേക്കാള്‍ കൂടുതലാണിത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെ അളവ് 116 ടണ്ണില്‍ നിന്ന് 150 ടണ്ണായി വര്‍ധിച്ചു. വിദേശ രാജ്യങ്ങളായ സിംഗപ്പൂര്‍ (124 ടണ്‍), സ്വീഡന്‍ (125.7 ടണ്‍), ഓസ്‌ട്രേലിയ(79.9 ടണ്‍) എന്നീ രാജ്യങ്ങളിലെ കരുതല്‍ സ്വര്‍ണ്ണ നിക്ഷേപത്തേക്കാള്‍ കൂടുതലാണ് ഇത്.
ആഗോളതലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്വര്‍ണ്ണത്തിന്റെ 30 ശതമാനവും ഉപയോഗിക്കുന്നത് ഇന്ത്യയാണ്. സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമായാണ് ഇന്ത്യാക്കാര്‍ പൊതുവെ വിലയിരുത്തുന്നത്. കേരളത്തില്‍ രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് സ്വര്‍ണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. വേള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ലോകത്തില്‍ കരുതല്‍ സ്വര്‍ണ്ണ നിക്ഷേപത്തില്‍ 11-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 558 ടണ്ണാണ് ഇന്ത്യയുടെ സ്വര്‍ണ്ണത്തിലെ കരുതല്‍ നിക്ഷേപം. 8,134 ടണ്ണ് സ്വര്‍ണ്ണവുമായ് അമേരിക്കയാണ് ഒന്നാമത്.

You must be logged in to post a comment Login