സഞ്ജുവിനെയും ബേസിലിനെയും വാനോളം പുകഴ്ത്തി മുന്‍ ഓസീസ് താരം

കൊച്ചി: മലയാളി ക്രിക്കറ്റര്‍മാരായ സഞ്ജു സാംസണിനെയും ബേസില്‍ തമ്പിയെയും വാനോളം പുകഴ്ത്തി മുന്‍ ഓസീസ് താരവും കേരള പരിശീലകനുമായ ഡേവ് വാട്‌മോര്‍. സഞ്ജുവിന് പൂര്‍ണ മികവ് പ്രകടിപ്പിക്കാനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് വാട്‌മോര്‍ പറയുന്നു.

ക്രിക്കറ്റ് ലോകത്ത് ബാറ്റിംഗില്‍ വിസ്‌ഫോടനം തീര്‍ക്കാന്‍ സഞ്ജുവിന് കഴിയുമെന്നും ലോകോത്തര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഇതുവരെ തന്റെ പ്രതിഭ പൂര്‍ണമായും പുറത്തെടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേരള പരിശീലകന്‍ അഭിപ്രായം തുറന്നുപറഞ്ഞത്.

ബേസില്‍ തമ്പിയെ ദേശീയ സെലക്ടര്‍മാര്‍ ടി20 സ്‌പെഷലിസ്റ്റ് എന്ന നിലയിലാണ് പരിഗണിക്കുന്നത്. എന്നാല്‍ ബേസിലിന് എല്ലാ ഫോര്‍മാറ്റിലും മികവ് കാട്ടാനാകുമെന്നും മുന്‍ ഓസീസ് താരം പറഞ്ഞു.

രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി കേരളം ക്വാര്‍ട്ടര്‍ പ്രവേശനം നേടിയപ്പോള്‍ ഇവര്‍ രണ്ടു പേരുടേയും പ്രകടനം നിര്‍ണായകമായിരുന്നു. സീസണില്‍ കേരള ടീമിന്റെ പ്രകടനത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും വാട്‌മോര്‍ വ്യക്തമാക്കി. മുന്‍ ഓസ്‌ട്രേലിയന്‍ താരവും ശ്രീലങ്കയെ ലോക ചാമ്പ്യന്‍മാരാക്കിയ പരിശീലകനുമാണ് ഡേവ് വാട്‌മോര്‍. പരിശീലകനായി സ്ഥാനമേറ്റ ആദ്യ സീസണില്‍ തന്നെ കേരളത്തെ ക്വാര്‍ട്ടറിലെത്തിച്ച വാട്‌മോര്‍ ഇഫക്ട് വലിയ ചര്‍ച്ചയായിരുന്നു.

You must be logged in to post a comment Login