സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നാളെ ആരംഭിക്കും

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നാളെ ആരംഭിക്കും ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ആലപ്പുഴയിലാണ് കലോത്സവം നടക്കുന്നത്. പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കലോത്സവം മൂന്നു ദിവസമായി ചുരുക്കുകയായിരുന്നു.

രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമായി ചുരുക്കും. ജില്ലാ തലത്തിലെ വിജയികളെ സംസ്ഥാന തലത്തില്‍ മൂല്യനിര്‍ണയം ചെയ്ത് വിജയികളെ കണ്ടെത്തുകയും ഗ്രേസ് മാര്‍ക്ക് നല്‍കുകയും ചെയ്യും.

ആര്‍ഭാടമില്ലാതെ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരമാവധി ഓഡിറ്റോറിയങ്ങളിലും ഹാളുകളിലുമായിരിക്കും മത്സരങ്ങള്‍ക്ക് വേദി കണ്ടെത്തുക.

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് മത്സര വേദികളില്‍ ഭക്ഷണം തയ്യാറാക്കുക. ചെലവ് കുറയ്ക്കാനായി ഉദ്ഘാടനസമാപന ചടങ്ങുകളുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.

19 ഇനങ്ങളില്‍ നടക്കുന്ന അറബിക് കലോല്‍സവത്തില്‍ 500 വിദ്യാര്‍ഥികളെത്തും. ഇവയ്ക്കായി രണ്ടു വേദികളണ് സജ്ജമാക്കുക. സംസ്‌കൃതോല്‍സവം 29 വേദികളിലായി പരമാവധി ചെലവു കുറഞ്ഞ രീതിയില്‍ മികച്ച നിലയില്‍ നടത്താനാണ് തീരുമാനം.

12000 വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് മേളയ്ക്ക് എത്തുകയെന്നാണ് പ്രതീക്ഷ. വിവിധ വേദികളുടെ അറ്റകുറ്റപ്പണിക്കായി 25 ലക്ഷം രൂപയാണ് നരസഭ ചെലവഴിക്കുന്നത്.

അറവുകാട് മുതല്‍ തുമ്പോളി വരെയുള്ള ഭാഗങ്ങളിലെ 12 സ്‌കൂളുകളിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യം ഒരുക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴ നഗരം ആതിഥേയത്വം വഹിക്കുന്നത് ഇത് മൂന്നാം തവണയാണ്.

You must be logged in to post a comment Login