സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അപര്‍ണയും ആന്‍സ്റ്റിനും വേഗമേറിയ താരങ്ങളായി

പാലാ: അറുപത്തൊന്നാമത് സ്‌കൂള്‍ കായിക മേളയില്‍ കോഴിക്കോടിന്റെ അപര്‍ണയും തിരുവനന്തപുരത്തിന്റെ ആന്‍സ്റ്റിനും വേഗമേറിയ താരങ്ങളായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്ററിലാണ് അപര്‍ണ റോയ് സ്വര്‍ണ്ണം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അപര്‍ണ. 12.49 സെക്കന്റിലാണ് അപര്‍ണ ഫിനിഷ് ചെയ്തത്.

സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയാണ് ഒന്നാമതെത്തിയത്. തിരുവനന്തപുരം സായ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആന്‍സ്റ്റിന്‍.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശ്ശൂരിനാണ് സ്വര്‍ണ്ണം. നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജനാണ് ഒന്നാമതെത്തിയത്. മലപ്പുറത്തിന്റെ പി.ഡി അഞ്ജലി വെള്ളി നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ അഭിനവ്.സി സ്വര്‍ണ്ണം നേടി.

പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ വി.നേഹയാണ് സ്വര്‍ണ്ണം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ സാനിയക്കാണ് വെള്ളി. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ എറണാകുളം കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ തഞ്ചം അലേറ്റസന്‍ സിങിനാണ് സ്വര്‍ണ്ണം നേടിയത്. മണിപ്പൂര്‍ സ്വദേശിയാണ് തഞ്ചം അലേറ്റസന്‍. കോട്ടയത്തിന്റെ റെനന്‍ ഇമ്മാനുവല്‍ തോമസ് വെള്ളി നേടി.

എറണാകുളത്തിന്റെ അനുമോള്‍ തമ്പിയും ശ്രീകാന്തും ഇരട്ടസ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററിലാണ് അനുമോളുടെ രണ്ടാം സ്വര്‍ണം. മൂവായിരം മീറ്ററിൽ നേരത്തെ സ്വര്‍ണം നേടിയിരുന്നു. ലോങ് ജംപിൽ ഒന്നാമതെത്തിയ ശ്രീകാന്ത് ഹൈജംപിലും ഒന്നാമനായി. ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ കോട്ടയത്തിന്റെ സാന്ദ്ര സാബുവിനാണ് സ്വർണം. ദേശീയ റെക്കോർ‍ഡ് മറികടന്നാണ് സാന്ദ്ര സ്വർണമണിഞ്ഞത്.

You must be logged in to post a comment Login