സംസ്ഥാന ബജറ്റില്‍ ഇടം നേടിയ സ്‌നേഹയെന്ന കൊച്ചുമിടുക്കിയുടെ ജീവനുള്ള വരികള്‍…

 

‘ഇത്തവണ എഴുത്തുകാരികളുടെ വരികളാണ് ബജറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. വിവിധ വിഷയങ്ങള്‍ തിരഞ്ഞു ചെന്നപ്പോള്‍ എന്‍.പി സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ ഓരു കവിത ശ്രദ്ധയില്‍പ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ട് വരികള്‍…’ പറയുന്നത് മറ്റാരുമല്ല, ഇന്ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ച കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കാണ്. പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സ്‌നേഹ ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ വരികളാണ് മന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ ചേര്‍ത്തിരിക്കുന്നു. 2015ല്‍ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ സ്‌നേഹ എഴുതിയ ‘ലാബ്’ എന്ന കവിതയിലെ ഹൃദയസ്പര്‍ശിയായ വരികളാണ് തോമസ് ഐസക്ക് ബജറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. വീടുകളിലെ അടുക്കളകളില്‍ എരിഞ്ഞുതീരുന്ന സ്ത്രീ ജീവിതങ്ങളെ ശക്തമായി അവതരിപ്പിച്ചിരിക്കുന്ന വരികളാണ് എന്‍.പി സ്‌നേഹയെന്ന കൊച്ചുമിടുക്കിയുടേത്.

എന്‍.പി സ്‌നേഹയുടെ ‘ലാബ്’ എന്ന കവിത:

കെമിസ്ട്രി സാറാണ് പറഞ്ഞത്

അടുക്കള ഒരു ലാബാണെന്ന്.

പരീക്ഷിച്ച്, നിരീക്ഷിച്ച്

നിന്നപ്പോഴാണ് കണ്ടത്

വെളുപ്പിനുണര്‍ന്ന്

പുകഞ്ഞു പുകഞ്ഞ്

തനിയെ സ്റ്റാര്‍ട്ടാകുന്ന

കരി പുരണ്ട് കേടുവന്ന

ഒരു മെഷീന്‍ അവിടെയെന്നും

സോഡിയം ക്ലോറൈഡ് ലായനി

ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന്.’ …

You must be logged in to post a comment Login