സമാജ്‌വാദി പാര്‍ട്ടിയിലെ ‘സൈക്കിള്‍’ തര്‍ക്കം: മുലായത്തിനും അഖിലേഷിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്


ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് മുലായം സിങ് യാദവിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കി. പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ വിശദാംശങ്ങള്‍ സഹിതം തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഇരുവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് മേല്‍ ഇരുകൂട്ടരും അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

എംഎല്‍എമാര്‍ ഭൂരിഭാഗവും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അഖിലേഷിന്റെ അവകാശവാദം. ഉടന്‍തന്നെ എംഎല്‍എമാരുടെ കൈയില്‍നിന്ന് കത്ത് വാങ്ങി തന്റെ ഭൂരിപക്ഷം തെളിയിക്കാനാണ് അഖിലേഷ് തയാറെടുക്കുന്നത്.

അതേസമയം, അഖിലേഷ് യാദവിനോടു കൂറു പുലര്‍ത്തിയതിനെത്തുടര്‍ന്നു പാര്‍ട്ടിയുടെ നാല് ജില്ലാ പ്രസിഡന്റുമാരെ സ്ഥാനത്തുനിന്നു മാറ്റിയ നടപടി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം പിന്‍വലിച്ചു. അഖിലേഷിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. മുലായം സിങ് യാദവിനോട് അടുപ്പം പുലര്‍ത്തുന്ന സഹോദരന്‍ ശിവ്പാല്‍ യാദവാണ് ഇവരെ സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതോടെ പാര്‍ട്ടിയുടെ നിയന്ത്രണം തന്റെ കൈവശമാണെന്ന് തെളിയിക്കുക കൂടിയാണ് അഖിലേഷ് ചെയ്തത്. ഡിയോറ ജില്ലാ പ്രസിഡന്റ് റാം ഇഖ്ബാല്‍, കുഷിനഗര്‍ പ്രസിഡന്റ് അബാധ് യാദവ്, അസംഗഢ് പ്രസിഡന്റ് ഹവല്‍ദാര്‍ യാദവ്, മിര്‍സാപൂര്‍ പ്രസിഡന്റ് ആശിഷ് യാദവ് എന്നിവരെയാണ് തിരിച്ചെടുത്തത്. പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ഇവരോടെ ആവശ്യപ്പെട്ടു.

ജനുവരി ഒന്നിന് മുലായത്തിന്റെ സഹോദരനായ ശിവ്പാല്‍ യാദവിനെ മാറ്റി ഉത്തര്‍പ്രദേശ് ഘടകത്തിന്റെ അധ്യക്ഷനായി നരേഷ് ഉത്തമിനെ അഖിലേഷ് യാദവ് നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അഖിലേഷ് അനുയായികള്‍ പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുക്കുകയും അധ്യക്ഷനായിരുന്ന ശിവ്പാലിന്റെ മുറിക്ക് പുറത്ത് പദവി സൂചിപ്പിക്കുന്ന നെയിംപ്ലേറ്റ് എടുത്തുമാറ്റുകയും ചെയ്തിരുന്നു. അച്ഛനും മകനുമായുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പാര്‍ട്ടിയിലെ പ്രതിസന്ധി ഇതുവരെ അയഞ്ഞിട്ടില്ല.

You must be logged in to post a comment Login