സരിതയുടെ ദൃശ്യങ്ങള്‍: അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിതാ എസ് നായരുടെ വാട്‌സ് ആപ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം. സംഭവം ഹൈടെക് കുറ്റാന്വേഷണ സംഘം അന്വേഷിച്ചു രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വാട്‌സ് ആപ് വഴി പ്രചരണം നടത്തുന്നെന്നു കാണിച്ചു സരിത നല്‍കിയ പരാതിയിലാണു നടപടി.പോലീസ് പിടിച്ചെടുത്ത തന്റെ മൊബൈല്‍ഫോണിലുണ്ടായിരുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവിട്ടത് എ ഡി ജി പി പദ്മകുമാറാണെന്നാണു സരിതാ എസ് നായരുടെ ആരോപണം. ഇക്കാര്യമുന്നയിച്ചു സരിത സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യത്തിനും പരാതി നല്‍കിയിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഫോണിലെ ദൃശ്യങ്ങളാണു പുറത്തു വന്നതെന്നും സരിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു.സോളാര്‍ കേസ് അന്വേഷിക്കുന്ന പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തന്റെ ഏഴു മൊബൈല്‍ഫോണുകളും രണ്ടു ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരാക്കിയതു നാലു മൊബൈല്‍ഫോണുകളും ലാപ്‌ടോപ്പുകളുമായിരുന്നു. തന്റെ പഴ്‌സണല്‍ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള രണ്ടെണ്ണം ഹാജരാക്കിയില്ല. അതിലൊന്നിലെ ദൃശ്യങ്ങളാണു പുറത്തു വന്നതെന്നും സരിത പറയുന്നു.

You must be logged in to post a comment Login