സഞ്ജുവിനെതിരെയുള്ള അന്വേഷണത്തിന് അച്ചടക്ക സമിതി രൂപീകരിച്ചു; ടി ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷന്‍

sanjusamson-iccu19wc-1437143313-800

കൊച്ചി: കേരള ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേന്‍ അച്ചടക്ക സമിതി രൂപീകരിച്ചു.ടി ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായ നാലംഗ സമിതിയെയാണ് കെസിഎ നിശ്ചയിച്ചിരിക്കുന്നത്.എസ് രമേശ്, പി രംഗനാഥന്‍, ഡി ശ്രീജിത്ത് എന്നിവരാണ് മറ്റ് അംഗങ്ങള്‍.ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഞ്ജുവിന് കെസിഎ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

മുംബൈയില്‍ ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി മല്‍സരം നടക്കുന്നതിനിടെ സഞ്ജു അധികൃതരുടെ അനുമതിയില്ലാതെ പുറത്തുപോയെന്നാണ് ആരോപണം.ചട്ടവിരുദ്ധമായി ഏറെ സമയം പുറത്ത് ചെലവഴിച്ച സഞ്ജു,വൈകിയാണ് താമസ സ്ഥലത്തേക്ക് മടങ്ങിയെത്തിയതെന്നും പറയുന്നു. ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയശേഷം പരുഷമായി പെരുമാറിയതായി ആരോപണമുണ്ട്. കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ആറു മണിക്കൂറോളം സമയം സഞ്ജു ടീം ക്യാംപില്‍നിന്ന് അപ്രത്യക്ഷനായി. ഏറെ വൈകി തിരിച്ചെത്തുകയും ചെയ്തു. താന്‍ എവിടേക്കാണു പോകുന്നതെന്ന കാര്യം സഞ്ജു ടീം അധികൃതരെ അറിയിച്ചിരുന്നുമില്ല.

നിലവില്‍ ഒഡീഷയിലെ കട്ടക്കില്‍ ത്രിപുരക്കെതിരെയുളള രഞ്ജി ട്രോഫി മത്സരത്തില്‍ നിന്നും സഞ്ജുവിനെ ടീം മാനേജുമെന്റ് മാറ്റിനിര്‍ത്തിയിരുന്നു.രഞ്ജിയുടെ തുടക്കത്തില്‍ കശ്മീരിനെതിരെ നേടിയ 154 റണ്‍സ് ഒഴിച്ചാല്‍ സീസണില്‍ സഞ്ജു മോശം പ്രകടനമാണ് കാഴ്ച്ച വെച്ചതെന്നായിരിുന്നു ഇതിന് കാരണമായി മാനേജ്‌മെന്റ് പറഞ്ഞത്.

ടീമില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന വാര്‍ത്തയേക്കുറിച്ച് അറിഞ്ഞ സഞ്ജു, കാല്‍മുട്ടിലെ പരുക്കിന് ചികിത്സ തേടുന്നതിന് തന്നെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് കെസിഎയെ സമീപിച്ചിരുന്നു. എന്നാല്‍, സഞ്ജുവിന്റെ അപേക്ഷ തള്ളിയ കെസിഎ, കട്ടക്കില്‍ തുടരാന്‍ യുവതാരത്തോട് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവിനെ ഫോണില്‍ വിളിച്ച സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ്, മകനെ ചികിത്സയ്ക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത് നിഷേധിച്ചതിനെത്തുടര്‍ന്ന് സാംസണ്‍ ടി.സി.മാത്യുവിനെ അസഭ്യം പറഞ്ഞതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും കെസിഎ അന്വേഷണത്തിന് വിടും.

അതെസമയം സഞ്ജുവിനെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ നിഷേധിച്ച് പിതാവ് സാംസണ്‍ വിശ്വനാഥ് രംഗത്ത് വന്നു. മാത്യുവിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നത് സത്യമാണെങ്കിലും അദ്ദേഹത്തെ അസഭ്യം പറഞ്ഞിരുന്നില്ല. തന്റെ മകന്റെ കരിയര്‍ നശിപ്പിക്കുവാന്‍ ചിലര്‍ മന:പൂര്‍വ്വം ശ്രമിക്കുകയാണെന്നും പിതാവ് ആരോപിച്ചു.

You must be logged in to post a comment Login