സയാന്‍ ഷഫീഖ്: കശ്മീരിന്റെ സക്കര്‍ബര്‍ഗ്

  • ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി

2017 മെയ് 27 ന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്‌സാര്‍ ബട്ടിന്റെ മരണം… 2016 ജൂലൈയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനി… മഞ്ഞുറഞ്ഞ്്് മരങ്ങള്‍ പോലും പനിച്ചുവിറച്ചു കിടക്കുന്ന താഴ്‌വരയില്‍ പോലീസും പൗരന്‍മാരും പരക്കം പായുന്ന തെരുവുകള്‍… അതിശക്തമായ പ്രതിഷേധങ്ങള്‍… സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ഇരുനൂറില്‍പരം തീവ്രവാദികള്‍… ഒരിക്കലുമവസാനിക്കാത്ത അശാന്തിയുടെ കോലാഹലങ്ങള്‍… എന്നിട്ടും ശ്രീനഗര്‍ എന്ന തലസ്ഥാനനഗരവും പ്രാന്തപ്രദേശങ്ങളും വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും കാത്ത്, സമോവാറില്‍ കല്‍ക്കരി നിറച്ച് നെരിപ്പോടിനരികില്‍ കാത്തിരുന്നു.

പഠനത്തിനിടയില്‍ രണ്ട്് ടൂറിസ്റ്റുകളെ കിട്ടിയാല്‍ സ്‌കൂള്‍ ചിലവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാം എന്ന ചിന്തയില്‍ പെടാപ്പാട് പെടുന്ന നിരവധി ചെറുപ്പക്കാരുണ്ടിവിടെ. എന്നാല്‍ അവര്‍ക്ക് ഇരുട്ടടിയായി സുരക്ഷിതത്വം മുന്‍നിര്‍ത്തി, സോഷ്യല്‍ മീഡിയയായ ഫെയ്‌സ് ബുക്കും ട്വിറ്ററും സ്‌കൈപ്പും നിയന്ത്രിക്കപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്യുന്നു. ഇവിടെയാണ് വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ‘സമാധാനത്തിന്റെ ജിഹാദുകാര’നായി സയാന്‍ ഷഫീഖ് എന്ന കാശ്മീരി ബാലന്‍ ഇന്റര്‍നെറ്റിന്റെ വളരെ പരിമിതമായ കശ്മീരി സാധ്യതയെ ഉപയോഗിച്ച് ഒരു സോഷ്യല്‍ മീഡിയാ മണ്‍ചിരാത് തെളിയിക്കുന്നത്. പത്താം ക്ലാസുകാരനായ സയാന്‍ ഷഫീഖിനെ 2013 മുതല്‍ വേട്ടയാടിയ ചിന്തകള്‍ അവന്റെ പഠനത്തെ സഹായിക്കുന്ന ഇന്റര്‍നെറ്റ് ബെയ്‌സ്ഡ് ടൂറിസ്റ്റ് അട്രാക്റ്റിങ് മീഡിയ ഒന്നുമാത്രമായിരുന്നു. അതിനുള്ള മറുപടിയാണ് ഈ കൊച്ചുപയ്യനെ കശ്ബുക്ക് ( കശ്മീരി ഫെയ്‌സ് ബുക്ക്) എന്ന പേരില്‍ ലോകത്തെവിടെയുമുള്ള കശ്മീരികള്‍ക്ക്്് പരസ്്പരം ബന്ധപ്പെടാനുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍കിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.

ആവശ്യമാണ് സകല കണ്ടുപിടുത്തങ്ങളുടെയും മാതാവ് എന്ന ആപ്തവാക്യം ഒന്നുകൂടി ശാക്തീകരിക്കപ്പെടുകയാണ് ഷഫീഖിലൂടെ. ലോകത്ത് അതിശക്തമായ സാന്നിദ്ധ്യമറിയിച്ച ഫെയ്‌സുബുക്കും വാട്‌സാപ്പുമടക്കമുള്ള ഇരുപത്തിരണ്ടില്‍പരം സാമൂഹ്യമാധ്യമങ്ങള്‍ ദേശവിരുദ്ധ നടപടികള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്റെ തിരിച്ചറിവാണ് സുരക്ഷാപ്രവര്‍ത്തകരെയും ഭരണകൂടത്തെയും ഇവയ്‌ക്കെതിരെ ജാഗരൂകരാക്കുന്നത്. ഇവയൊക്കെ നിരോധിക്കുക എന്നത് മാത്രമെ പ്രായോഗികമായി, ഭരണകൂടത്തിന് സാധ്യമാകൂ. എവിടെയെങ്കിലും ഒരു വെടിപൊട്ടിയാല്‍, ആരെങ്കിലും ഒരു പെല്ലറ്റിനാല്‍ ആക്രമിക്കപ്പെട്ടാല്‍ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം (AFCA)പട്ടാളത്തിന്റെ കൈകളോ ആയുധങ്ങളോ ആര്‍ക്കെങ്കിലും എതിരെ നീണ്ടുവെന്ന് ഒരു കിംവദന്തി പരന്നാല്‍, ഒരു ജിഹാദി കൊല്ലപ്പെട്ടു എന്നുകേട്ടാല്‍ സംഘര്‍ഷഭരിതമാകുന്ന അതീവലോലമായ പരിസ്ഥിതിയാണ് കശ്മീരിന്റേത്. ആ ലോലഭാവം ക്രുദ്ധമാകാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരക്കുന്ന നേരായതും മെനഞ്ഞുണ്ടാക്കുന്നതുമായ മെസേജുകള്‍ പലപ്പോഴും കാരണമാകുന്നു. ഭൂമിയിലെ സ്വര്‍ഗത്തില്‍ ആ മെസേജുകള്‍ ചോരച്ചാലുകള്‍ തീര്‍ക്കുന്നു എന്ന അധികൃതരുടെ മുറവിളിയില്‍ സത്യമില്ലാതില്ല. പക്ഷേ, പടച്ചുണ്ടാക്കുന്ന ഇത്തരം സന്ദേശങ്ങള്‍ക്കിടയില്‍, സ്വന്തം ജീവിതത്തിന്റെയും പഠനത്തിന്റെയും താളം തെറ്റി നിലനില്‍പ്പ് അപകടത്തിലായപ്പോഴാണ് ഷഫീഖിന്റെ മനസ്സിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിച്ച് കിട്ടുന്ന തുച്ഛമായ തുട്ടുകള്‍ക്ക് സഹായകമാകുന്ന ഒരു നെറ്റ് വര്‍ക് സാധ്യത അനിവാര്യമായത്.

തന്റെ പ്രദേശവാസികളെ, അവര്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍, പരസ്്പരം ബന്ധിപ്പിക്കുക എന്ന ഒരു ചരിത്രദൗത്യം കൂടി ഈ പതിനാറുകാരനില്‍ ഏല്‍പ്പിക്കപ്പെട്ടു എന്ന് പറയേണ്ടിവരും. സുഹൃത്തായ ഉസൈര്‍ ജാനിനെക്കൂടി കൂട്ടിന് ചേര്‍ത്ത് 2013 ല്‍ തന്നെ ‘കശ്്്്്്്്ബുക്ക’് എന്ന കാശ്മീരി ഫെയ്‌സ്ബുക്ക് അങ്ങിനെയാണ് പിറക്കുന്നത്. പക്ഷേ, ഈ വെബ്്്‌സൈറ്റിന് ഒരു കശ്മീരിവല്‍ക്കരണം സാധ്യമാകാനും,അതിനെത്തുടര്‍ന്ന് ഒരു പുനരവതരണത്തിനുമായി പിന്നെയും നാല് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഇക്കഴിഞ്ഞ മാസം രണ്ട് വരെ. പത്തായിരത്തില്‍പരം അംഗങ്ങളുണ്ട് കശ്ബുക്കില്‍ ഇപ്പോള്‍. ചൈനയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ‘വീചാറ്റ് ‘എന്ന പ്രദേശിക സോഷ്യല്‍ നെറ്റ് വര്‍ക്കിനോട്് ഏറെ സാമ്യമുണ്ട് ഇതിന് .പ്രതീക്ഷയുടെയും സമാധാനത്തിന്റെയും നിറങ്ങളായ നീലയും വെള്ളയുമാണ് ഇതിന്റെ പേജില്‍ നിറഞ്ഞു നില്‍ക്കുന്നത് വിവാദപരമായ ഫോട്ടോയും വീഡിയോയും ടെക്‌സറ്റുകളും ഫില്‍റ്റര്‍ ചെയ്യുന്നത് ഷഫീഖ് തന്നെയാണ്. ദേശവിരുദ്ധമെന്ന് തോന്നുന്നത് ഫലപ്രദമായി ബ്ലോക്ക് ചെയ്യപ്പെടുന്നതിനാല്‍ പോലീസിനും അധികൃതര്‍ക്കും കശ്ബുക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയപ്പെട്ടതായി മാറി.

ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ ആപ്പുകള്‍ സൃഷ്ടിക്കുന്നതിലൂടെ വിനിമയസാധ്യത നല്‍കുന്ന വിവരസങ്കേതിക വിദ്യയെ അടുത്തറിയുന്നതിനും ‘അഡിക്റ്റ് ‘ആയ ഷഫീഖൂം ഉസൈറും സൗന്ദര്യം മുറ്റിനില്‍ക്കുന്ന തങ്ങളുടെ താഴ്്‌വരയുടെ ഏഴഴക് നശിപ്പിക്കുന്ന യഥാര്‍ത്ഥ ലോകത്തെ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. നിലവിളികളുയരുന്ന തങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും സമാധാനത്തിന്റെ വെര്‍ച്വല്‍ ലോകത്തെക്കെത്തിച്ച് കശ്മീരി ഭാഷയില്‍ തന്നെ സംവദിക്കാനും അതിജീവിക്കാനുമായി സാങ്കേതിക വിദ്യയുടെ നല്ലവശങ്ങള്‍ ഉപയോഗപ്പെടുത്തുന്നു കശ്ബുക്ക്. അത്യാവശ്യം ചില്ലറ കൊമേഴ്‌സ്യലുകള്‍ കിട്ടുന്നത്‌കൊണ്ട് ചിലവിന് യാതൊരു മുട്ടുമില്ല. പരിമിതങ്ങളായ എന്നാല്‍ തങ്ങള്‍ക്ക് അനുയോജ്യമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ മാധ്യമം, മറ്റൊരു സക്കര്‍ബര്‍ഗിനെ സൃഷ്ടിക്കില്ലെങ്കിലും വേരുകളറക്കപ്പെട്ട ഒരു ജനതയുടെ വിലാപങ്ങളെ തെല്ലൊന്ന് ശമിപ്പിക്കാന്‍ സഹായകമാകും.

ലോകത്ത് മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം അതിജീവിക്കാനും സന്ദേശങ്ങള്‍ കൈമാറാനും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ( വി.പി.എന്‍ഡ) നെയാണ് കശ്മീരി ജനത ഉപയോഗിക്കുന്നത്. പക്ഷേ അസംതൃപ്തരായ ചിലരെങ്കിലും ഇതിലൂടെ ഭരണകൂടത്തെ ധിക്കരിക്കാനും വെല്ലുവിളിക്കാനും ഇവയുടെ സാധ്യത തേടുന്നുണ്ട്. അതില്‍ നിന്നും വിഭിന്നമായി, തങ്ങളുടെ ഭൂപ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യത്തെ പരിചയപ്പെടുത്താനും ഉല്‍പന്നങ്ങളെ വിപണിയിലെത്തിക്കാനും, ഇതേ നെറ്റ് വര്‍ക് ഉപയോഗിച്ച് കശ്ബുക്കിലൂടെ ഇവര്‍ക്കിപ്പോള്‍ സാധിക്കുന്നു. അത് നേടിക്കൊടുത്തതോ വെറുമൊരു സാധാരണ കശ്മീരി കുടുംബത്തില്‍ പിറന്ന പത്താം ക്ലാസുകാരനും.

 

You must be logged in to post a comment Login