സംസ്ഥാനത്ത് വോട്ടെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനം പോളിങ്; പലയിടത്തും നീണ്ട ക്യൂ

തിരുവനന്തപുരം: വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. വോട്ടെടുപ്പ് തുടങ്ങി മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കണ്ണൂര്‍, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് രാവിലെ ഏറ്റവുമധികം പോളിങ് നടന്നത്. സ്ത്രീകളടക്കമുള്ള ആളുകള്‍ രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ട് ചെയ്യുന്നതിനായി എത്തിയിരുന്നു.

വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതും വിവിപാറ്റ് മെഷീനുകള്‍ പണിമുടക്കിയതും ആശങ്ക ഉണ്ടാക്കിയെങ്കിലും വളരെ വേഗത്തില്‍ പരിഹരിച്ച് വോട്ടിങ് തുടരുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറില്‍ ആയിരുന്നു. തിരുവനന്തപുരത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും വോട്ടിങ് മെഷീനുകളില്‍ ഗുരുതര പിഴവുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ വോട്ടിങ് യന്ത്രങ്ങളെത്തിച്ചാണ് വോട്ടെടുപ്പ് പുനനാരംഭിച്ചത്.

വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയും ഗാന്ധിനഗറില്‍ അമിത്ഷായും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് ജനവിധി തേടുന്നുണ്ട്. കേരളത്തിലെയും ഗുജറാത്തിലെയും ഉള്‍പ്പടെ രാജ്യത്തെ 116 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ തന്നെ വോട്ട് ചെയ്യുകയും റെക്കോര്‍ഡ് പോളിങ് സൃഷ്ടിക്കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

 

You must be logged in to post a comment Login