സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം വികലമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. വികലവും പ്രായോഗികമല്ലാത്തതുമായി മദ്യനയമാണ് സര്‍ക്കാരിന്റേതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.കേരളത്തില്‍ നടക്കുന്നത് അത്ഭുതകരമായ കാര്യങ്ങളാണ്. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് ഫോര്‍സ്റ്റാര്‍, ത്രീസറ്റാര്‍ വിവേചനം എന്തിനെന്നും കോടതി ചോദിച്ചു. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ മന:പൂര്‍വ്വം അത് പറയാതിരിക്കുകയാണ്, അംഗീകരിക്കാനാകാത്ത മദ്യനയമാണ് സര്‍ക്കാരിന്റേത്.പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്‌റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തളളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹൈക്കോടതി നിര്‍ദേശിച്ച 10 ബാറുകള്‍ക്കും ലൈസന്‍സ് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന് വാദങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ ഉന്നയിക്കാം.ലൈസന്‍സ് പുതുക്കി നല്‍കാന്‍ കോടതി ആവശ്യപ്പെട്ട 10 ബാറുകളില്‍ നാലെണ്ണം അടഞ്ഞുകിടക്കുന്ന 418 ബാറുകളില്‍ ഉള്‍പ്പെടുന്നവയാണ്. ഈ നാലെണ്ണത്തില്‍ ഒരെണ്ണം ഫോര്‍സ്റ്റാര്‍ ബാറും ബാക്കി മൂന്നെണ്ണം ത്രീസ്റ്റാര്‍ ബാറുമാണ്.ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമേ ഇനി ലൈസന്‍സ് നല്‍കൂവെന്ന സര്‍ക്കാരിന്റെ നയം ഹൈക്കോടതിയിലും ചോദ്യം ചെയ്യപ്പെട്ടിരുന്നു.എ.ജിയുടെ നിയമോപദേശം മറികടന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

You must be logged in to post a comment Login