സമുദ്രക്കനി മലയാളത്തില്‍ ഒരുക്കുന്ന ‘ആകാശമിഠായി’ ചിത്രത്തില്‍ നിന്ന് വരലക്ഷ്മി പുറത്ത്; ജയറാമിന്റെ നായിക വേഷത്തില്‍ ഇനിയ എത്തും


‘കസബ’യ്ക്ക് ശേഷം സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആകാശമിഠായി’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി വരലക്ഷ്മി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ‘കസബ’യ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ എത്തുന്നതിന്റെ സന്തോഷം അവര്‍ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ സിനിമയില്‍ നിന്ന് പുറത്തായതായാണ് പുതിയ വിവരം. കാരണം നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കമാണെന്ന് ഊഹാപോഹങ്ങളും പ്രചരിക്കുന്നു.

‘ഞാന്‍ ആ സിനിമയുടെ കരാര്‍ ഉപേക്ഷിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി ചില പ്രശ്നങ്ങളുണ്ടായി. ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ കഴിഞ്ഞില്ല. അവര്‍ പറയുന്ന നിബന്ധനകളനുസരിച്ച് ജോലി ചെയ്യാന്‍ എനിക്കാവില്ല. കരാര്‍ ഒപ്പിട്ടതിന് ശേഷം സിനിമ ഉപേക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെ’ന്നും വരലക്ഷ്മി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു

Thnk u to Samuthirakani sir n Jayaram sir for hvng supported my decision.. can’t work wid male chauvinists n mannerless prods..

എന്നാല്‍ ‘കസബ’യില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ അല്‍പം വണ്ണമുള്ള ശരീരപ്രകൃതിയോടുകൂടിയ ഒരു നടിയെ ആയിരുന്നു ചിത്രത്തിലെ കഥാപാത്രമാവാന്‍ ആവശ്യമെന്നും പക്ഷേ ഇപ്പോള്‍ വണ്ണം കുറച്ചതിനാല്‍ സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ലെന്നും ആകാശ മിഠായിയുടെ നിര്‍മ്മാതാവ് സുബൈര്‍ പറയുന്നു. അതിനാല്‍ വരലക്ഷ്മിയുടെ സ്ഥാനത്ത് ഇനിയയെ നിശ്ചയിച്ചെന്നും നിര്‍മ്മാതാവ് പറഞ്ഞു.

‘കഴിഞ്ഞ രണ്ട് മാസങ്ങളായി വരലക്ഷ്മിയെ ഞങ്ങളാരും നേരിട്ട് കണ്ടിട്ടില്ല. ഈ ചിത്രത്തിലേക്ക് തീരുമാനിക്കുമ്പോള്‍ കസബയിലെ അവരുടെ കഥാപാത്രമായിരുന്നു മനസില്‍. കൊച്ചിയില്‍ കഴിഞ്ഞദിവസം നടത്തിയ പൂജയുടെ സമയത്താണ് അവരെ നേരില്‍ കാണുന്നത്.’ നടിയുമായി തര്‍ക്കമൊന്നുമില്ലെന്നും എന്നാല്‍ ശരീരഭാരം കുറഞ്ഞതാണ് കാരണമെന്ന് അവരോട് പറഞ്ഞില്ലെന്നും സുബൈര്‍. ‘പറയുന്നത് ഏതെങ്കിലും തരത്തില്‍ ഒരു അവഹേളനമാകരുതല്ലോ, അവര്‍ പേരെടുത്ത ഒരു നടിയല്ലേ?’ നേരിട്ട് കാണാതെയാണോ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വരലക്ഷ്മിയെ നിശ്ചയിച്ചതെന്ന ചോദ്യത്തിനാണ് സുബൈര്‍ ഇങ്ങനെ മറുപടി നല്‍കിയത്.