സന്തോഷ് ട്രോഫി; മുഹമ്മദ് പറേക്കാട്ടിലിന്റെ ഇരട്ടഗോളില്‍ പഞ്ചാബിനെതിരെ കേരളത്തിന് സമനില


പനാജി : സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് സമനില. പഞ്ചാബ് ആണ് കേരളത്തെ സമനിലയില്‍ തളച്ചത്. ഇരുടീമും രണ്ട് ഗോളുകള്‍ വീതം നേടി. ഗ്രൂപ്പ് ബിയില്‍ ഇപ്പോള്‍ കേരളമാണ് ഒന്നാമത്. മിസോറാമും പഞ്ചാബുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

തോല്‍വിയുടെ വക്കില്‍ നിന്ന് മുഹമ്മദ് പറക്കോട്ടിലിന്റെ എണ്ണംപറഞ്ഞ രണ്ടു ഗോളുകളാണ് കേരളത്തിന് രക്ഷയായത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം കേരളാ താരം ഷെറിന്‍ സാമിന്റെ സെല്‍ഫ് ഗോളും മന്‍വീര്‍ സിങ്ങിന്റെ തകര്‍പ്പന്‍ ഫീല്‍ഡ് ഗോളും ചേര്‍ന്നപ്പോള്‍ മത്സരം ഒരുമണിക്കൂര്‍ പിന്നിടുമ്പോഴേക്കും പഞ്ചാബിന് 2-0 ലീഡ് സമ്മാനിച്ചു.

മത്സരം കൈവിട്ടുപോകുമെന്നു തോന്നിച്ചഘട്ടത്തില്‍ യുവതാരം മുഹമ്മദ് പറക്കോട്ടിലിനെ പകരക്കാരനായി ഇറക്കിയ തന്ത്രമാണ് ഫലിച്ചത്.സ്വാഭാവിക ചടുലതയുമായി മുന്നേറിയ മുഹമ്മദ് 89ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. മധ്യനിരയില്‍ നിന്നു ആദ്യ മത്സരത്തിലെ ഹീറോ ജോബി ജസ്റ്റിന്‍ നല്‍കിയ ക്രോസിനെ ഒരു ബുള്ളറ്റ് ഹെഡറിലൂടെ മുഹമ്മദ് വലയിലാക്കുകയായിരുന്നു. ഇതോടെ ഊര്‍ജം വീണ്ടെടുത്ത കേരളം അവസാന മിനിറ്റുകളില്‍ പഞ്ചാബിനെ നിലംതൊടീക്കാതെ ആക്രമിച്ചു. അഞ്ചു മിനിറ്റു നീണ്ട ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡുകളില്‍ ഇതിനു ഫലം കണ്ടു.

ഗോളിനു പിന്നില്‍ വീണ്ടും ജോബിമുഹമ്മദ് കൂട്ടുകെട്ട്. ബോക്‌സിന്റെ പുറത്തു നിന്ന് ജോബി ഹെഡ് ചെയ്തു നല്‍കിയ പന്ത് മുഹമ്മദിന്റെ കാലിനു പാകം. സുവര്‍ണാവസരം മുതലാക്കി മുഹമ്മദ് തൊടുത്ത ഷോട്ട് പഞ്ചാബ് വലയില്‍. കേരളം സമനില പൊരുതി നേടി. ആദ്യ പകുതിയില്‍ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും മുന്നേറ്റ നിരയുടെ പിടിപ്പുകേട് ആദ്യ 45 മിനിറ്റുകളെ ഗോള്‍രഹിതമാക്കുകയായിരുന്നു.

സമനിലയോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണ് കേരളത്തിനുള്ളത്. ഇതോടെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കേരളത്തിന് അടുത്ത മത്സരത്തില്‍ ജയം അനിവാര്യമായി.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്ര റെയില്‍വേസിനോടു ഏകപക്ഷീയമായ ഒരു ഗോളിനു കീഴടങ്ങി. മത്സരത്തിന്റെ 32ാം മിനിറ്റില്‍ രാഹുല്‍ ഡയസ് വഴങ്ങിയ സെല്‍ഫ് ഗോളാണ് മഹാരാഷ്ട്രയ്ക്കു വിനയായത്.

You must be logged in to post a comment Login