സംസ്ഥാനത്ത് ഗര്‍ഭസ്ഥശിശു നിര്‍ണയം വര്‍ധിക്കുന്നു;പണം കൊയ്യുന്നത് ഡോക്ടര്‍മാരും സ്വകാര്യലാബുകളും

കോട്ടയം: പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടാവുമ്പോഴും സംസ്ഥാനത്ത് ഗര്‍ഭസ്ഥശിശു ലിംഗ നിര്‍ണയം വര്‍ധിക്കുന്നു.സ്വകാര്യ മെഡിക്കല്‍ ലാബുകളും ആശുപത്രികളും കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ ലിംഗ നിര്‍ണയം നടക്കുന്നത്. ലിംഗനിര്‍ണയം നടത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഡോക്ടര്‍മാരും ലാബ് ജീവനക്കാരും പണംകൊയ്യാനായി ലിംഗനിര്‍ണയത്തിന് കൂട്ടുനില്‍ക്കുന്നത്. മൂന്ന് വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണിത്. എങ്കിലും ഇക്കാര്യത്തില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്.  കൃത്യമായ പരിശോധനകള്‍ നടത്താത്തതും ഉദ്യോഗസ്ഥരുടെ അലംഭാവവും  ഇവര്‍ക്ക് തുണയാകാറുണ്ട്.ലിംഗനിര്‍ണയത്തിലൂടെ കുട്ടി പെണ്‍കുഞ്ഞാണെന്ന് അറിയുന്നവര്‍ ഭ്രൂണഹത്യ നടത്താനുള്ള സാധ്യതകള്‍ കണ്ടാണ് ഗര്‍ഭസ്ഥ ലിംഗ നിര്‍ണയം നിരോധിച്ചതെങ്കിലും പണം കൊയ്യാനായി ഡോക്ടര്‍മാരില്‍ പലരും ഇന്നും ഈ നിര്‍ദേശങ്ങള്‍ പാലിക്കാറില്ല.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണത്തില്‍ കുറവ് വന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പെണ്‍ഭ്രൂണഹത്യ കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിയമാനുസൃതമല്ലാതെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ലാബുകളും ഇത്തരത്തില്‍ പണം കൊയ്യുമ്പോഴും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍ മൗനം പാലിക്കുകയാണ്. ഗര്‍ഭസ്ഥശിശു ലിംഗ നിര്‍ണയം സംസ്ഥാനത്തിന്റെ സ്ത്രീ പുരുഷ അനുപാതത്തെ ഗണ്യമായി ബാധിക്കുവാന്‍ സാധ്യതയുണ്ട്.കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പല സ്വകാര്യ ആശുപത്രികളിലും ഇപ്പോഴും  പെണ്‍ഭ്രൂണഹത്യ നിലനില്‍ക്കുന്നുണ്ട്. 25000 മുതല്‍ പണം മുടക്കാന്‍ തയാറാണെങ്കില്‍ ശിശുവിനെ ഗര്‍ഭാശയത്തില്‍ വെച്ചുതന്നെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും പുറംലോകം അറിയാറില്ലെന്നു മാത്രം. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയില്ലെങ്കില്‍ സ്ത്രീ-പുരുഷ അനുപാതത്തില്‍ വരുംവര്‍ഷത്തില്‍ കുറവ് വരാന്‍ സാധ്യതയുണ്ട്. കേരളത്തെ കൂടാതെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഗര്‍ഭസ്ഥശിശുലിംഗ നിര്‍ണയവും പെണ്‍ഭ്രൂണഹത്യയും കൂടുതലായി നടക്കുന്നത്. 2012 ല്‍ 1000 പുരുഷന്മാര്‍ക്ക് 1050 പെണ്‍കുട്ടികള്‍ എന്നത് മുന്‍ വര്‍ഷം 954 സ്ത്രീകള്‍ എന്നായി മാറിയിരുന്നു. വര്‍ധിച്ചുവരുന്ന ലിംഗ നിര്‍ണയവും ഭ്രൂണഹത്യയിലേക്കുമാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ലിംഗ നിര്‍ണയം നടത്തുന്ന ലാബുകളെയും ആശുപത്രികളെയും കണ്ടെത്തേണ്ട പോലീസ് അധികൃതരും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നതും ലിംഗനിര്‍ണയം വര്‍ധിക്കുന്നതിന് പ്രധാനകാരണമായിട്ടുണ്ട്.

You must be logged in to post a comment Login