സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് കോഴിക്കോടിന്;പാലക്കാട് രണ്ടാമത്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും  കോഴിക്കോടിന്കിരീടം . 937 പോയിന്റുകള്‍ നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോടിന്റെ വിജയം. പാലക്കാട് 934 പോയിന്റും മൂന്നാം സ്ഥാനക്കാരായ കണ്ണൂര്‍ 934 പോയിന്റും നേടി.

തുടര്‍ച്ചയായ 11 ആം തവണയാണ് സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം നേടുന്നത്. അവസാന ദിവസം നാലു മത്സരങ്ങള്‍ മാത്രം ശേഷിക്കേ കോഴിക്കോടും പാലക്കാടും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എഴുപതോളം അപ്പീലുകളുള്ളതിനാല്‍ കിരീടാവകാശികളെ നിര്‍ണയിക്കുക മുന്‍വര്‍ഷത്തെ പോലെ തന്നെ അപ്പീലുകള്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ദേശഭക്തിഗാനത്തിന്റെ ഫലം വന്നതോടെ രാവിലെ മുതല്‍ മുന്നിട്ടുനിന്നിരുന്ന പാലക്കാടിനെ കോഴിക്കോട് മറികടക്കുകയായിരുന്നു. ദേശഭക്തിഗാനത്തില്‍ മത്സരിച്ച കോഴിക്കോടിന്റെ മൂന്ന് പേര്‍ എ ഗ്രേഡ് സ്വന്തമാക്കിയപ്പോള്‍ പാലക്കാട് രണ്ടു ബി ഗ്രേഡില്‍ ഒതുങ്ങി.

ഇതുവരെ നടന്ന സ്‌കൂള്‍ കലോത്സവങ്ങളില്‍ 21ാം തവണയാണ് കോഴിക്കോട് കിരീടം ചൂടുന്നത്. 20 തവണ ഒറ്റയ്ക്ക് ജേതാക്കളായപ്പോള്‍ 2015ല്‍ കോഴിക്കോട്ട് നടന്ന കലോത്സവത്തില്‍ ഫോട്ടോ ഫിനിഷില്‍ പാലക്കാടുമായി കിരീടം പങ്കിടുകയായിരുന്നു.

2015ല്‍ കോഴിക്കോടിന്റെ കടുത്ത വെല്ലുവിളിയ്‌ക്കൊപ്പം നിന്ന പാലക്കാടിന് തുടര്‍ച്ചയായ രണ്ടാം തവണയാണ് കിരീടം നേടാനാവാതെ പോവുന്നത്. അപ്പീലുകള്‍ ഫലം നിര്‍ണയിച്ച 2016ലെ കലോത്സവത്തിലും കോഴിക്കോട് അവസാന നിമിഷം പാലക്കാടിനെ പിന്നിലാക്കുകയായിരുന്നു. ഇത്തവണ കൂടുതല്‍ അപ്പീലുകള്‍ നല്‍കിയത് പാലക്കാടായിരുന്നു. എന്നാല്‍ അവസാന ദിവസത്തെ അപ്പീലുകളില്‍ ഭൂരിഭാഗവും കമ്മിറ്റി തള്ളുകയായിരുന്നു.

You must be logged in to post a comment Login