സച്ചിന്റെ ക്ലാസ്സും ദാദയുടെ മാസ്സും ചേര്‍ന്ന ഒരു അടാര്‍ ജിന്നാണ് പഹയന്‍; ഇന്ത്യന്‍ നായകനെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

ആടിയുലഞ്ഞ കപ്പലില്‍ ഒരാള്‍ മാത്രം ഇളകാതെ നിന്നു. ഇന്ത്യന്‍ നിരയുടെ നായകന്‍ വിരാട് കോഹ്‌ലി. സാം കുറാനും ബെന്‍ സ്റ്റോക്ക്‌സും തകര്‍ത്ത ബാറ്റിംഗ് നിരയെ കോഹ്‌ലി പതറാതെ സംരക്ഷിച്ചു. രണ്ട് തവണ പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട കോഹ്‌ലിയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ (149) ബലത്തില്‍ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 274 റണ്‍സ് നേടി. 13 റണ്‍സ് ലീഡുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 3.4 ഓവറില്‍ ഒന്നിന് ഒമ്പത് എന്ന നിലയിലാണ്.

എന്നാല്‍, ഇതിനെല്ലാം പുറമെ മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ടെസ്റ്റ് പരമ്പകരയിലെ 22ാം സെഞ്ച്വറിയും സ്വന്തമാക്കിയിരിക്കുകയാണ് താരം. ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ അണിനിരന്ന ടീമാണ് ഇന്ത്യ. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍, സേവാഗ്, ധോണി എന്നിങ്ങനെയുള്ള താരങ്ങളുടെ അഭാവത്തിന്റെ ഭാരം കോഹ്‌ലി ഒറ്റയ്ക്ക് ചുമലില്‍ വഹിക്കുകയായിരുന്നു. താരത്തിന്റെ മികച്ച പ്രകടനം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയായിരുന്നു ആരാധകര്‍.

യുദ്ധത്തില്‍ രാജ്യം കീഴടക്കിയ പോരാളിയെ പോലെ സോഷ്യല്‍ മീഡിയ താരത്തെ വാനോളം പുകഴ്ത്തുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 134 റണ്‍സ് മാത്രം നേടാനാണ് സാധിച്ചത്. ഇത്തവണ ആദ്യ മത്സരത്തില്‍ തന്നെ 149 റണ്‍സ് സ്വന്തമാക്കി എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് താരം.

അശ്വിന്റെ പന്തില്‍ അലസ്റ്റയര്‍ കുക്ക് പൂജ്യനായി പുറത്താകുകയായിരുന്നു. ടെസ്റ്റില്‍ മത്സരിച്ചത് ടീം ഇന്ത്യയായിരുന്നുവെങ്കിലും കണ്ടത് ഇന്ത്യന്‍ നായകന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ലോകം കണ്ണുചിമ്മാതെ നോക്കിയിരുന്ന നിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ കടന്ന് പോയത്. ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുമ്പോഴും ഒറ്റയ്ക്ക് പൊരുതി നിന്ന് ടീമിനെ 274 റണ്‍സിലേക്ക് നയിച്ച കോഹ്‌ലിയുടെ പ്രകടനം അമ്പരപ്പോടെയാണ് ആരാധകരും കണ്ടത്.

13 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. അലസ്റ്റയര്‍ കുക്ക് അശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.ഇംഗ്ലണ്ടില്‍ കോഹ്‌ലിയുടെ ആദ്യ സെഞ്ചുറിയാണിത്. ധവാനും (26) വിജയും (20) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒരു മണിക്കൂറോളം ആന്‍ഡേഴ്‌സണെയും ബ്രോഡിനെയും അവര്‍ ചെറുത്തു നിന്നു. 70 പന്തില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.

28ാം ഓവറില്‍ ഇന്ത്യ നൂറ് കടന്നെങ്കിലും ഒട്ടും ആധികാരികമായിരുന്നില്ല കോഹ്‌ലിരഹാനെ സഖ്യത്തിന്റെ ബാറ്റിംഗ്. ഒടുവില്‍ സ്റ്റോക്ക്‌സിന്റെ സ്വിംഗ് മനസ്സിലാക്കാതെ ബാറ്റുവച്ച രഹാനെ (15) മൂന്നാം സ്ലിപ്പില്‍ ജെന്നിങ്‌സിനു ക്യാച്ച് നല്‍കി. രണ്ട് ഓവറിനു ശേഷം സ്റ്റോക്ക്‌സിന്റെ മറ്റൊരു ഇന്‍സ്വിങറില്‍ ദിനേശ് കാര്‍ത്തികിന്റെ സ്റ്റംപ് തെറിച്ചു.

ഹാര്‍ദികും വന്ന പോലെ മടങ്ങേണ്ടതായിരുന്നു. ഇത്തവണയും ഡിആര്‍എസ് ഇന്ത്യയ്ക്കു തുണയായി.ആറാം വിക്കറ്റില്‍ ഹാര്‍ദികിനൊപ്പം (22) 48 റണ്‍സ് നേടിയതോടെ കോഹ്‌ലിയുടെ ആത്മവിശ്വാസം കൂടി. അശ്വിന്‍ (15), ഇഷാന്ത് (അഞ്ച്) എന്നിവരുടെ ചെറിയ കൂട്ടില്‍ സ്‌കോര്‍ ഉയര്‍ത്തിയ കോഹ്‌ലി 65ാം ഓവറിന്റെ നാലാം പന്തില്‍ സ്റ്റോക്ക്‌സിന്റെ പന്ത് പോയിന്റ് ബൗണ്ടറിയിലേക്കു പായിച്ച് വിലപിടിപ്പുള്ള സെഞ്ചുറി തികച്ചു.

പൂജാരയ്ക്ക് പകരം ടീമിലെത്തിയ കെഎല്‍ രാഹുല്‍ വെറും നാല് റണ്‍സ് മാത്രം നേടി മടങ്ങി. ദിനേശ് കാര്‍ത്തിക് പൂജ്യത്തിന് പുറത്തായി. രഹാനെയും ഹര്‍ദ്ദിക് പാണ്ഡ്യയും നിരാശ സമ്മാനിച്ച് മടങ്ങിയപ്പോള്‍ വിരാട് കോഹ്‌ലിയില്‍ മാത്രമായി ഇന്ത്യയുടെ പ്രതീക്ഷ.

മാലയില്‍ കൊരുത്തിയിട്ട വിവാഹ മോതിരത്തില്‍ ചുംബിച്ചാണ് കോഹ്‌ലി ഇംഗ്ലണ്ടിലെ ആദ്യ സെഞ്ച്വറിയിലെ ആഹ്ലാദം പ്രകടിപ്പിച്ചത്. ഇംഗ്ലണ്ടിനായി സാം കുറാന്‍ നാലും സ്റ്റോക്ക്‌സ്, ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. വ്യക്തിഗത സ്‌കോര്‍ 21ല്‍ കോഹ്‌ലിയെ ഡേവിഡ് മാലന്റെ പന്തില്‍ രണ്ടാം സ്ലിപ്പില്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ കൈവിട്ടു. അര്‍ധ സെഞ്ചുറി കടന്നയുടന്‍ അതേ പൊസിഷനില്‍ മാലനും കോഹ്‌ലിക്കു ലൈഫ് നല്‍കി.

You must be logged in to post a comment Login