സംസ്ഥാനത്ത് വോട്ടിങിനിടെ മൂന്ന് പേർ കുഴഞ്ഞുവീണ് മരിച്ചു

വോട്ടിങിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മൂന്ന് പേർ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിലെ ചൊക്ലി രാമവിലാസം എച്ച്എസ്എസ് പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ വരിയിൽ നിന്ന സ്ത്രീയാണ് തളർന്നു വീണ് മരിച്ചവരിൽ ഒരാൾ. കാഞ്ഞിരത്തിൻ കീഴിൽ മൂടോളി വിജയി (65) ആണു മരിച്ചത്. പത്തനംതിട്ടയിൽ വോട്ടുചെയ്യാൻ പോളിങ് ബൂത്തിൽ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി(66)യാണ് മരിച്ച മറ്റെരാൾ. വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ ഡിപിഎം യുപിഎസ് 178ാം നമ്പർ ബൂത്തിലായിരുന്നു വോട്ട് ചെയ്യാനെത്തിയത്. കൊല്ലം കിളിക്കല്ലൂരിലെ മണിയുടെ മരണമാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആലപ്പുഴ പിരളശേരി എൽപിഎസ് 69ാം നമ്പർ ബൂത്തിലെ പോളിങ് ഓഫിസർ പ്രണുകുമാർ അപസ്മാര ബാധയെ തുടർന്നു കുഴഞ്ഞു വീണു. അദ്ദേഹത്തെ ആശുപത്രിയിലേക്കുമാറ്റി. വയനാട് പാർലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ വോട്ടു ചെയ്യാനെത്തിയ യുവതി കുഴഞ്ഞുവീണു. വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 129ാം നമ്പർ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ വെള്ളമുണ്ട എട്ടേനാൽ വട്ടക്കോളി ജാഫറിന്റെ ഭാര്യ നസീമ (23) ആണ് കുഴഞ്ഞു വീണത്.

അതേസമയം, വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ തകരാറുകൾ തുടരുകയാണ്. സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടു. പലയിടത്തും മണിക്കൂറുകളോളമാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. എറണാകുളം സെന്റ് മേരീസ് എച്ച്എസിലെ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്നു രണ്ടു പ്രാവശ്യമായി ഒരുമണിക്കൂറോളം പോളിങ് തടസപ്പെട്ടു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി വോട്ട് ചെയ്യാൻ വന്നു കൈയിൽ മഷി പുരട്ടിയ ശേഷം യന്ത്രത്തകരാറിനെ തുടർന്നു വോട്ട് ചെയ്യാതെ മടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടു ചെയ്യാനെത്തിയ പിണറായിയിൽ അര മണിക്കൂറോളം വോട്ടെടുപ്പ് മുടങ്ങി.

You must be logged in to post a comment Login