സഞ്ചാരികള്‍ക്ക് വര്‍ണക്കാഴ്ചയൊരുക്കി കര്‍ണാടകയിലെ പൂപ്പാടങ്ങള്‍

ഗുണ്ടല്‍പ്പേട്ട്: കര്‍ണാടകയിലെ കൃഷിപ്പാടങ്ങള്‍ സഞ്ചാരികള്‍ക്ക് വര്‍ണക്കാഴ്ചകളൊരുക്കുകയാണ്. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട, എച്ച്ഡി കോട്ട, കക്കല്‍തൊണ്ടി പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ സൂര്യകാന്തി, ചെണ്ടുമല്ലി തുടങ്ങിയവ പൂത്തുലഞ്ഞ് നില്‍ക്കുകയാണ്.
ഇതോടെ കേരളത്തില്‍ നിന്നും മറ്റും ഇവിടങ്ങളിലേക്ക് സഞ്ചാരികളും ഒഴുകിയെത്താന്‍ തുടങ്ങി.
സുല്‍ത്താന്‍ ബത്തേരി-മൈസൂര്‍ റോഡിന്റെ ഇരുവശങ്ങളിലും പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെണ്ടുമല്ലി, സൂര്യകാന്തി പാടങ്ങള്‍ കാണാന്‍ കനത്ത മഴയിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ നിരവധി സഞ്ചാരികളാണ് എത്തുന്നത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍നിന്നും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നുമടക്കം സഞ്ചാരികള്‍ ഇങ്ങോട്ട് ഒഴുകിയെത്തുകയാണ്.
കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ടായിരുന്നു മുന്‍പ് ഇവിടെ പൂക്കള്‍ കൃഷി ചെയ്തിരുന്നത്. എന്നാല്‍ അടുത്തകാലത്തായി പെയിന്റ് കമ്പനികള്‍ പൂക്കള്‍ ശേഖരിച്ച് തുടങ്ങിയതോടെ വ്യാവസായിക അടിസ്ഥാനത്തിലും കര്‍ഷകര്‍ പൂക്കൃഷി ആരംഭിച്ചു. സഞ്ചാരികള്‍ ഗുണ്ടല്‍പ്പേട്ടിലേക്കും പരിസര പ്രദേശങ്ങളിലേക്കും വന്നെത്തുന്നതിനാല്‍ മേഖലയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

You must be logged in to post a comment Login