സച്ചിന്റെ കാല്‍തൊട്ട് വണങ്ങി കാംബ്ലി; വൈറലായി വീഡിയോ


ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും തമ്മിലുള്ളത്. 1988ല്‍ ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ഇരുവരും ചേര്‍ന്ന് 664 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുന്നതുമുതല്‍ സച്ചിന്‍ തന്റെ മോശം സമയത്ത് സഹായിക്കുക പോലും ചെയ്തില്ല എന്ന കാംബ്ലിയുടെ പ്രസ്താവന വരെ ഇരുവരുടേയും കൂട്ടുകെട്ടില്‍ സാക്ഷിയായി.

എന്നാല്‍ ഇപ്പോള്‍ ഇരുവരുടേയും സൗഹൃദം കണ്ട് ക്രിക്കറ്റ് ലോകവും ആരാധകരും ഒരുമിച്ച് കയ്യടിക്കുകയാണ്. മുംബൈയില്‍ നടന്ന ടി20 ലീഗ് മത്സരത്തിന് ശേഷം അവാര്‍ഡ് ദാന ചടങ്ങില്‍ റണ്ണേര്‍സ് അപ്പിനുള്ള പുരസ്‌കാരം വിതരണം ചെയ്യുന്നത് സുനില്‍ ഗവാസ്‌ക്കര്‍ ആയിരുന്നു. എന്നാന്‍ അവാര്‍ഡ് സ്വീകരിച്ച ശേഷം വേദിയിലുണ്ടായിരുന്ന സച്ചിനരികില്‍ചെന്ന് കാലുതൊട്ടു തൊഴുകയായിരുന്നു കാംബ്ലി. ഈ വിഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കാലില്‍വീഴാനൊരുങ്ങിയ കാംബ്ലിയെ സച്ചിന്‍ എണീപ്പിക്കുകയും ആശ്ലേഷിക്കുകയുമായിരുന്നു. ഏറെ നാളായി ഇരുവരും തമ്മിലുള്ള പിണക്കത്തിന് ശേഷം കാംബ്ലിയും സച്ചിനും കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന ഒരു പുസ്തക പ്രകാശനത്തിന് ഇരുവരും ഒരുമിച്ചെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. പരിശീലകനായി ക്രിക്കറ്റിലേക്കുള്ള രണ്ടാം തിരിച്ചുവരവിന് കാരണമായത് സച്ചിനാണെന്ന് കാംബ്ലി പറഞ്ഞിരുന്നതും ഏറെ വാര്‍ത്തപ്രാധാന്യം നേടിയിരുന്നു.

You must be logged in to post a comment Login