സര്‍ക്കാരിന്റെ ഇംഗിതം ശബരിമലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല; ഭക്തരെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഭവിഷ്യത്ത് നേരിടണം: എം.ടി രമേശ്

കോഴിക്കോട്: ശബരിലയിലേക്കു പോകുന്ന ഭക്തരെ ചെക്ക് പോസ്റ്റുകള്‍ തയ്യാറാക്കി പൊലീസ് തടയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. ഭക്തരെ തടഞ്ഞാല്‍ അത് വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും അത് നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതായി വരും.

അയ്യപ്പനെ ബന്ദിയാക്കി സര്‍ക്കാരിന്റെ ഇംഗിതം നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ അത് കേരളത്തില്‍ അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണെന്നും എം.ടി. രമേശ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരേപ്പോലും സന്നിധാനത്തേക്ക് കടത്തിവിടാത്തത് അജണ്ടയുടെ ഭാഗമാണെന്നാണ് ബിജെപി വിശ്വസിക്കുന്നത്. സന്നിധാനത്ത് നടക്കുന്ന കാര്യങ്ങള്‍ പുറംലോകം അറിയാന്‍ പാടില്ലെന്ന നിഗൂഢമായ പദ്ധതി സര്‍ക്കാരിനുണ്ട്.

ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ച് ശബരിമല അയ്യപ്പന്‍മാരെ തല്ലിച്ചതച്ച് തങ്ങളുടെ നിക്ഷിപ്ത താത്പര്യം നടപ്പിലാക്കാനുള്ള ആസൂത്രിതമായൊരു ഗൂഢാലോചനയാണ് മാധ്യമപ്രവര്‍ത്തകരെ അടക്കം മാറ്റിനിര്‍ത്താനുള്ള നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ഇത് അപകടകരമായ കാര്യമാണ്. സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ഒന്നുകൂടി ഓര്‍മപ്പെടുത്തുന്നു. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ അതിനുള്ള ഉത്തരവാദി സംസ്ഥാന സര്‍ക്കാരായിരിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login