സമ്പദ് ശാസ്ത്രത്തിലെ സോഷ്യലിസ്റ്റ് ധാരയുടെ പ്രസക്തി

 

കെ.എം സന്തോഷ് കുമാര്‍

ലോകത്തെ സ്വാധീനിച്ച ഒരു സമ്പദ് ശാസ്ത്രമേയുള്ളൂ. അത് മാര്‍ക്‌സിയന്‍ സമ്പദ് ശാസ്ത്രമാണ് എന്നാണ് ചരിത്രം പറയുന്നത്. മൂലധനം എന്നത് ഒന്നാമതും രണ്ടാമതും മൂന്നാമതും രാഷ്ട്രീയ സമ്പദ് ശാസ്ത്ര ഗ്രന്ഥമാണ്. മൂലധനത്തെയും അധികാരത്തെയും സംബന്ധിച്ച ഗാന്ധിയന്‍ ദര്‍ശനം ട്രസ്റ്റീഷിപ്പ് തിയറി ആയിരുന്നു. പക്ഷേ അത് ലോകം അംഗീകരിച്ചതായി കേട്ടിട്ടില്ല. സമ്പദ് ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന സ്‌കോട്ട്‌ലെന്‍ഡ്കാരനായ ആഡം സ്മിത്തിന് ക്യാപിറ്റലസിന്റെ പിതാവെന്നും അപര നാമമുണ്ട്. പ്രാചീനമായ ഭാരതീയ സമ്പദ് ശാസ്ത്രം കൗടില്യന്റെ അര്‍ത്ഥശാസ്ത്രം ആയിരുന്നു. അത് ആധുനിക ലോകത്ത് പരക്കെ സ്വീകരിക്കപ്പെട്ടതായി അറിയില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യ പകുതിയില്‍ ലോകം മഹാമാന്ദ്യത്തെ അഭിമുഖീകരിച്ചപ്പോഴാണ് മുതലാളിത്ത ലോകം അതിജീവനത്തിനായ് പുതിയൊരു സാമ്പത്തിക നയത്തെക്കുറിച്ച് ആലോചിക്കുന്നത്. സ്റ്റാഗ്ഫളാഷന്‍ എന്ന മുരടിപ്പ് പ്രതിഭാസത്തെ മറികടക്കാന്‍. പക്ഷേ ദീര്‍ഘായുസ്സുള്ള ഒരു സാമ്പത്തിക ദര്‍ശനവും ഉണ്ടായില്ല. രണ്ടാം ലോക യുദ്ധത്തിന് ശേഷം ഐഎംഎഫ് ഉം ലോകബാങ്കും രൂപം കൊണ്ടപ്പോള്‍ ആണ് പുതിയ ലോകക്രമത്തിന് അനുയോജ്യമായ ഒരു സാമ്പത്തിക നയത്തിനായുള്ള അന്വേഷണം മുതലാളിത്ത ലോകം രൂപപ്പെടുത്തുന്നത്. അത് പഴയ കൊളോണിയല്‍ വാഴ്ച്ച അസാധ്യമെന്ന് തിരിച്ചറിഞ്ഞ ആഗോള സാമ്രാജ്യത്വ ലോകത്തിന്റെ പുത്തന്‍ കൊളോണിയല്‍ ചൂഷണ തന്ത്രം തന്നെയായിരുന്നു. കെയ്‌നീഷ്യന്‍ സാമ്പത്തിക നയം അതിന്റെ പരിണിതിയാണ്. എന്നാല്‍ അതും പല തലങ്ങളിലുള്ള വെല്ലുവിളികള്‍ നേരിട്ടു. താച്ചറിസം, റെയ് ഗെണോമിസം എന്നൊക്കെ വിവക്ഷിക്കപ്പെടുന്ന ചില പൊടിക്കൈകളും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ആഗോളികരണ ലോക സാഹചര്യത്തില്‍ ആണ് ഇന്നത്തെ നവ- ലിബറല്‍ നയങ്ങള്‍ ആധിപത്യത്തില്‍ വരുന്നത്.

വിപ്ലവാനന്തര റഷ്യയില്‍ ലെനിന്‍ മുന്നോട്ടു വച്ച പുത്തന്‍ സാമ്പത്തിക നയം, എന്നാല്‍ പുതിയ സവിശേഷ സാഹചര്യത്തിനനുസരിച്ചുള്ള താല്‍ക്കാലിക പരിഷ്‌ക്കരണ നയമായിരുന്നു. പൊതു ഉടമസ്ഥതക്ക് മുന്‍പുള്ള പങ്കാളിത്ത ഉടമസ്ഥതയിലൂന്നിയ നിലപാടായിരുന്നു അത്. എന്നാല്‍ ജീവ് ഗാന്ധി ഇന്‍ഡ്യയില്‍ നടപ്പിലാക്കിയ പുത്തന്‍ സാമ്പത്തിക നയം പേരിലെ സമാനതയല്ലാതെ ഉള്ളടക്കത്തില്‍ ഒന്നായിരുന്നില്ല. തികഞ്ഞ മുതലാളിത്ത ദാസ്യനയമായിരുന്നു അത്. മന്‍മോഹന്‍ സിങ് നടപ്പിലാക്കിയ നയവും പൂര്‍ണ്ണമായും പുതിയ കോര്‍പ്പറേറ്റ് ആധിപത്യ ലോക ക്രമത്തിന്റെ സാമ്പത്തിക പരിഷ്‌ക്കാരമായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനാകട്ടെ പുതിയൊരു സാമ്പത്തിക നയം ഉള്ളതായ് അവര്‍ പറഞ്ഞിട്ടില്ല. മന്‍മോഹന്‍ സിങ് നയത്തിന്റെ തുടര്‍ച്ച മാത്രം.

ചുരുക്കത്തില്‍ ലോകവും അതിലെ ഏതു രാജ്യവും ഒരു സാമ്പത്തിക നയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൊതുവില്‍ ഇടതുപക്ഷ സ്വഭാവമുള്ള സാമ്പത്തിക ദര്‍ശനങ്ങളുടെ വക്താവാണ് നോബല്‍ ജേതാവ് അമര്‍ത്യാസെന്‍. (ലെഫ്റ്റ് നയങ്ങളാണോ അദ്ദേഹത്തിന്റേത് എന്നതില്‍ വിശദാംശങ്ങളില്‍ പലര്‍ക്കും വിയോജിപ്പുകളുണ്ട്). സാര്‍വ്വദേശീയ മായ് നിരീക്ഷിക്കുമ്പോള്‍ മാര്‍ക്‌സിയന്‍ – സോഷ്യലിസ്റ്റ് സാമ്പത്തിക ദര്‍ശനത്തിന് ബദലായ് മറ്റൊരു സിദ്ധാന്തം നാളിതുവരെ രൂപപ്പെട്ടിട്ടില്ല. മുതലാളിത്തം ലോകത്ത് ആവിഷ്‌ക്കരിക്കുന്ന ഒരോ പരിഷ്‌ക്കരണ – അതിജീവന നയവും താല്ക്കാലിക ഉണര്‍വ്വിന് ശേഷം, ആഴമേറിയ പ്രതിസന്ധിയെ നേരിടുന്നതാണ് കാണാനാവുന്നത്. ഇത് സാമ്രാജ്യത്വ സാമ്പത്തിക വിദഗ്ധര്‍ വരെ അംഗീകരിക്കുന്നതുമാണ്. മൂലധനത്തിന്റെ കേന്ദ്രീകരണവും അതു സൃഷ്ടിക്കുന്ന സമൂഹത്തിന്റെ പാപ്പരീകരണവും, സമ്പന്ന – ദരിദ്ര വിടവ് വലുതാകലും, സാമ്പത്തിക അസമത്വത്തിന്റെ ഭീതിദമായ അവസ്ഥയുമൊന്നും പരിഹരിക്കാനാവുന്നില്ല. ഇന്നത്തെ ലോകസാഹചര്യത്തില്‍, ഇടതു നയത്തിലധിഷ്ഠിതവും ഓരോ രാജ്യത്തിന്റേയും സവിശേഷതകള്‍ക്കനുസരിച്ച് സ്വാശ്രിതവുമായ ഒരു സാമ്പത്തിക പരിപാടിക്ക് പ്രായോഗികമായ് മേല്‍ക്കൈ നേടാനായിട്ടില്ലെന്നത് യാഥാര്‍ത്ഥൃമാണ്. ഇന്നത്തെ സാമ്രാജ്യത്വ ആധിപത്യ സാഹചര്യത്തില്‍ അത് പ്രയാസമേറിയതുമാണ്. പക്ഷേ ലോക ജനതക്ക്, മര്‍ദ്ദിത – വികസ്വര രാജ്യങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന ഒന്ന് അത് മാത്രമാണ് എന്നത് സ്വയം സംതൃപ്തിക്കുള്ള സമാധാനിക്കലല്ല, മറിച്ച് ലോകത്തിന്റെ ചലന നിയമമറിയുന്ന ആര്‍ക്കുമുണ്ടാകുന്ന തിരിച്ചറിവാണ്. സോവിയറ്റ് യൂണിയനെക്കുറിച്ചും ചൈന അടക്കമുള്ള അക്കാലത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളേക്കുറിച്ചും എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉള്ളപ്പോഴും ആ രാജ്യങ്ങളില്‍ ഒക്കെതന്നേ ദാരിദ്ര്യം ഏറെക്കുറെ നിര്‍മാര്‍ജനം ചെയ്തിരുന്നു എന്നതും വിദ്യാഭ്യാസ- അക്കാദമി കേതര രംഗങ്ങളില്‍ മുന്നേറിയിരുന്നതും ശാസ്ത്ര – സാങ്കേതിക രംഗത്തടക്കം വികസനരംഗത്ത് വലിയ മുന്നേറ്റം നേടിയിരുന്നു എന്നതടക്കമുള്ള വസ്തുതകള്‍ ആരും സമ്മതിക്കുന്നതാണ്.

അതിനൊക്കെ അടിത്തറയായി വര്‍ത്തിച്ചത്, മുതലാളിത്ത – ലാഭാധിഷ്ഠിത മാത്രമായ – ചൂഷത്തിലൂന്നിയ, സാമ്പത്തിക – വികസന നയത്തിന് ബദലായി, ജന താല്പര്യത്തിലൂന്നിയ , ഒരു സോഷ്യലിസ്റ്റ് നയമാണ്. കമ്യൂണിസ്റ്റ് വിരുദ്ധതയുടേയും അന്ധമായ സോഷ്യലിസ്റ്റ് വിരേധത്തിന്റെയും കണ്ണാടി മാറ്റി നോക്കിയാല്‍ ഇത് ബോധ്യപ്പെടും. സോഷ്യലിസ്റ്റ് ദര്‍ശനത്തെ, ഇന്‍ഡ്യ പോലുള്ള ഒരു രാജ്യത്തെ, ഇടതു നയവ്യതിയാനം സംഭവിച്ച , പാര്‍ലമെണ്ടറി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയ – പരാജയ വിഷയത്തിലേക്ക് ചുരുക്കിക്കാണുന്നത് ശരിയായ കാര്യമല്ല. ലോകവും രാജ്യവും സങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍, അതിനുള്ള ബദലുകളെ കുറിച്ചുള്ള അന്വേഷണം, അതിനനുയോജ്യമായ വിശാല ക്യാന്‍വാസില്‍ തന്നെയാകണം. വിഭവ സമൃദ്ധവും മനുഷ്യശേഷിയേറിയതുമായ നമ്മുടെ നാടിനെ സമൃദ്ധിയിലേക്ക് നയിക്കുവാന്‍ ശരിയായ ദിശാബോധത്തില്‍ ഊന്നി ഇവയൊക്കെ പ്രയോജനപ്പെടുത്തുന്ന ഒരു നിലപാടിന് സാധ്യമാകാവുന്നതേയുള്ളു. അതിന് ദീര്‍ഘവീക്ഷണവും ചരിത്രബോധത്തോടെയുള്ളതുമായ ഒരു സാമ്പത്തിക നയപരിപാടി അനുപേക്ഷണീയമാണ്. ഇടതു സാമ്പത്തിക നയങ്ങളെ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കാനും ഗുണാത്മകമായ് ഉപയോഗപ്പെടുത്താനും കഴിഞ്ഞാല്‍ അതാവും ഭാവിയെ പ്രതീക്ഷാ ഭരിതമാക്കുന്നത്…

 

You must be logged in to post a comment Login