സച്ചിനെ മറികടക്കാനൊരുങ്ങി കുക്ക്

Alastair-Cook-ഹെഡിങ്‌ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കാനൊരുങ്ങി ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ അലിസ്റ്റര്‍ കുക്ക്. ടെസ്റ്റില്‍ 10,000 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയാണ് സച്ചിനെ മറികടന്ന് കുക്ക് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2005 ലാണ് സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയത്. തന്റെ മുപ്പത്തിരണ്ടാം പിറന്നാളിന് ദിവസങ്ങള്‍ ശേഷിക്കെയായിരുന്നു സച്ചിന്‍ പതിനായിരം റണ്‍സ് ക്ലബ്ബിലെത്തിയത്. കുക്ക് കഴിഞ്ഞ ഡിസംബറിലാണ് മുപ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ചത്. അടുത്ത മാസം ശ്രീലങ്കയ്‌ക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ 10,000 ക്ലബ്ബിലെത്തിയാല്‍ റെക്കോഡ് കുക്കിന് സ്വന്തമാകും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരം എന്ന ബഹുമതിയും ഈ ഇടംകൈയ്യന്‍ താരത്തിന് ലഭിക്കും.

ഇപ്പോള്‍ 126 ടെസ്റ്റുകളില്‍ നിന്ന് 46.56 ശരാശരിയില്‍ 9964 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം. 10,000 എന്ന നേട്ടത്തിലെത്താന്‍ 34 റണ്‍സ് കൂടിയാണ് കുക്കിന് വേണ്ടത്. ലോകക്രിക്കറ്റില്‍ ഇതുവരെ 11 പേരാണ് 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമായിട്ടുള്ളത്.

You must be logged in to post a comment Login