സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം; നന്ദി അറിയിച്ച് മാതാപിതാക്കള്‍


റിയാദ്: ഈജിപ്തിലെ സയാമീസ് ഇരട്ടകളെ സൗദിയില്‍ വെച്ച് ശസ്ത്രക്രിയ നടത്തി വേര്‍പെടുത്താന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം. ശസ്ത്രക്രിയ റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ വെച്ച് നടക്കും.

ഈജിപ്തില്‍ പിറന്ന സയാമീസ് ഇരട്ടകളായ മിന്‍ഹ, മെയ് എന്നിവരെയാണ് സൗദി തലസ്ഥാനത്തു വെച്ച് ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയത്. മിന്‍ഹ, മെയ് എന്ന പരസ്പരം ഒട്ടിപ്പിടിച്ച ഇരട്ടകളെ കുടുംബത്തോടൊപ്പം റിയാദിലെത്തിച്ച് ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തിയ ശേഷം വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്താനാണ് രാജാവ നിര്‍ദേശിച്ചത്. തലസ്ഥാന നഗരിയുടെ കിഴക്കുഭാഗത്തുള്ള നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ വെച്ചാണ് വൈദ്യപരിശോധനയും ശസ്ത്രക്രിയയും നടക്കുക. കിങ് സല്‍മാന്‍ ചാരിറ്റി സെന്റര്‍ മേധാവി ഡോ. അബ്ദുല്ല അബ്ദുല്‍ അസീസ് റബീഅയുടെ മേല്‍നോട്ടത്തിലാണ് ജീവകാരുണ്യ പ്രവര്‍ത്തനം പുരോഗമിക്കുക.

തന്റെ മക്കളുടെ വൈദ്യപരിശോധനയും ശസ്ത്രക്രിയയും സൗദിയുടെ ചെലവില്‍ നടത്താന്‍ നിര്‍ദേശിച്ച സല്‍മാന്‍ രാജാവിന് ഇരട്ടകളുടെ പിതാവ് ഇസ്ലാം സഖ്ര് റമദാന്‍ ഹസന്‍ പ്രത്യേകം നന്ദി അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 ലധികം സയാമീസുകളെ വിജയകരമായി വേര്‍പ്പെടുത്തിയ ചരിത്രമുള്ള മെഡിക്കല്‍ സിറ്റിയില്‍ വെച്ച് ശസ്ത്രക്രിയ നടക്കാനുള്ള സാധ്യത ആശ്വാകരമാണെന്നും മാതാപിതാക്കള്‍ അറിയിച്ചു.

തലയുടെ പിന്‍ഭാഗം പരസ്പരം ഒട്ടിപ്പിടിച്ച ഇരട്ടകള്‍ തലച്ചോറിന്റെ ഏതാനും നാഡികള്‍ പരസ്പരം പങ്കുവെക്കുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിയാദിലെത്തിയ ശേഷം വിശദമായ വൈദ്യപരിശോധന നടത്തി ശസ്ത്രക്രിയയുടെ വിജയസാധ്യത ഉറപ്പുവരുത്തിയ ശേഷമാണ് അനന്തര നടപടികള്‍ സ്വീകരിക്കും.

You must be logged in to post a comment Login