സംസ്ഥാനത്ത് മഴ കനത്തു ; മഴക്കെടുതിയിൽ മൂന്നു മരണം, നാലുപേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി. മഴ കനത്തതോടെ പരക്കെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചപ്പോൾ നാലുപേരെ കാണാതായി. ചൊവ്വാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ കനത്തതോടെ കല്ലാർകുട്ടി, പാംബ്ല, ഭൂതത്താൻകെട്ട്, മലങ്കര, അരുവിക്കര അണക്കെട്ടുകൾ തുറന്നു.

കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി. 10 ക്യുമെക്‌സ് വെള്ളമാണ് സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്ന് സെക്കൻഡിൽ 15 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഭൂതത്താൻകെട്ട് ഡാമിന്റെ ഒമ്പതുഷട്ടറുകൾ തുറന്നു. മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി. പമ്പയ്ക്ക് പുറമെ മൂവാറ്റുപുഴയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് കുതിച്ചുയരുകയാണ്. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ കരമനയാറ്റിന്റെ തീരത്ത് വെള്ളം കയറി.

നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി. വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതാതു വില്ലേജുകളിൽ ക്യാംപുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്നു ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും  കാറ്റും ശക്തമാവുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. ചിലയിടങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്. ശനിയാഴ്ച രാത്രി പതിനൊന്നരവരെ പൊഴിയൂർമുതൽ കാസർകോടുവരെയുള്ള കേരളതീരത്ത് 2.9 മുതൽ 3.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

മഴക്കെടുതിയിൽ കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തർവീതം മരിച്ചത്. തലശ്ശേരിയിൽ വിദ്യാർഥിയായ ചിറക്കര മോറക്കുന്ന് മോറാൽക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുൽ അദ്‌നാൻ(17) കുളത്തിൽ മുങ്ങിമരിച്ചു. പത്തനംതിട്ടയിൽ മീൻ പിടിക്കാൻ പോയ തിരുവല്ല വള്ളംകുളം നന്നൂർ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റിൽ വീണുമരിച്ചു. കൊല്ലത്ത് കാറ്റിൽ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നിൽതൊടിയിൽ ദിലീപ്കുമാർ (54) മരിച്ചു.

You must be logged in to post a comment Login