സന്തോഷ് ട്രോഫി; സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളി ഗോവ

പനാജി : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമിഫൈനലില്‍ കേരളം ആതിഥേയരായ ഗോവയെ നേരിടും. മാര്‍ച്ച് 23ന് വൈകീട്ട് ഏഴ് മണിക്കാണ് കേരളത്തിന്റെ സെമി. ഗ്രൂപ്പ് എയിലെ നിര്‍ണായക പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ സര്‍വീസസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ഗോവ സെമി ബര്‍ത്ത് ഉറപ്പിച്ചത്.

ഗോവയ്ക്കുവേണ്ടി കജേറ്റന്‍ ഫെര്‍ണാണ്ടസും അഖേരാജ് മാര്‍ട്ടിനെസും ലക്ഷ്യം കണ്ടു. അര്‍ജുന്‍ ടുഡിവിന്റെ വകയാണ് സര്‍വീസസിന്റെ ഏക ഗോള്‍. എസ് രാജ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് പത്തു പേരെയും വച്ചാണ് സര്‍വീസസ് കളിച്ചത്.

കരുത്തരായ മിസോറാമിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കേരളത്തിന്റെ സെമി പ്രവേശനം.കേരളത്തിനായി കഴിഞ്ഞ മത്സരത്തിലെ ഹീറോ അസ്ഹറുദ്ദീന്‍ രണ്ട് ഗോളും ജോബി ജസ്റ്റിനും സെല്‍വനും ഒരോ ഗോള്‍ വീതവും വീഴ്ത്തി. ലാന്റമ്മാവിയയാണ് മിസോറാമിന്റെ ആശ്വാസ ഗോള്‍ നേടിയത്.

You must be logged in to post a comment Login