സച്ചിൻ, സെവാഗ്, യുവി, സഹീർ; റോഡ് സേഫ്റ്റി പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇതിഹാസ താരങ്ങൾ

റോഡ് സേഫ്റ്റി വേൾഡ് സീരീസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ തെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യൻ ലെജൻഡ്സ് ടീമിൽ ശ്രദ്ധേയരായ പല മുൻ താരങ്ങളും ഇടം നേടിയിട്ടുണ്ട്. വിരേന്ദർ സെവാഗ്, യുവ്‌രാജ് സിംഗ്, സഹീർ ഖാൻ, മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, മുനാഫ് പട്ടേൽ, അജിത് അഗാർക്കർ തുടങ്ങിയ ഒട്ടേറെ താരങ്ങൾ ടീമിൽ ഉൾപ്പെട്ടു.

വിൻ്റേജ് ഓപ്പണിംഗ് ജോഡികളായ സച്ചിൻ-സെവാഗ് ദ്വയമായിരിക്കും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. മധ്യനിരയിൽ യുവി-കൈഫ് എവർഗ്രീൻ കോമ്പോ. ബൗളിംഗ് ഓപ്പൺ ചെയ്യാൻ സഹീർ-മുനാഫ്. തേർഡ് സീമറായി അഗാർക്കർ. പ്രഗ്യാൻ ഓജ സ്പിന്നറാവും. ഓൾറൗണ്ടർ റോളിൽ ഇർഫാൻ പത്താൻ. ഇവർക്കൊപ്പം മുൻ ബാറ്റിംഗ് പരിശീലകൻ കൂടിയായ സഞ്ജയ് ബംഗാറും ഓൾറൗണ്ടറായി ടീമിലുണ്ട്. സായ്‌രാജ് ബഹുതുലെ, സമീർ ദിഘെ എന്നിവർ കൂടി ടീമിൽ കളിക്കും.

മാർച്ച് 7 മുതൽ 22 വരെയാണ് സീരീസ് നടക്കുക. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ലെജൻഡ്സും ബ്രയാൻ ലാറയുടെ വെസ്റ്റ് ഇൻഡീസ് ലെജൻഡ്സും തമ്മിൽ ഏറ്റുമുട്ടും. മാർച്ച് ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇതിഹാസ താരങ്ങൾ ഉൾപ്പെടുന്ന 5 ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക. ആകെ 11 മത്സരങ്ങളാണ് ഉണ്ടാവുക. വാംഖഡെയിൽ രണ്ട് മത്സരങ്ങൾ നടക്കുമ്പോൾ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നാലു മത്സരങ്ങൾ നടക്കും. നേവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും നാല് മത്സരങ്ങളുണ്ട്. ഫൈനൽ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക.

You must be logged in to post a comment Login