സഞ്ജുവിനെ ടീമിലെടുത്തില്ല; പ്രതിഷേധവുമായി ആരാധകരും ക്രിക്കറ്റ് വിദഗ്ധരും

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20, ഏകദിന പരമ്പരക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം കനക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഫേസ്ബുക്ക് പേജിലാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെയും ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയതിനെയും ചോദ്യം ചെയ്ത് ആരാധകർ പ്രതിഷേധമറിയിക്കുന്നത്.

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരക്കുള്ള ടീം ലിസ്റ്റ് പോസ്റ്റ് ചെയ്ത ചിത്രത്തിൽ കമൻ്റായിട്ടാണ് ആരാധകരുടെ രോഷ പ്രകടനം. കമൻ്റിലൂടെ പ്രതിഷേധമറിയിക്കുന്നതിൽ മലയാളികളോടൊപ്പം മറ്റു സംസ്ഥാനങ്ങളിലെ ആളുകളും ഉണ്ട്. ബംഗ്ലാദേശ് സീരീസിൽ ടീമിലെടുത്തിട്ടും ഒരു അവസരം പോലും നൽകാതെ അടുത്ത സീരീസിൽ ഒഴിവാക്കിയതിനെയാണ് ആളുകൾ ചോദ്യം ചെയ്യുന്നുണ്ട്. ഋഷഭ് പന്ത് മോശം ഫോം തുടരുമ്പോൾ എന്തു കൊണ്ട് സഞ്ജുവിനെ പരീക്ഷിക്കാൻ സെലക്ഷൻ കമ്മറ്റി തയ്യാറാകുന്നില്ല എന്നും ആളുകൾ ചോദിക്കുന്നു. കേദാർ ജാദവിനെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെയും ചിലർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ആരാധക പ്രതിഷേധത്തിനൊപ്പം ഹർഷ ഭോഗ്‌ലെ, ശശി തരൂർ, മാധ്യമ പ്രവർത്തകനായ അയാസ് മേനോൻ തുടങ്ങിയവരും സഞ്ജുവിനെ ഒഴിവാക്കിയതിരെ രംഗത്തെത്തി. വെറുതെ യാത്ര ചെയ്ത് നടക്കുന്നതിനെക്കാൾ സഞ്ജുവിന് നല്ലത് ക്രിക്കറ്റ് കളി തന്നെയാണെന്നാണ് ഹർഷ പറഞ്ഞത്. ബംഗ്ലാദേശിനെതിരെ ടീമിൽ ഇറ്റം നേടിയിട്ടും കളിക്കാൻ അവസരം ലഭിക്കാതിരുന്നതാണ് ഹർഷ തൻ്റെ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. ബംഗ്ലാദേശിനെതിരെ ഒരു കളി പോലും അവസരം നൽകാതെ ഈ പരമ്പരയിൽ തഴഞ്ഞതിനെയാണ് ശശി തരൂരും അയാസ് മേനോനും വിമർശിച്ചത്.

വിൻഡീസിനെതിരായ ടി-20, ഏകദിന പരമ്പരകൾക്കുള്ള ടീമിനെ ഇന്ന് വൈകിട്ടാണ് തിരഞ്ഞെടുത്തത്. ഇരു ടീമിലും ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ. വിരാട് കോലിയാണ് നായകൻ. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നതു മൂലം രോഹിത് ശർമ്മക്ക് വിശ്രമം അനുവദിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഹിതിനൊപ്പം മോശം ഫോമിലുള്ള ശിഖർ ധവാനും ടീമിൽ ഇടം നേടി. ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ ടീമിലേക്ക് മടങ്ങി എത്തിയപ്പോൾ സഞ്ജു സാംസൺ, ഷർദ്ദുൽ താക്കൂർ, കൃണാൽ പാണ്ഡ്യ, രാഹുൽ ചഹാർ എന്നിവർ പുറത്തായി. ഏകദിന ടീമിൽ നവദീപ് സെയ്നിക്ക് പകരം ദീപക് ചഹാറും ഖലീൽ അഹ്മദിനു പകരം ശിവം ദുബേയും ടീമിലെത്തി.

You must be logged in to post a comment Login