സന്തോഷം കണ്ണീരായപ്പോള്‍ ;വിജയനിമിഷത്തില്‍ ഫെഡറര്‍ (വീഡിയോ)

ഫൈനലുകളിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം മുപ്പത്തഞ്ചാം വയസ്സിലെ തന്റെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുമ്പോള്‍ റോജര്‍ ഫെഡറര്‍ വളരെ വികാരഭരിതനായിരുന്നു. വിജയനിമിഷത്തില്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ ഫെഡര്‍ പിന്നീട് കണ്ണീരണിഞ്ഞു. ഒരു കാലത്ത് ടെന്നീസ് കോര്‍ട്ട് അടക്കിവാണ രാജാവിന്റെ മറ്റൊരു കിരീടധാരണത്തില്‍ റോഡ് ലാവര്‍ അറീനയില്‍ തിങ്ങിനിറഞ്ഞ കാണികളും കരഘോഷമുയര്‍ത്തി.

ടെന്നിസിലെ വെറ്ററന്‍മാരുടെ പോരാട്ടം കായിക ലോകം ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. കാണികള്‍ പ്രതീക്ഷിച്ച പോരാട്ടം തന്നെ നദാലും ഫെഡററും കാഴ്ചവെക്കുകയും ചെയ്തു. അഞ്ചു സെറ്റുകള്‍ നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവിലാണ് ഫെഡറര്‍ തന്റെ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന റെക്കോഡ് സ്വന്തമായുള്ള സ്വിസ് താരത്തിന്റെ 18ാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്.

മത്സരശേഷം ടെന്നിസിന് ഇനിയും ആവശ്യമുണ്ടെന്നും ഉടനെയൊന്നും വിരമിക്കരുതെന്നും ഉപദേശിച്ചാണ് ഫെഡറര്‍ തന്റെ എക്കാലത്തെയും വലിയ എതിരാളിയെ യാത്രയാക്കിയത്. കോര്‍ട്ടില്‍ നമുക്കിനിയും കണ്ടുമുട്ടേണ്ടി വരുമെന്ന് നദാലും ഫെഡററോട് പറഞ്ഞു.

2012ലെ വിംബിള്‍ഡണിലാണ് ഇതിനു മുമ്പ് ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാം നേടിയത്. ആന്‍ഡി മറെയായിരുന്നു അന്ന് എതിരാളി. പിന്നീട് മൂന്നുതവണ ഫൈനലില്‍ എത്തിയെങ്കിലും മൂന്നു തവണയും നൊവാക് ദ്യോകോവിച്ചിനോട് തോറ്റ് പിന്‍വാങ്ങുകയായിരുന്നു.