സമൂഹത്തോടുള്ള ചോദ്യങ്ങളാണ് എനിക്കെഴുത്ത്

  • ഷീബ ഇ.കെ/രശ്മി.ജി & അനില്‍കുമാര്‍ കെ.എസ്

പുതുതലമുറയിലെ എഴുത്തുകാരിയായ ഷീബ ഇ കെ. പ്രമേയത്തിലും ആഖ്യാനത്തിലും പുതുമകള്‍ തേടിക്കൊണ്ട് തന്റെ രചനാമണ്ഡലം വിപുലമാക്കാന്‍ ശ്രമിക്കുന്നു. സാമ്പ്രദായിക മുസ്ലീം ജീവിതത്തിനുള്ളിലൂടെ കടന്നു വന്ന ഷീബയെ വ്യത്യസ്തയാക്കുന്നത് അവര്‍ പുലര്‍ത്തുന്ന സ്വതന്ത്രരാഷ്ട്രീയ ബോധമാണ്. എഴുത്തുകാരിക്കു സാമൂഹ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും വേണമെന്നു ശഠിക്കുന്ന ഷീബ തന്റെ നിലപാടുകള്‍, പ്രതിഷേധങ്ങള്‍ തുറന്നു പറയുന്നു.

 

? ഒരു എഴുത്തുകാരി ആയിത്തീരാനുള്ള സാഹചര്യം എന്താണ്.

വല്യുമ്മ- ഉപ്പയുടെ ഉമ്മ – നല്ലൊരു കഥ പറച്ചിലുകാരിയായിരുന്നു. ഒരുപാടു നാടോടിക്കഥകള്‍ അവരെനിക്കു പറഞ്ഞു തന്നു. ബാലമാസികകളില്‍ വരുന്ന മിക്ക കഥകളും വല്യുമ്മ എനിക്കു പറഞ്ഞു തന്നതാവും. ഉപ്പയും ഉമ്മയും ചിലപ്പോഴോക്കെ കഥ പറഞ്ഞു തന്നിരുന്നു. ഉപ്പ നല്ല വായനക്കാരനായിരുന്നു. പുസ്തകങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കിയിട്ടുള്ള ബാല്യമായിരുന്നു. കയ്യില്‍ക്കിട്ടിയതൊക്കെ വായിക്കുമായിരുന്നു കുട്ടിക്കാലത്ത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളെല്ലാവരും ചേര്‍ന്നൊരു കയ്യെഴുത്തുമാസികയുണ്ടാക്കി. അതില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടിയാണ് എഴുത്തു തുടങ്ങിയത്. എഴുതാന്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ അന്ന് പല പേരുകളില്‍ കഥ, കവിത, ലേഖനം, ഡിറ്റക്ടീവ് നോവല്‍ വരെ എഴുതിയിട്ടുണ്ട്. പരിസരത്തുള്ള മുതിര്‍ന്ന ആളുകള്‍ക്കെല്ലാം മാസിക വായിക്കാന്‍ കൊടുക്കുമായിരുന്നു. അവരെല്ലാം പരസ്യം തന്നു സഹായിച്ചിട്ടുമുണ്ട്. കയ്യെഴുത്തു മാസികയുടെ ചെലവുകള്‍ക്കുള്ള പണം വീട്ടില്‍ നിന്നും വാങ്ങിക്കാറില്ലായിരുന്നു. പരസ്യത്തില്‍ നിന്നുള്ള വരുമാനം, പിന്നെ ഞങ്ങളുടെ പോക്കറ്റ് മണി അങ്ങനെയൊക്കെയാണ് അത് കണ്ടെത്തിയിരുന്നത്. കുറേക്കഴിഞ്ഞ് മുതിര്‍ന്ന ക്ലാസിലെത്തിയപ്പോള്‍ കയ്യെഴുത്തുമാസിക നിന്നു പോയി.. വായന അപ്പോളും സജീവമായിരുന്നു. എംടിയുടെ നേതൃത്വത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയിരുന്ന കാലം. ഇന്നത്തെ യുവതലമുറ എഴുത്തുകാരെല്ലാം അന്നു ബാലപംക്തിയില്‍ സജീവമാണ്. അങ്ങനെ ബാലപംക്തിയില്‍ ആദ്യത്തെക്കഥ – ഇന്നലെയുടെ ബാക്കി – പ്രസിദ്ധീകരിച്ചു. പിന്നെ കുറേക്കഥകള്‍ പ്രസിദ്ധീകരിച്ചു. വായനക്കാരില്‍ നിന്നു നല്ല പ്രതികരണമായിരുന്നു കിട്ടിയത്. ബാലപംക്തിയില്‍ ശ്രദ്ധേയമായ കഥകള്‍ വരുന്ന ആ കാലം മുതിര്‍ന്ന എഴുത്തുകാരെപ്പോലെ ഞങ്ങളെപ്പോലുള്ള കുട്ടികളെയും വായനക്കാര്‍ ഗൗരവമായിത്തന്നെ എടുത്തിരുന്നു. പിന്നീട് വനിത കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ താമസി എന്ന കഥയ്ക്കു സമ്മാനം കിട്ടി. അങ്ങനെ മുതിര്‍ന്നവരുടെ കോളത്തിലും എഴുതാന്‍ തുടങ്ങി.

? ഒരു പെണ്ണ് എന്ന നിലയില്‍ അടിച്ചമര്‍ത്തലുകള്‍/ ഒതുക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ? അക്കാദമിക് മേഖലയില്‍/ ഔദ്യോഗികമേഖലയില്‍ സ്ത്രീ എന്ന നിലയില്‍ രണ്ടാംതരമായി വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ.

ധാരാളം നേരിടേണ്ടി വന്നിട്ടുണ്ട്. എണ്‍പതുകളില്‍ എന്റെ കുട്ടിക്കാലത്ത് സ്ത്രീകള്‍ക്ക് മരണവീട്ടിലേക്കും വിവാഹവീട്ടിലേക്കും പിന്‍വാതിലിലൂടെയാണ് ആള്‍ക്കൂട്ടത്തിലേക്കു കയറിച്ചെല്ലാന്‍. വല്ലപ്പോഴും അതിന്റെ ഭാഗമായാല്‍ത്തന്നെ കടുത്ത അമര്‍ഷവും നിന്ദയും അനുഭവപ്പെട്ടിട്ടുമുണ്ട്. കൗമാരത്തില്‍ ആണ്‍കുട്ടികള്‍ക്ക് പുറത്ത് കറങ്ങി നടക്കാനും സിനിമക്ക് പോകാനും സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ മേല്‍ വീടും സമൂഹവും കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.വസ്ത്രധാരണത്തില്‍, പെരുമാറ്റത്തില്‍, അഭിപ്രായപ്രകടനങ്ങളില്‍ എല്ലാം സമൂഹം അനുശാസിക്കുന്നതുപോലെ ജീവിക്കണം എന്ന ഒരു അഖിലിത നിയമം അദൃശ്യമായിട്ടുണ്ടായിരുന്നു. അക്കാദമിക് മേഖലയില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് അത്ര പ്രാധാന്യമുള്ള കാര്യമല്ല എന്ന രീതിയിലുള്ള കാഴ്ചപ്പാട് പല സമയത്തും അനുഭവിച്ചിട്ടുണ്ട്. കുടുംബം പോറ്റല്‍ ആണിന്റെ കടമയായതുകൊണ്ട് പെണ്ണ് കഷ്ടപ്പെട്ട് പഠിച്ച് ജോലിചെയ്യേണ്ടതുണ്ടോ എന്നൊരു മൃദു സമീപനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ 12 വര്‍ഷത്തെ ഔദ്യോഗികരംഗത്ത് സ്ത്രീ എന്ന നിലയില്‍ ചില പരിഗണനകള്‍ ലഭിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ദീര്‍ഘയാത്രകളും അസമയത്തെ ജോലികളും സൗമന്യസത്തോടെ സഹപ്രവര്‍ത്തകര്‍ ഏറ്റെടുക്കാറുണ്ട്.

? വര്‍ത്തമാനകാല കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കു ഒരു പുതുമയും ഇല്ലാതായിരിക്കുന്നു. സാഹിത്യ ചലച്ചിത്ര മാധ്യമങ്ങള്‍ അതിനെ ആഘോഷമായി ചിത്രീകരിക്കുന്നുണ്ട്. പീഡനങ്ങള്‍ തടയാന്‍ എന്തൊക്കെയാണ് വേണ്ടത്.

ഇതു പറയുമ്പോള്‍ ആദ്യത്തെ ചോദ്യം, പെണ്‍കുഞ്ഞുങ്ങളെ നമ്മള്‍ വളര്‍ത്തുന്ന രീതി ശരിയാണോ എന്നതാണ്. മിക്ക വീടുകളിലും ഒന്നുകില്‍ അമിതമായി കൊഞ്ചിച്ച് അല്ലെങ്കില്‍ തീരെ അവഗണിച്ചാണ് പെണ്‍കുട്ടികളെ വളര്‍ത്തുന്നത്. ഉയര്‍ന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ മാതാപിതാക്കള്‍ പെണ്‍മക്കള്‍ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്. മക്കള്‍ക്ക് കോളേജ് ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടു വരുന്ന, ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കുന്ന, ഉടുപ്പ് തയ്പ്പിച്ചു കൊണ്ടുവരുന്ന മാതാപിതാക്കള്‍ പറയുന്നത് തങ്ങള്‍ക്കു കിട്ടാതെ പോയ സൗഭാഗ്യങ്ങളെല്ലാം മക്കള്‍ക്കു കൊടുക്കുന്നു എന്നാണ്. ഇവരെല്ലാം പെണ്‍കുട്ടികളുടെ സ്വത്വത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. സ്ത്രീ എപ്പോഴും ആശ്രയിക്കപ്പെടേണ്ടവളാണെന്നും അവള്‍ അബലയും ചപലയുമാണെന്ന സങ്കല്പത്തെ ആണിയടിച്ചുറപ്പിക്കുകയാണ്. ഈ അലസമനോഭാവം പുരുഷന്‍മാരില്‍ അധീശത്വമുണ്ടാക്കുന്നുണ്ട്. എന്തിനും താങ്ങുവേണ്ടവളാണ് സ്ത്രീയെന്ന് അവന്‍ സ്വന്തം വീട്ടില്‍ നിന്നു പഠിക്കുന്ന പാഠമാണല്ലോ.

അതുപോലെ പുതിയ കാലഘട്ടത്തില്‍ ഓരോ മതവിഭാഗത്തിനും പ്രത്യേകം സ്‌കൂളുകളാണ്. മതത്തിന്റെ ചട്ടക്കൂടുകള്‍ക്കിടയില്‍ വളരുന്ന കുട്ടികള്‍ക്കു ചുറ്റും വിലക്കുകളാണ്. നഴ്‌സറി ക്ലാസിന്റെ മറുഭാഗത്തിരിക്കുന്ന വിലക്കപ്പെട്ട കനിയെ ആസ്വദിക്കാനുള്ള ആഗ്രഹം അവനില്‍ കുഞ്ഞുനാളിലേ ഉറഞ്ഞുകൂടിത്തുടങ്ങുകയായി. പരസ്പരം ആരോഗ്യകരമായ ഇടപഴകലുകള്‍ ഉണ്ടെങ്കില്‍ അവനു മനസ്സിലാക്കാനാവും അവളും തന്നെപ്പോലെ മനസ്സും വിചാര വികാരങ്ങളുമുള്ള, അമ്മയും അച്ഛനുമുള്ള മറ്റൊരു ജീവി മാത്രമാണെന്ന് അല്ലാത്ത പക്ഷം സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളിലൂടെയാവും അവന്‍ പെണ്‍വര്‍ഗ്ഗത്തെ നോക്കിക്കാണുന്നത്. അവസരം കിട്ടിയാല്‍ കാണാനഴകുള്ള ആ കളിപ്പാട്ടത്തെ ഒന്നു നന്നായി കാണാനും അവന്‍ ശ്രമിച്ചേക്കും.

എങ്കിലും ഇത്തരം കാര്യങ്ങളില്‍ സമുദായം കൂടുതല്‍ പഴഞ്ചന്‍ രീതികളിലേക്കു മടങ്ങിപ്പോവുകയാണ്. അതോടൊപ്പം ചങ്ങല പൊട്ടിക്കുന്നവരുടെ എണ്ണം കൂടി വരികയും. ആസക്തമായ ഒരു പുരുഷ സമൂഹം ഇരകളെത്തേടി നടക്കുകയാണെങ്ങും. നമ്മുടെ സിനിമകളും പ്രകീര്‍ത്തിക്കുന്നത് അത്തരം പൗരുഷത്തെയാണ്. തന്റേടിയായ പെണ്ണിന്റെ മുഖത്തടിക്കുന്ന, ചാരിത്ര്യം സംരക്ഷിക്കാന്‍ വാക്കത്തിയുമായി അന്തിയുറങ്ങുന്ന പെണ്ണിന്റെ ചുണ്ടു കടിച്ചു മുറിക്കുന്ന, കളക്ടറോട് നീ വെറും പെണ്ണാണ് എന്നു ഓര്‍മ്മപ്പെടുത്തിക്കൊടുക്കുന്ന, കോളേജിലെ ഓവര്‍സ്മാര്‍ട്ടായ പെണ്‍കുട്ടിയോട് ഞാന്‍ ഒന്ന് അറിഞ്ഞു വിളയാടിയാല്‍ നീയൊക്കെ പുളിമാങ്ങ തിന്നുമെന്ന വീരവാദം മുഴക്കുന്ന നമ്മുടെ വീരനായകര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചവരാണു നാം. ഇത്തരം പൗരുഷങ്ങള്‍ ഒന്നടങ്കം പ്രഖ്യാപിക്കുന്നത് ഒന്നാണ്. സ്ത്രീ എത്ര ഉന്നത പദവിയിലായിക്കൊള്ളട്ടെ അവളെ സമൂലം നശിപ്പിക്കാന്‍ കെല്‍പ്പുള്ള ഒരു ആയുധവുമായാണ് പുരുഷന്‍ സദാസമയവും നടക്കുന്നത് എന്ന സന്ദേശം.

അതുപോലെ നമ്മുടെ മിക്ക സിനിമകളിലും കാണാം ഒരുപാടു സ്ത്രീകളുമായി ബന്ധമുള്ള ധീരപുരുഷനെക്കാത്ത് ചാരിത്ര്യശുദ്ധിയോടെ ജീവിക്കുന്ന ഒരു പഴയ കാമുകി. അഥവാ വിധിവൈപര്യീതം കൊണ്ട് അവള്‍ വിവാഹിതയായിട്ടുണ്ടെങ്കില്‍ത്തന്നെ മിക്കവാറും ഭര്‍ത്താവ് വിവാഹരാത്രിയില്‍തന്നെ മരിക്കുകയോ അപകടത്തില്‍പ്പെട്ട് അരയ്ക്ക് താഴെ തളരുകയോ ചെയ്തിട്ടുണ്ടാകും! ചാരിത്ര്യം പെണ്ണിനുള്ളതാണെന്ന ബോധമാണ് ഇത്തരം സിനിമകള്‍ക്ക് പ്രേരണയാകുന്നത്. ഇതെല്ലാം മാറാത്തിടത്തോളം പെണ്ണിന്റെ സുരക്ഷിതത്വം വെറും ജലരേഖയാണ്.

? ആദ്യ സമാഹാരമായ വൈ.ടു.കെ പുതുനൂറ്റാണ്ടിന്റെ വ്യഥകള്‍/കച്ചവടതന്ത്രങ്ങള്‍ എന്നിവ അല്ലേ വ്യക്തമാക്കിയത്.

അതെ. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെഴുതിയ കഥയാണ് വൈ ടു കെ. പ്രതിസന്ധിയെ നേരിടാനായി അമേരിക്കയിലേക്കും മറ്റും മലയാളികള്‍ ചേക്കേറിയിരുന്ന കാലം. പല വീടുകളിലും വൃദ്ധരായ അച്ഛനമ്മമാര്‍ മക്കളെയും കാത്ത് കഴിയുന്ന അവസ്ഥ നേരില്‍ കണ്ടപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നിയിട്ടുണ്ട്. ആരെയും കുറ്റം പറയാനാവില്ല. കരിയര്‍ എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന മക്കള്‍, നാടുവിടാന്‍ താല്‍പര്യമില്ലാത്ത വൃദ്ധ ജനങ്ങള്‍. പഴയ വസ്തുക്കളെ തിരസ്‌കരിച്ച് പുതിയതിനെ വാരിപ്പുണരാന്‍ കൊതിക്കുന്ന യുവത്വം. അതില്‍ നിന്നൊക്കെയാണ് വൈ.ടു.കെ എന്ന കഥ രൂപമെടുത്തത് മലയാള മനോരമയുടെ കഥാമത്സരത്തില്‍ ആ കഥയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

? കുടുംബം/ദാമ്പത്യം എന്നീ സ്ഥാപനങ്ങളെ ഒരു സ്ത്രീ എന്ന നിലയില്‍ എങ്ങനെ വിലയിരുത്തുന്നു. കുടുംബത്തിനുള്ളില്‍ തളയ്ക്കപ്പെടുന്ന സ്ത്രീരൂപങ്ങള്‍ ഷീബയുടെ കഥകളില്‍ കാണാം. കാലത്തിന്റെ മാറ്റങ്ങള്‍ കുടുംബത്തില്‍ എത്തിയില്ല എന്നാണോ അര്‍ത്ഥമാക്കുന്നത്.

കുടുംബം, ദാമ്പത്യം എന്നതെല്ലാം സമൂഹത്തിന്റെ ലോ ആന്റ് ഓര്‍ഡര്‍ പാലിക്കപ്പെടുന്നതിനായി ഉണ്ടാക്കിയെടുത്ത സങ്കല്പങ്ങളാണ്. കുടുംബമായി എന്നതുകൊണ്ട് ഹൃദയബന്ധങ്ങള്‍ ഉണ്ടാവണമെന്നില്ല. ദമ്പത്യവും അതുപോലെതന്നെ. പരസ്പരം താങ്ങും തണലുമാവുന്ന പങ്കാളിയുണ്ടാവുന്നത് വളരെ നല്ല കാര്യമാണ്. കുടുംബവും ദാമ്പത്യവുമെല്ലാം എക്കാലത്തും നിലനില്‍ക്കുന്നതു തന്നെയാണ് നല്ലത്. പക്ഷേ പരസ്പരം തടവറയിലിടലാവരുത് ദാമ്പത്യം. കാലാകാലമായി സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ള ചുമതലകളിലും ഉത്തരവാദിത്തങ്ങളിലും കാലത്തിന്റെ മാറ്റങ്ങള്‍ വളരെക്കുറച്ചു മാറ്റങ്ങളേ വരുത്തിയിട്ടുള്ളു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിദ്യാഭ്യാസം, ജോലി തുടങ്ങിയവയില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയിട്ടും സ്ത്രീകളുടേതെന്ന് പരമ്പരാഗതമായി സമൂഹം കല്പിച്ചു നല്കിയ ഭാരിച്ച ചുമതലകള്‍ അവളിലിപ്പോഴുമുണ്ട്. അധികഭാരം ചുമക്കുകയാണെന്നു പറയാം. ഓഫീസ് കഴിഞ്ഞ് സ്ത്രീകള്‍ വീട്ടിലേക്കോടുവാനുള്ള പരക്കം പാച്ചിലാണ്. വൈകുന്നേരങ്ങളിലെ അലസനടത്തങ്ങളോ വിനോദങ്ങളോ കൊച്ചുവര്‍ത്തമാനമോ ഒന്നും അവര്‍ക്ക് ആസ്വദിക്കാനാവില്ല. കാരണം വീട്ടില്‍ രാത്രി ഭക്ഷണം തയ്യാറാക്കണം, കുട്ടികളെ പഠിപ്പിക്കണം അങ്ങനെ നൂറു കാര്യങ്ങള്‍. അതേ സമയം അവരുടെ ഭര്‍ത്താക്ക•ാര്‍ ജോലിസമയം കഴിഞ്ഞ് ബാറിലോ ക്ലബ്ബിലോ ലൈബ്രറിയിലോ കളിസ്ഥലത്തോ ഒക്കെ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിട്ട് ഏറെ വൈകി ഭക്ഷണം കഴിക്കാനാകും വീട്ടിലെത്തുന്നത്. മിക്കവാറും ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് പത്രവായന പോലുമില്ല. എവിടെയാണ് അതിന് നേരം എന്നു പറയുന്നവര്‍ മിക്കവരും മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ സ്ത്രീകളാണ്. സാമ്പത്തികമായി നമ്മള്‍ ബഹുദൂരം മുന്നോട്ടുപോയി, അടുക്കളയില്‍ ആധുനിക ഉപകരണങ്ങളായി എന്നിട്ടും സ്ത്രീകളുടെ അവസ്ഥയ്ക്ക് വലിയ മെച്ചമൊന്നുമില്ല. ആട്ടുകല്ലിന്റെയും വിറകടുപ്പിന്റെയും സ്ഥാനം ഗ്യാസ് സ്റ്റൗവും മിക്‌സിയും ഏറ്റെടുത്തുവെന്നു മാത്രം.

? ഓട്ടോഗ്രാഫ് എന്ന കഥയെ മുന്‍നിര്‍ത്തി ഖദീജമുംതാസ് മാധവിക്കുട്ടിയോടുള്ള സാമ്യത്തെ ചൂണ്ടിക്കാട്ടുന്നു. സ്വാധീനിച്ച എഴുത്തുകാരി മാധവിക്കുട്ടി ആണോ.

മാധവിക്കുട്ടിയുടെ കഥകളേക്കാള്‍, നോവലുകളേക്കാള്‍ എനിക്കിഷ്ടം അവരുടെ ഓര്‍മ്മക്കുറിപ്പുകളും കവിതകളുമാണ്. അവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ വളരെ പരിചയമുള്ള ഒരു വ്യക്തിയാണെന്ന തോന്നലാണ് ഉണ്ടായിരുന്നത്. അതില്‍ അവരെ വെല്ലാന്‍ ആരുമില്ലതാനും. നെയ്പായസം, പക്ഷിയുടെ മരണം, അതെല്ലാം പ്രിയപ്പെട്ട കഥകളാണ്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി പി വത്സലയാണ്. അവരുടെ സ്ത്രീ കഥാപാത്രങ്ങള്‍.. മണ്ണിന്റെ മണവും പാറയുടെ ഉറപ്പുമുള്ള സ്ത്രീകളെ സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. അതേസമയം തനിനാടന്‍ വീട്ടമ്മമാരാണ് അവരെല്ലാം.

? എഴുത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായത് എങ്ങനെ ആണ് – വൈ. ടു. കെ.യില്‍ നിന്നും നീലലോഹിതത്തില്‍ എത്തുമ്പോള്‍ വലിയ ക്യാന്‍വാസിലേക്കുള്ള മാറ്റങ്ങള്‍ കാണാം. ഇത് സാധ്യമായത് എങ്ങനെ.

എന്റെ എഴുത്തു ജീവിത്തിന് വ്യക്തമായും രണ്ടു ഘട്ടങ്ങളുണ്ട്. വൈ ടു കെയിലെ പത്തു കഥകള്‍ ഞാന്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ എഴുതിയതാണ്. അക്കാലങ്ങളില്‍ എനിക്കു ചുറ്റുമുള്ള അന്തരീക്ഷം ഇത്ര കലുഷമായിരുന്നില്ല. പിന്നെ കൗമാരം കടക്കുന്ന ഒരു പെണ്‍കുട്ടിയുടെ കണ്ണിലൂടെയാണ് അന്ന് ലോകത്തെ നോക്കിക്കണ്ടിരുന്നത്. സ്വാഭാവികമായും കുറേ ഭാവനകളും ഭ്രമകല്‍പ്പനകളും വ്യഥകളും ഏകാന്തതയും പ്രണയവും വിരഹവുമെല്ലാം ആ കഥകളില്‍ നിറഞ്ഞു നില്ക്കുന്നുണ്ട്. വൈ ടു കെ ക്കുശേഷം കാര്യമായി ഒന്നും എഴുതാതെ കുറേ വര്‍ഷങ്ങള്‍ കടന്നുപോയിട്ടുണ്ട്. ജോലി കിട്ടിയതിന്റെ തിരക്കുകളും മറ്റുമായി വായനയും കുറഞ്ഞു പോയിരുന്ന ആ കാലത്ത് ഏതാനും ചെറുകഥകള്‍ മാത്രമേ എഴുതിയിരുന്നുള്ളൂ. പിന്നീട് എഴുത്തില്‍ ഇന്റര്‍നെറ്റ് കടന്നുകയറ്റവും ബ്ലോഗര്‍മാരുടെ ഇടപെടലും എല്ലാം ചേര്‍ന്ന് മറ്റൊരു അന്തരീക്ഷമായിരുന്നു. അക്കാലത്ത് ഞാന്‍ പൂര്‍ണ്ണമായും എഴുത്തില്‍ നിന്നകന്നു നിന്നിരുവെന്നു പറയാം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാമൂഹികമായ മൂല്യച്യൂതികള്‍ വര്‍ദ്ധിച്ചു വരുന്ന അവസ്ഥ മുമ്പെന്നതിനെക്കാള്‍ രൂക്ഷമായി. വളരെ വലിയ ഒരു ഇടവേളക്കു ശേഷം എഴുതിയതാണ് ശേഷം ചിന്ത്യം എന്ന കഥ. വൃദ്ധയായ ഒരു സ്ത്രീ മകന്റെ പ്രായമുള്ള യുവാവിന്റെ പീഡനത്തിനിരയായി കൊല്ലപ്പെട്ടത് എന്റെ ജോലിസ്ഥലത്തുള്ള മലയോരപ്രദേശത്തായിരുന്നു. ആ കഥയില്‍ എനിക്ക് പണ്ടെഴുതിയിരുന്നപോലെ പ്രകൃതിയെയും ഏകാന്തതയേയും വിഭ്രമങ്ങളെയും കുറിച്ച് എഴുതാന്‍ കഴിഞ്ഞില്ല. അതില്‍ പച്ചയായ ഭാഷ മാത്രമാണ് ഉപയോഗിച്ചത്. പിന്നീട് തുടര്‍ച്ചയായി എഴുതി. അവയെല്ലാം എന്റെ ആദ്യകാലകഥകളെപ്പോലെ ആര്‍ദ്രതയുള്ള ഭാഷയായിരുന്നില്ല. ഞാനറിയാതെ തന്നെ എന്റെ എഴുത്തു ശൈലി മാറിയിട്ടുണ്ടെങ്കില്‍ അത് ചുറ്റുപാടുകളുടെ സ്വാധീനം കൊണ്ടുമാത്രമാണ്.

? അഞ്ച് നോവലെറ്റുകളുടെ സമാഹാരമായ വസന്തത്തില്‍ തരിശാകുന്ന പൂമരം. വ്യത്യസ്തമായ 5 പ്രമേയങ്ങള്‍-അവയിലേക്കു സഞ്ചരിച്ചത് എങ്ങിനെയാണ്.

വിവിധ കാലങ്ങളില്‍ എഴുതിയതാണ് അഞ്ചു പ്രമേയങ്ങളും. ഋതുമര്‍മ്മരങ്ങള്‍ ആദ്യമായി എഴുതിയ നോവലെറ്റാണ്. കൗമാരത്തിന്റെ അവസാനഘട്ടത്തിലെഴുതിയതാണത്. പെണ്‍മനസ്സിന്റെ കാല്‍പ്പനികതകളും അപക്വതകളും വിഹ്വലതകളുമെല്ലാം അതിലുണ്ട്. അവന്തികയില്‍ ഏകാന്തതയാണ് കടന്നു വരുന്നത്. ഒരേ നഗരത്തില്‍ മുഖം നഷ്ടപ്പെട്ടു ജീവിക്കുന്നവരാണ് അതിലെ കഥാപാത്രങ്ങള്‍. കലാപത്തിന്റെ കാലുഷ്യങ്ങളും ഒറ്റപ്പെടലുമെല്ലാം ചേര്‍ന്നതാണത്്. ചിന്‍മയിയുടെ വീടാവട്ടെ, സ്വത്വം തേടുന്ന സ്ത്രീയുടെ കഥയാണ്. ഓരോ പുരുഷന്റെയുള്ളിലും തന്റേതായ ഇടം അന്വേഷിക്കുന്നവളാണ് അതിലെ സ്ത്രീ കഥാപാത്രങ്ങള്‍. നിഴല്‍ മാഞ്ഞു തെളിയുന്ന വെയിലിനെ സ്വന്തമാക്കാനാഗ്രഹിക്കുന്നവരാണ് ചി•-യിയും ഗീതയും. അതിനുവേണ്ടി പൊരുതുന്നവരാണ്. വസന്തത്തില്‍ തരിശാകുന്ന പൂമരം തമിഴ് പശ്ചാത്തലത്തിലെഴുതിയ കഥയാണ്. മധ്യവയസ്സിലേക്കടുക്കുന്ന സ്ത്രീമനസ്സിന്റെ പ്രകമ്പനങ്ങളാണ് അതില്‍. എല്ലാം തികഞ്ഞിരിക്കുമ്പോഴും അസ്വസ്ഥയാവുന്ന പെണ്‍മനസ്സിന്റെ താപം. പ്രണയതാപത്താല്‍ എരിയുമ്പോഴും പെയ്തു നിറയാനെത്തുന്ന നീലമേഘത്തില്‍ നിന്ന് വിടുതല്‍ നേടാനാഗ്രഹിക്കുന്ന പെണ്‍മനസ്സ് എന്ന മരീചിക. പ്രണയം മരണമായിത്തീരുന്ന അവസ്ഥ. ജലായനം മണ്ണിന്റെയും മനുഷ്യന്റെയും കഥയാണ്. ഒരു വേനല്‍ക്കാലത്ത് മഹാരാഷ്ട്രയിലൂടെ സഞ്ചരിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടതാണ് അവിടുത്തെ വരണ്ട ഭൂപ്രകൃതി. ലാത്തൂരിലേക്കും മറ്റും ശുദ്ധജലവിതരണം നടത്തുന്ന സന്നദ്ധസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇനി വരുന്ന യുദ്ധം ജലത്തിനു വേണ്ടിയായിരിക്കുമെന്ന മുന്നറിയിപ്പ് കഥയിലൂടെ ഒന്നോര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു എന്നു മാത്രം.

? ജലായനം എന്ന നോവലെറ്റ് വരള്‍ച്ചയുടെ ദുരന്തമുഖത്തെ ആവിഷ്‌കരിക്കുന്നു. പാരിസ്ഥിതിക രാഷ്ട്രീയം ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കുമ്പോഴും കേരളത്തില്‍ സാഹിത്യപഠനങ്ങളിലൂടെ അവ വേണ്ടത്ര വിശകലനം ചെയ്യപ്പെടുന്നില്ല. പരിസ്ഥിതി സാഹിത്യത്തിനു കമ്പോള സാധ്യതകള്‍ ഇല്ലാത്തതാണോ അതിനു കാരണം.

പ്രകൃതി ദുരന്തങ്ങളോ വരള്‍ച്ചയോ പകര്‍ച്ചവ്യാധികളോ വെള്ളപ്പൊക്കമോ കാലാവസ്ഥാവ്യതിയാനങ്ങളോ ഒരിക്കലും രൂക്ഷമായി അനുഭവിച്ചിട്ടില്ലാത്തവരാണ് കേരളീയര്‍. അതുകൊണ്ടു തന്നെ പ്രകൃതി നശീകരണം, മലിനീകരണം,രോഗബാധ, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെക്കുറിച്ച് ആരെങ്കിലും സംസാരിക്കുകയാണെങ്കില്‍ പരിഹാസരൂപേണ തള്ളുകയോ ഇതൊന്നും എന്നെ ബാധിക്കില്ല എന്ന് മനസ്സു കൊണ്ടെങ്കിലും അഹങ്കരിക്കുകയോ ചെയ്യുന്നവരാണ്. സുനാമിയാണ് മലയാളി സമീപകാലത്തു കണ്ട ഏക ദൂരന്തം. അതാവട്ടെ ചെറിയ ഒരു ഭൂവിഭാഗത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂ. അതിന്റെ രൂക്ഷതയറിഞ്ഞവര്‍ വിരളമാണ്. കച്ചിലെയും ലാത്തൂരിലേയും ഭൂകമ്പങ്ങള്‍, ഒറീസ്സയിലേയും അസമിലെയും വെള്ളപ്പൊക്കം, മഹാരാഷ്ട്രയിലെ വരള്‍ച്ച, അമര്‍നാഥിലെയും പരിസരപ്രദേശങ്ങളിലെയും മഞ്ഞുരുകിയുണ്ടായ പ്രളയം ഇതെല്ലാം മലയാളി ടി വിയിലും വാട്‌സ് ആപിലും കണ്ട് ആസ്വദിക്കുന്ന കാഴ്ചകള്‍ മാത്രം. അതു കൊണ്ടു തന്നെയാവാം പാരിസ്ഥിതിക രാഷ്ട്രീയം സാഹിത്യത്തില്‍ വലുതായി കടന്നു വരാത്തതും. എങ്കിലുംപാരിസ്ഥിതിക രാഷ്ട്രീയം പ്രമേയമാക്കി രചനകള്‍ ഉണ്ടാവുന്നുണ്ട്. ഇവരൊന്നും അതിന്റെ കമ്പോള സാധ്യതകള്‍ നോക്കിയല്ല എഴുതുന്നത്. അവരുടെ ആശങ്കകളില്‍ നിന്നാണ് ഇത്തരം സാഹിത്യം വരുന്നത്. കേരളത്തില്‍ എപ്പൊഴെല്ലാം പ്രകൃതിക്കു വേണ്ടിയുള്ള മുറവിളികള്‍ ഉണ്ടായിട്ടുണ്ട് അപ്പോഴെല്ലാം രാഷ്ട്രീയവും വന്‍കിടമാഫിയകളും അവയ്‌ക്കെതിരെ രംഗത്തു വന്നിട്ടുമുണ്ട്. കൃതികള്‍ വേണ്ടത്ര വിശകലനം ചെയ്യപ്പെടാതെ പോകുന്നത് അത്തരം ഇടപെടലുകള്‍ കൊണ്ടു കൂടിയാവാം. ജനങ്ങള്‍ക്കിടയില്‍ അത്തരം കൃതികള്‍ പ്രചരിക്കുകയും അതിന്റെ അപകടങ്ങളെക്കുറിച്ച് അവര്‍ ബോധവാന്‍മാരുകയും ചെയ്താല്‍ ബുദ്ധിമുട്ടാവും എന്നു കരുതിയുമാവാം പാരിസ്ഥിതിക രാഷ്ട്രീയം പ്രമേയമാക്കിയ കൃതികള്‍ ആഘോഷിക്കപ്പെടാത്തത്.

? എഴുത്ത് സര്‍ഗാത്മക പ്രവര്‍ത്തനത്തേക്കാളുപരി രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ്. എഴുത്തുകാരി എന്ന നിലയില്‍ താങ്കളുടെ നിലപാടുകള്‍ എന്തൊക്കെയാണ്.

സമൂഹത്തോടുള്ള ചോദ്യങ്ങളാണ് എനിക്ക് എഴുത്ത്. നിലപാടുകളും ആശങ്കകളും ആശയങ്ങളും ചുറ്റുമുള്ള ലോകത്തോടു പങ്കിടലാണ് അത്. ചുറ്റും നടക്കുന്ന അനീതികള്‍ക്കെതിരെ നിശ്ശബ്ദമായെങ്കിലും കലഹിക്കാറുണ്ട്. കുട്ടിക്കാലം മുതല്‍ ശരിയല്ല എന്നു തോന്നിയ കാര്യങ്ങളെക്കുറിച്ച് ചോദ്യം ചോദിക്കാനുള്ള ത്വര ഉള്ളിലുണ്ടായിരുന്നു. അക്കാര്യത്തില്‍ ഉപ്പയായിരുന്നു എന്റെറോള്‍ മോഡല്‍. പഠന-ജോലി തീരുമാനങ്ങളിലും വേഷത്തിലും കാഴ്ചപ്പാടിലുമെല്ലാം വ്യവസ്ഥിതിക്കനുസരിച്ചു പോകാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടുണ്ട്. പ്രതിലോമമായ ധാരാളം ഇടപെടലുകള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ പരുക്കേല്‍ക്കുക സ്വാഭാവികം. അക്കാലങ്ങളില്‍ നീരസം തോന്നിയിട്ടുള്ളവര്‍ക്കും പില്‍ക്കാലങ്ങളില്‍ നമ്മുടെ ശരികളോട് യോജിക്കാനായി എന്നത് സന്തോഷകരമായ കാര്യമാണ്. വ്യവസ്ഥിതിക്കനുസരിച്ചു പോയിരുന്നെങ്കില്‍ ഒരിക്കലും ഉയര്‍ന്ന വിദ്യാഭ്യാസമോ ജോലിയോ സാമ്പത്തിക സുരക്ഷിതത്വമോ എഴുത്തുകാരി എന്ന സ്വത്വമോ ഉണ്ടാവില്ലായിരുന്നു. ചുറ്റും നടക്കുന്ന അലസമായ വ്യവസ്ഥക്കനുസരിച്ച് അങ്ങനെയങ്ങു പോയിക്കളയാം എന്ന് ഇപ്പോഴും തോന്നാറില്ല. വീട്ടിലാണെങ്കിലും തൊഴിലിടങ്ങളിലായാലും കൂടുതല്‍ നമുക്കെന്തു ചെയ്യാനാവും എന്ന് അന്വേഷിക്കാറുണ്ട്. മറ്റുള്ളവര്‍ക്കു കൂടി ഉപകരിക്കുന്ന രീതിയില്‍ പരമാവധി കാര്യങ്ങള്‍ തീര്‍പ്പാക്കാനാവുമോ എന്ന് പരിശോധിക്കാറുണ്ട്.

തീര്‍ച്ചയായും സര്‍ഗാത്മകപ്രവര്‍ത്തനമെന്ന നിലയിലല്ല എഴുതാന്‍ തുടങ്ങിയത്. ഉള്ളില്‍ അടക്കിപ്പിടിച്ചിരുന്ന കുറേയേറെ കാര്യങ്ങള്‍ പരമാവധിയുച്ചത്തില്‍ പുറംലോകത്തോടു വിളിച്ചു പറയാന്‍ അന്തര്‍മുഖിയായ ഒരു പെണ്‍കുട്ടി തിരഞ്ഞെടുത്ത വഴിയായിരുന്നു അത് എന്നു പറയാം. ജീവിതത്തിന്റെ ആ പ്രത്യേക ഘട്ടത്തില്‍ എഴുതിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഉന്‍മാദത്തിലേക്കോ മരണത്തിലേക്കോ ഇറങ്ങിപ്പോകുമായിരുന്നു ഞാന്‍.

? ദുനിയ പോലൊരു കൃതി കൃത്യമായ രാഷ്ട്രീയതലങ്ങളെ ആഖ്യാനം നിര്‍വ്വഹിച്ച നോവലാണ്. മഞ്ഞനദികളുടെ സൂര്യന്‍ എത്തുമ്പോള്‍ എഴുത്തുജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്.

ദുനിയ ഒരു പ്രത്യേക അവസ്ഥയില്‍ എന്നിലേക്കെത്തിയ വിഷയമാണ്. ഗുജറാത്ത് കലാപത്തിനു മുമ്പേ എഴുത്തിത്തുടങ്ങി പാതി വഴിയില്‍ നിര്‍ത്തി വച്ചതായിരുന്നു ആ നോവല്‍. പിന്നീട്, സ്വതന്ത്ര്യ ഇന്ത്യ അഭിമൂഖീകരിച്ച തീവ്രമായ വേദന നിറഞ്ഞ ആ കാലഘട്ടത്തിലൂടെ കടന്നു പോകുക കൂടി ചെയ്തപ്പോള്‍ അതിന്റെ കൈവഴികള്‍ കൂടുതല്‍ തെളിഞ്ഞു വരികയായിരുന്നു. 2013 ലാണ് ദുനിയ പ്രസിദ്ധീകരിച്ചത്. ഇന്നാണ് അത് എഴുതിയിരുന്നതെങ്കില്‍ കുറച്ചു കൂടി കാലുഷ്യം നിറഞ്ഞ ഭാഷയിലായിരിക്കുമെന്നു തോന്നാറുണ്ട്. അതെഴുതുമ്പോളുണ്ടായിരുന്ന തെളിമ എന്റെ മനസ്സിന് നഷ്ടമായിരിക്കുന്നു.

മഞ്ഞനദികളുടെ സൂര്യന്‍ 2017 ആഗസ്റ്റിലാണ് പുറത്തിറങ്ങുന്നത്. അടിയന്തിരാവസ്ഥക്കാലത്തായിരുന്നു എന്റെ ജനനം. ഭരണകൂടഭീകരതയെക്കുറിച്ചുള്ള കഥകള്‍കേട്ടാണ് വളര്‍ന്നത്. അതൊടൊപ്പം തന്നെ നക്‌സലൈറ്റുകളെക്കുറിച്ചും അക്കാലങ്ങളില്‍ ധാരാളം കേട്ടറിഞ്ഞു. അല്പം ചിന്തയും വിദ്യാഭ്യാസവുമുള്ള രണ്ടുപേര്‍ കൂടിയാലുടന്‍ രാജ്യത്തു നടക്കുന്ന അന്യായങ്ങളേയും അതിനെതിരെ പോരാടാനിറങ്ങിയ ഒരുകൂട്ടമാളുകളെയും കുറിച്ച് അടക്കിപ്പിടിച്ചു പറയുന്നത് കളികള്‍ക്കിടയില്‍ കേട്ടിരിക്കാന്‍ അന്ന് ഭീതി കലര്‍ന്ന ഒരു ആനന്ദമായിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വായനയും ചിന്തയുമുള്ള,എന്നെ മനസ്സിലാക്കുന്ന,എന്റെ ഭ്രാന്തുകളെ തിരിച്ചറിയുന്ന അപൂര്‍വ്വം ചിലരെ കണ്ടുമുട്ടി. അദ്ധ്യാപകരായി,സുഹൃത്തുക്കളായ,എഴുത്തുകാരായി ജീവിതത്തിന്റെ ഓരോ ദശകളിലും അവരുണ്ടായിരുന്നു. വസന്തത്തിന്റെ ഇടിമുഴക്കം കാത്തിരുന്നതിന്റെ നിരാശയായിരുന്നു അവരില്‍പ്പലരേയും നിതാന്ത ദുഃഖിതരാക്കിയത് എന്ന് പിന്നീട് തിരിച്ചറിയാനായി. കാലം കൂടുതല്‍ കലുഷമാവുകയും രക്ഷകന്റെ വരവ് നീണ്ടുപോവുകയും ചെയ്യുന്ന നിരാശാഭരിതമായ അവസ്ഥയില്‍ കണ്ടുമുട്ടിയ ചിലരുടെ അനുഭവങ്ങളും പ്രതീക്ഷകളും രേഖപ്പെടുത്തേണ്ടത് എന്റെ കൂടി കടമയാണെന്ന തോന്നലില്‍ നിന്നാണ് മഞ്ഞനദികളുടെ സൂര്യന്‍ പിറന്നത്. ഉത്തരകേരളത്തിലുണ്ടായ മാവോയിസ്റ്റ് അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാം രചനയ്ക്ക് പ്രചോദനമായി. പൂര്‍ണ്ണമായും ഇത് ഒരു നക്‌സല്‍ കഥയല്ല. പ്രണയവും വിരഹവുംസ്ത്രീയവസ്ഥകളുംപുതുകാലത്തിന്റെ മാനസികസഞ്ചാരവുമെല്ലാം ചേര്‍ന്നതാണ്. ദുനിയയില്‍ നിന്ന് മഞ്ഞനദികളിലേക്കെത്തുമ്പോള്‍ ചിന്തകള്‍ കൂടുതല്‍ കലുഷമായി,ആശങ്കകള്‍ പ്രതീക്ഷകളെ മറികടക്കാന്‍ ശ്രമിക്കുന്നു എന്നിങ്ങനെയുള്ള ആധികള്‍ ബാക്കിയാവുന്നു.

? സാമൂദായിക അടിസ്ഥാനത്തില്‍ എഴുത്തുകാരികളെ വിലയിരുത്തുകയും അതുവഴി പുരസ്‌കാരങ്ങള്‍ നല്‍കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്ന ഫാസിസ്റ്റു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എഴുത്തുകാരിയെന്ന നിലയില്‍ നേരിയേണ്ടി വന്ന വെല്ലുവിളികള്‍.

സാമൂദായികാടിസ്ഥാനത്തില്‍ കലാകാരന്‍മാരെ വിലയിരുത്തുന്നത് പുതുമയുള്ള കാര്യമല്ല എന്നാണ് തോന്നുന്നത്. പ്രശസ്തരായ പല കലാകാരന്‍മാരും ജാതി-മതകാരണങ്ങളാല്‍ അധിക്ഷേപിക്കപ്പെട്ട കഥകള്‍ മുന്‍പും തുറന്നു പറഞ്ഞിട്ടുണ്ട്. സെക്യുലര്‍ ആയ ഒരു പേരാണ് എന്റേത്!അതില്‍ നിന്ന് ജാതിയും മതവുമൊന്നും തിരിച്ചറിയാനാവില്ല എന്നത് വലിയ സന്തോഷം തരാറുണ്ട്. എന്നിരുന്നാലുംപത്തിരുപതു വര്‍ഷം മുന്‍പ്,എഴുതിത്തുടങ്ങിയ ആദ്യകാലങ്ങളില്‍ കഥകള്‍ അയക്കുമ്പോള്‍ അഡ്രസ്സില്‍ വീടിന്റെ പേരായ ‘ഹസീന കോട്ടേജ്’ എന്നത് ചേര്‍ക്കുമ്പോള്‍ പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ചിരുന്ന അതേ കഥകള്‍ തിരുത്തലൊന്നും വരുത്താതെ വീടിന്റെ പേരിനു പകരം ഹൗസ് നമ്പര്‍ വച്ച് അയക്കുമ്പോള്‍ അതേ മാസികകളില്‍ത്തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്! ഇത് വര്‍ഗീയതയോ ഫാസിസമോ എന്നു ഞാന്‍ ആരോപിക്കുന്നൊന്നുമില്ല. അന്നുമിന്നും എനിക്കത് വലിയ തമാശയായാണ് തോന്നിയിരുന്നത്. പിന്നെ മതത്തിന്റെ/സമുദായത്തിന്റെ പേരില്‍ ആരെങ്കിലും വിലയിരുത്തുന്നുണ്ടോ, പുരസ്‌കാരങ്ങള്‍ നല്‍കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നുണ്ടോ എന്നൊന്നും വേവലാതിപ്പെടുന്നേയില്ല. ഒരു പുരസ്‌കാരത്തിനും വേണ്ടി ആരോടും ശുപാര്‍ശ ചെയ്യാന്‍ പോയിട്ടില്ല. എന്നിലേക്കു വന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു. ജൂറിമാരില്‍ ഭൂരിഭാഗവും വ്യക്തിപരമായി അറിയുന്നവരോ എന്റെ സമുദായത്തിലോ മതത്തിലോ താല്‍പര്യമുള്ളവരോ ആയിരുന്നില്ല. പുരസ്‌കാരങ്ങള്‍ക്കൊപ്പം തിരസ്‌ക്കാരങ്ങളുമുണ്ട്. പക്ഷേ അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. എഴുത്തിലേക്ക് അറിയാതെ വന്നെത്തിയതാണ് ഞാന്‍. വീട്ടിലോ കുടുംബത്തിലോ പരിചയത്തിലോ ഒരാളും തന്നെ മുന്‍പ് സാഹിത്യമെഴുതി പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു വഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു ഞാന്‍.

എഴുതാനുള്ള സ്ഥലവും സമയവും കണ്ടെടുക്കുക എന്നതു തന്നെയാണ് വെല്ലുവിളി. എഴുത്ത് തടസ്സപ്പെടുത്താന്‍ ഒരു നൂറുകാര്യങ്ങളുണ്ടാവും. എഴുതാന്‍ ഒരേയൊരു കാരണമേയുള്ളൂ. അത് ഭഎനിക്ക് എഴുതിയേ പറ്റൂ ഭഎന്ന മാനസികാവസ്ഥയുണ്ടാവുക എന്നതാണ്. എഴുതിയത് വായനക്കാരിലേക്കെത്തിക്കുക എന്നതും അല്‍പം പ്രയാസമുള്ള കാര്യം തന്നെ. നമ്മള്‍ ഉദ്ദേശിക്കുന്ന സമയത്ത് ശരിയായ വായനക്കാരനിലേക്കെത്താന്‍ പലപ്പോഴും തടസ്സങ്ങള്‍ ഉണ്ടായേക്കാം. അതിനേക്കാളേറെ വെല്ലുവിളിയായിത്തോന്നുന്നത് സ്വയം പുതുക്കിക്കൊണ്ടിരിക്കുക എന്നതാണ്. ഇതുവരെ എഴുതിയതിനേക്കാള്‍ മികച്ചതായിരിക്കണം അടുത്തത് എന്ന ആഗ്രഹം. അതിനു വേണ്ടിയുള്ള അന്വേഷണം.

? നവമാധ്യമങ്ങളിലടക്കമുള്ള മാധ്യമങ്ങളിലൂടെ സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന വായനക്കാരനെ പരമ്പരാഗത എഴുത്തുരീതികള്‍ക്കു സ്വാധീനിക്കാന്‍ കഴിയുമോ. താങ്കളുടെ സാഹിത്യകൃതികള്‍ക്കു ലഭിച്ച പ്രതികരണങ്ങള്‍.

തീര്‍ച്ചയായും നല്ല വായനക്കാരന്‍ എഴുത്തുകാരനെ കവച്ചുവയ്ക്കുന്നവനാണ്. എഴുത്തുകാരെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ അവരുടെ കൈയ്യിലുണ്ട്. എഴുത്തുകാരന്‍ കാണാത്ത കാഴ്ചകള്‍ തുറന്നിട്ട് അവര്‍ എഴുത്തുകാരനെ വിസ്മയിപ്പിക്കാറുണ്ട്. സ്വാഭാവികമായും വായനക്കാരനെ ചേര്‍ത്തുപിടിക്കേണ്ടത് എഴുത്തുകാരന്റെ ആവശ്യമാണ്. അതിനായി എഴുത്തുകാരനും സ്വയം നവീകരിച്ചു കൊണ്ടിരിക്കേണ്ടതുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയ സജീവമായതിനാല്‍ കഥ വായിച്ചയുടനെ കഥാകൃത്തിലേക്ക് തടസ്സമില്ലാതെ നേരിട്ട് എത്താന്‍ കഴിയുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. കഥ പ്രസിദ്ധീകരിച്ചു വന്നാലുടനെ അഭിപ്രായം പറയുന്നവരുണ്ട്. വായിച്ച് ആസ്വദിക്കുകയും ഒന്നും പറയാതിരിക്കുകയും ചെയ്യുന്നവരുമുണ്ട്. നിശ്ശബ്ദമായി പിന്‍തുടരുന്നവരാണവര്‍. എഴുതിയതൊന്നും ഗൗനിക്കാതെ മുഖം തിരിച്ചിരിക്കുന്നവരുമുണ്ട്. നല്ലതും ചീത്തയും പറഞ്ഞു തരുന്നവരുണ്ട്. കൂടുതല്‍ മുന്നോട്ടുപോകാന്‍ പ്രതീക്ഷകള്‍ പകരുന്നവരുണ്ട്. വായിച്ച് ഒപ്പം കരഞ്ഞവരും അസ്വസ്ഥരായവരും ചിരിച്ചവരുമുണ്ട്. എന്നെ എഴുതിപ്പൂര്‍ത്തിയാക്കൂ എന്നു മുന്നില്‍ വന്നു പറഞ്ഞ് കഥാപാത്രങ്ങളായവരുണ്ട്. ഗൗരവമായും അല്ലാതെയും വിമര്‍ശിക്കുന്നവരുമുണ്ട്. ഏറിയപങ്കും മറഞ്ഞിരിക്കുന്നവരാണവര്‍. ചിലപ്പോള്‍ പരിഭ്രമിച്ച ഒരു ശബ്ദമായി, ഒരു എസ് എം എസ് ആയോ ഇമെയില്‍ ആയോ ,ചിലപ്പോള്‍ പേരുപോലും വെളിപ്പെടുത്താതെ എന്നെ വന്നു തൊടാറുണ്ടവര്‍. ഓരോ വരിയെഴുതുമ്പോഴും അവരുടെ പ്രതീക്ഷാനിര്‍ഭരമായ കണ്ണുകള്‍ എനിക്ക് വെളിച്ചമാകാറുണ്ട്.

? വിവാദങ്ങള്‍ സൃഷ്ടിക്കുന്ന സാഹിത്യരചനകള്‍ മാത്രം വായിക്കപ്പെടുന്ന പ്രവണത കേരളത്തില്‍ സജീവമാണ്. എഴുത്തുകാരിയെന്ന നിലയില്‍ താങ്കളുടെ പ്രതികരണങ്ങള്‍.

നിഷ്‌കളങ്കരായ വായനക്കാരോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണിത്. വിശുദ്ധമായ ഒരു പ്രവൃത്തിയായാണ് ഞാന്‍ എഴുത്തിനെ കാണുന്നത്. പുസ്തകങ്ങളും എഴുത്തുകാരും വില്പനയും വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ക്കൂടി നല്ല വായനക്കാരന്റെ എണ്ണം വര്‍ദ്ധിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വായനയാണ് ഹോബി എന്നു പറയുന്ന പലരോടും ചോദിച്ചാല്‍ അറിയാം അയാള്‍ എത്ര നല്ല പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാകുമെന്ന്. ഇവിടെയാണ് വിവാദങ്ങളും അതുവഴിയുള്ള പുസ്തകങ്ങളുടെ മഹത്വവല്‍ക്കരണവും തിരിച്ചറിയാനാവുന്നത്. വാര്‍ത്തയില്‍ ഇടയ്ക്കിടെ കേട്ടതു കൊണ്ട് ആ പുസ്തകം വായിക്കാതിരുന്നാല്‍ മോശമല്ലേ എന്നു കരുതിയാണ് പലരും ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നത്. പല വിവാദങ്ങളും ,വില്‍പ്പനയും പ്രശസ്തിയും മാത്രം ലക്ഷ്യമാക്കി ആസൂത്രിതമായി ചെയ്യുന്നവയാണ്. അറിഞ്ഞും അറിയാതെയും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പത്രാധിപന്‍മാരും പ്രസാധകരുമെല്ലാം വിവാദങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. വിവാദങ്ങളുടെ പിന്നാമ്പുറകഥകള്‍ അറിയാത്തവരാണ് ഏറിയ പങ്കും. പ്രശസ്തി നല്‍കാനും വൈറല്‍’ ആക്കാനും തയ്യാറായി ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ കലാകാരന്‍മാരെ ക്ഷണിക്കുന്ന ലോകത്ത് അതിനൊന്നും പ്രയാസമില്ല. പലപ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങുന്നതോടെ പുസ്തകവും വിസ്മൃതമാകുകയാണ് ചെയ്യാറ്. എങ്കിലും ഇതിനെല്ലാമിടയില്‍ വായിക്കപ്പെടാന്‍ യോഗ്യതയുള്ള ചില കൃതികള്‍ക്കെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

 

You must be logged in to post a comment Login