സംസ്ഥാനത്ത് പോളിങ് 70 കടന്ന് റെക്കോര്‍ഡിലേക്ക്; കണ്ണൂരിലും വയനാട്ടിലും ചാലക്കുടിയിലും കനത്ത പോളിങ്

 

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. വോട്ടെടുപ്പ് അഞ്ചുമണി പിന്നിട്ടപ്പോള്‍ പോളിങ് 70 ശതമാനവും കടന്നു മുന്നേറുകയാണ്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുമണി വരെ നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ വിവിധ പോളിങ് ബൂത്തുകളില്‍ ഇപ്പോഴും നീണ്ടക്യൂ അനുഭവപ്പെടുകയാണ്. കനത്ത ചൂടിനെ വകവെക്കാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരുടെ നീണ്ട നിരയാണ് പല പോളിങ് ബൂത്തുകളിലും ദൃശ്യമാകുന്നത്. ഇത്തവണ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തുമെന്നാണ് ബൂത്തുകളിലെ വോട്ടര്‍മാരുടെ സാന്നിധ്യം നല്‍കുന്ന സൂചന.

ഇതുവരെയുളള കണക്കനുസരിച്ച് കണ്ണൂരും വയനാടും ചാലക്കുടിയുമാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍ പോളിങ് 76 ശതമാനം കടന്നപ്പോള്‍ വയനാട് ഇത് 73 ഉം മറികടന്ന് മുന്നേറുകയാണ്. ചാലക്കുടിയില്‍ ഇത് 74 ശതമാനമാണ്. തിരുവനന്തപുരം( 71), ആറ്റിങ്ങള്‍( 72), കൊല്ലം (72), മാവേലിക്കര( 70), പത്തനംതിട്ട( 72), ആലപ്പുഴ( 73) ഇടുക്കി (72), എറണാകുളം( 72), ആലത്തൂര്‍ (71), പാലക്കാട് (70), പൊന്നാനി (68), മലപ്പുറം( 70), കോഴിക്കോട് (71), വടകര (71) , കാസര്‍കോഡ്( 72) എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം.

വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതും വിവിപാറ്റ് മെഷീനുകള്‍ പണിമുടക്കിയതും ആശങ്ക ഉണ്ടാക്കിയെങ്കിലും വളരെ വേഗത്തില്‍ പരിഹരിച്ച് വോട്ടിങ് കുതിക്കുന്നതാണ് പിന്നീട് കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറില്‍ ആയിരുന്നു. തിരുവനന്തപുരത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും വോട്ടിങ് മെഷീനുകളില്‍ ഗുരുതര പിഴവുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ വോട്ടിങ് യന്ത്രങ്ങളെത്തിച്ചാണ് വോട്ടെടുപ്പ് പുനനാരംഭിച്ചത്.

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഒന്‍പതു പേര്‍ കുഴഞ്ഞ് വീണു മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തളിപ്പറമ്പ് സ്വദേശി വേണുഗോപാല മാരാര്‍, കൊല്ലം കല്ലുംതാഴം സ്വദേശി പുരുഷന്‍ (63),പനമരം സ്വദേശി ബാലന്‍ (64),കാഞ്ഞൂര്‍ സ്വദേശി ത്രേസ്യാക്കുട്ടി(87),കൂത്തുപറമ്പ് സ്വദേശി വിജയി(65),റാന്നി സ്വദേശി പാപ്പച്ചന്‍ (66) തുടങ്ങിയവരാണ് മരിച്ചത്.

വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയും ഗാന്ധിനഗറില്‍ അമിത്ഷായും ഉള്‍പ്പടെയുളള പ്രമുഖ നേതാക്കളാണ് ഇന്ന് ജനവിധി തേടുന്നത്. കേരളത്തിലെയും ഗുജറാത്തിലെയും ഉള്‍പ്പടെ രാജ്യത്തെ 116 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ തന്നെ വോട്ട് ചെയ്യുകയും റെക്കോര്‍ഡ് പോളിങ് സൃഷ്ടിക്കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

 

You must be logged in to post a comment Login