സമരം നിര്‍ത്തിയില്ലെങ്കില്‍ പ്ലാന്റ് മാറ്റുമെന്നു ബജാജ്

പൂന: പൂനയിലെ ചകന്‍ പ്ലാന്റില്‍ നടന്നുവരുന്ന സമരം ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ത്തിയില്ലെങ്കില്‍ ഫാക്ടറി അവിടെ നിന്നു മാറ്റുമെന്നു ബജാജ് ഓട്ടോ തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കി. 42 ദിവസമായി ചകന്‍ പ്ലാന്റില്‍ സമരം നടന്നുവരുകയാണ്. പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കണമെന്നാണ് പ്ലാന്റ് മാനേജ്‌മെന്റിനോടും യൂണിയനുകളോടും നിര്‍ദേശിച്ചിരിക്കുന്നത്.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചകന്‍ പ്ലാന്റിലെ പകുതി ഉത്പാദനം കമ്പനിയുടെ മറ്റു പ്ലാന്റുകളിലേക്കു മാറ്റുമെന്നു ബജാജ് ഓട്ടോ മേധാവി രാജീവ് ബജാജ് അറിയിച്ചു. ഔറംഗബാദ്, പാന്ത്‌നഗര്‍ പ്ലാന്റുകളിലേക്ക് ഉത്പാദനം പൂര്‍ണമായും മാറ്റാനാണ് ഉദ്ദേശിക്കുന്നത്.ഇക്കാര്യത്തില്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി തേടുമെന്നു അദ്ദേഹം പറഞ്ഞു.

BAJAJ_770909fഎന്നാല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം പൂനയില്‍ നിലനിര്‍ത്തും. സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ വില്‍പ്പന താഴ്ന്നതും കമ്പനിയെ ആശങ്കപ്പെടുത്തിയിട്ടുണ്ട്്. അടുത്ത പാദത്തിലും ഇതു സഹിക്കാനാവില്ലെന്നു രാജീവ് പറഞ്ഞു. പ്രത്യേകിച്ചും ഹോണ്ട കമ്പനിയില്‍ നിന്നു ശക്തമായ വെല്ലുവിളിയാണ് ഉയരുന്നത്.ശമ്പള വര്‍ധന അല്ലെങ്കില്‍ ഒരു തൊഴിലാളിക്ക് 500 ഓഹരി വീതമാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം പുറത്താക്കപ്പെട്ട തൊഴിലാളികളെ നിരുപാധികം തിരിച്ചെടുക്കുകയും വേണം.
ഇതുവരെ ക്ഷമയോടെ കാര്യങ്ങള്‍ സഹിച്ചു. ഇനി കടുത്ത നടപടികളിലേക്ക് തിരിയാന്‍ ആഗ്രഹിക്കുന്നു.ബജാജിന്റെ ഏറ്റവും മുന്തിയ ഇനം ബൈക്കായ പള്‍സര്‍ ഉള്‍പ്പെടെ ഇവിടെ നിര്‍മിക്കുന്നു. പ്രതിദിനം 3000 ആണ് ഉത്പാദന ശേഷി. സമരം തുടങ്ങിയതിനു ശേഷം ഉത്പാദനം മറ്റു പ്ലാന്റുകളിലേക്ക് മാറ്റിയിരുന്നു. അതിപ്പോള്‍ 2000 യൂണിറ്റാക്കിയിട്ടുണ്ട്്.ഔറംഗബാദ് പ്ലാന്റില്‍ അധികമായി ആയിരം യൂണിറ്റ് ഉത്പാദിപ്പിക്കുന്നുണ്ട്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 22 തൊഴിലാളികളില്‍ ഏഴുപേരെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്്. ബാക്കി 15 പേരെ സ്വതന്ത്രസമിതിയുടെ അന്വേഷണത്തിനു ശേഷമേ തിരിച്ചെടുക്കൂ. ശ്രമിക് ഏകതാ മഹാസംഘ് എന്ന യൂണിയന്റെ കീഴിലാണ് സമരം.

 

 

You must be logged in to post a comment Login