സംസ്ഥാനത്ത് മഴ ശക്തം ; മഴക്കെടുതിയില്‍ ഇന്ന് 10 മരണം ; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; രണ്ടു ദിവസത്തിനിടെ 21 മരണം

 

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ടു ദിവസത്തിനിടെ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മലപ്പുറം എടവണ്ണ ഒതായിയില്‍വീട് ഇടിഞ്ഞ് നാലുപേര്‍ മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. കോഴിക്കോട് കുറ്റിയാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. വളയന്നൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു.

ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ 50 ഓളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എസ്‌റ്റേറ്റ് കാന്റീനും തൊഴിലാളികളുടെ ലയങ്ങളും മണ്ണിനടിയിലാണ്.ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കാണാതായവരെ രക്ഷിക്കാനുള്ള തിരച്ചില്‍ തുടരുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തയും ബാധിച്ചിട്ടുണ്ട്. നൂറേക്കറോളം സ്ഥലം ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയി.

പാലക്കാട് കരിമ്പയിലും, കോട്ടയം ഈരാട്ടുപേട്ട അരിക്കത്തും, വിലങ്ങാട് ആലുംമൂലയിലും ഉരുള്‍ പൊട്ടലുണ്ടായി. നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 22165 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു.

You must be logged in to post a comment Login