സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഡീസല്‍ വില 74 കടന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.31 രൂപാണ്. ഡീസലിന് 74.16 രൂപയും. ഇത് തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.

ഇന്ധനവിലവര്‍ദ്ധന നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നാണ് സുൂചന. എണ്ണക്കമ്പനി മേധാവികളെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ച നടത്തും. ഒന്‍പത് ദിവസം തുടര്‍ച്ചയായി പെട്രോള്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. നികുതി കുറയ്ക്കണമെന്ന് ശുപാര്‍ശ ധനമന്ത്രാലയത്തിന് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറയ്ക്കും. പെട്രോളിനും ഡീസലിനും ലീറ്ററിനു രണ്ടുരൂപ കുറച്ചേക്കും എന്നാണ് വിവരം. സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും.

കർണാടക തെരഞ്ഞെടുപ്പ് മുൻനിർത്തി 19 ദിവസം ഇന്ധനവില പരിഷ്കരണം നിർത്തിവച്ചതിനെ തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ തുടർച്ചയായി വിലകൂട്ടുകയാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

You must be logged in to post a comment Login