സച്ചിന്‍ വിരമിച്ചതിന് പിന്നില്‍?; സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

sachin

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ബിസിസിഐ നിര്‍ബന്ധിച്ചോ എന്ന വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനിടെ ചീഫ് സിലക്ടര്‍ സന്ദീപ് പാട്ടീലിന്റെ പ്രതികരണമാണു വീണ്ടും സംശയങ്ങള്‍ ഉയരാന്‍ കാരണം.

സിലക്ടര്‍മാരും ബിസിസിഐയും തമ്മില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താനാകില്ല. ചില കാര്യങ്ങള്‍ അതീവ രഹസ്യങ്ങളാണ് സന്ദീപ് പറയുന്നു. സച്ചിന്റെ വിരമിക്കല്‍ സമയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സെലക്ടര്‍ ആയതില്‍ വിഷമമുണ്ടാക്കിയ ഒരേയൊരു കാര്യം ചില സുഹൃത്തുക്കളെ നഷ്ടമായെന്നതാണ്. പക്ഷേ അതെല്ലാം ഇതിന്റെ ഭാഗങ്ങള്‍ മാത്രമാണെന്നും സന്ദീപ് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

ഇരുന്നൂറാം ടെസ്റ്റ് മല്‍സരത്തിനു ശേഷം സച്ചിന്‍ വിരമിക്കണമെന്ന് സന്ദീപ് പാട്ടീല്‍ ആവശ്യപ്പെട്ടിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിസിസിഐ ഇതു നിഷേധിച്ചെങ്കിലും ഇതേക്കുറിച്ചുള്ള ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്കാന്‍ സന്ദീപ് പാട്ടീല്‍ തയ്യാറാകാതിരുന്നതാണ് സംശയങ്ങള്‍ വീണ്ടുമുയരാന്‍ കാരണം.

2013 നവംബര്‍ 14ന് വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു സച്ചിന്റെ അവസാന മല്‍സരം.

You must be logged in to post a comment Login